Skip to content

ഞാൻ ക്രീസിനുള്ളിൽ തന്നെയുണ്ട്, രാജസ്ഥാൻ റോയൽസിലേക്ക് അശ്വിനെ സ്വാഗതം ചെയ്ത് ജോസ് ബട്ട്ലർ

രാജസ്ഥാൻ റോയൽസിലേക്ക് രവിചന്ദ്രൻ അശ്വിനെ സ്വാഗതം ചെയ്ത് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോസ് ബട്ട്ലർ. മെഗാ താരലേലത്തിൽ രവിചന്ദ്രൻ അശ്വിനെ 5 കോടിയ്ക്കാണ് രാജസ്ഥാൻ റോയൽസ് ടീമിലെത്തിയത്. ഇതിനുപുറകെ അശ്വിനും ബട്ട്ലറും ഒരു ടീമിന് വേണ്ടി കളിക്കുന്നതിൻ്റെ ആവേശം ആരാധകരും മുൻ താരങ്ങളും പങ്കുവെച്ചിരുന്നു.

2019 ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസ് പഞ്ചാബ് മത്സരത്തിനിടെ നോൺ സ്ട്രൈക്കർ എൻഡിൽ ക്രീസ് വിട്ടിറങ്ങിയ ജോസ് ബട്ട്ലറെ അശ്വിൻ മങ്കാദ് ചെയ്തത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. മുന്നറിയിപ്പ് നൽകാതെ മങ്കാദ് ചെയ്ത അശ്വിനെതിരെ മുൻ താരങ്ങൾ അടക്കമുള്ളവർ വിമർശനം ഉന്നയിച്ചിരുന്നു. രോഷാകുലനായാണ് അന്ന് ജോസ് ബട്ട്ലർ ക്രീസ് വിട്ടത്. മത്സരത്തിന് ശേഷം അശ്വിന് ഹാൻഡ്ഷേക്ക് നൽകാനും ബട്ട്ലർ അന്ന് തയ്യാറായില്ല.

രണ്ട് സീസണുകൾക്ക് ശേഷം ഒരു ഫ്രഞ്ചൈസിയിൽ കളിക്കാനൊരുങ്ങുമ്പോൾ മങ്കാഡ് വിഷയം അവതരിപ്പിച്ചുകോണ്ട് തന്നെ അശ്വിനെ ടീമിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ് ജോസ് ബട്ട്ലർ.

” ഹായ് ആഷ്, ജോസാണ്, വിഷമിക്കേണ്ട ഞാൻ ക്രീസിനുള്ളിൽ തന്നെയാണ്. റോയൽസിന് വേണ്ടി പിങ്ക് ജേഴ്സിയിൽ നിന്നെകാണാൻ കാത്തിരിക്കുന്നു, നിങ്ങളുമായി ഡ്രസിങ് റൂം പങ്കിടാൻ കാത്തിരിക്കുന്നു. ” ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിൽ ബട്ട്‌ലർ പറഞ്ഞു.

വീഡിയോ ;

ലേലത്തിന് ബട്ട്ലറുമായി കൂടിയാലോചിച്ച ശേഷമാണ് അശ്വിനെ സ്വന്തമാക്കാൻ രാജസ്ഥാൻ റോയൽസ് തീരുമാനിച്ചത്. ആദ്യം ബട്ട്ലറിനോട് ഇക്കാര്യം സൂചിപ്പിച്ചപ്പോൾ മങ്കാദ് ചെയ്ത കാര്യം ഇംഗ്ലീഷ് ബാറ്റർ ഓർത്തതുപോലുമില്ലയെന്നും തുടർന്ന് താൻ അതിനെ കുറിച്ച് സൂചിപ്പിച്ചപ്പോൾ യാതൊരു പ്രശ്നവുമില്ലയെന്ന് ബട്ട്ലർ പറഞ്ഞുവെന്നും ലേലത്തിൽ അശ്വിനെ സ്വന്തമാക്കിയ ശേഷം രാജസ്ഥാൻ റോയൽസ് സിഇഒ പറഞ്ഞു. ലേലത്തിൽ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയതിൻ്റെയും ബട്ട്ലർക്കൊപ്പം കളിക്കാൻ സാധിക്കുന്നതിൻ്റെയും സന്തോഷം അശ്വിനും പങ്കുവെച്ചിരുന്നു.

” രാജസ്ഥാൻ റോയൽസ് എന്നെ തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ട്, 2018 ലെ ലേലത്തിൽ എന്നെ സ്വന്തമാക്കാൻ അവർ ശ്രമിച്ചിരുന്നു, ആ ശ്രമം ഇപ്പോൾ വിജയിച്ചിരിക്കുന്നു. ടീമിലെ എല്ലാവരുമായും എനിക്ക് നല്ല ബന്ധമുണ്ട്. സഞ്ജുവിനൊപ്പം നല്ല ബന്ധം പങ്കിടാനും യുസിയ്ക്കൊപ്പം ( ചഹാൽ ) ബൗൾ ചെയ്യാനും ഞാൻ കാത്തിരിക്കുകയാണ്. കൂടാതെ ഏറ്റവും പ്രധാനമായി ജോസ് ബട്ട്ലറുമായി ഡ്രസിങ് റൂം പങ്കിടാൻ ഞാൻ കാത്തിരിക്കുന്നു, അത് എത്രത്തോളം നല്ലതായിരിക്കുമല്ലെ ” സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ അശ്വിൻ പറഞ്ഞു.