വിരാട് കോഹ്ലിയ്ക്ക് കോൺഫിഡൻസ് വേണമെന്നോ, അവനിൽ യാതൊരു ആശങ്കയും ഞങ്ങൾക്കില്ല, കോഹ്ലിയെ പിന്തുണച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ

വിരാട് കോഹ്ലിയുടെ ഫോമിൽ യാതൊരു ആശങ്കയും ടീമിനില്ലയെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. വെസ്റ്റിഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിന് ശേഷം നടന്ന പ്രസ്സ് കോൺഫ്രൻസിലാണ് വിരാട് കോഹ്ലിയുടെ ഫോമിൽ തങ്ങൾക്ക് ആശങ്കയില്ലെന്ന് രോഹിത് ശർമ്മ വ്യക്തമാക്കിയത്.

( Picture Source : BCCI )

മൂന്നാം മത്സരത്തിൽ റണ്ണൊന്നും നേടാതെയാണ് വിരാട് കോഹ്ലി പുറത്തായത്. പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്നുമായി 26 റൺസ് മാത്രമാണ് വിരാട് കോഹ്ലി നേടിയത്. പരമ്പരയ്ക്ക് ശേഷം നടന്ന വാർത്താ സമ്മേളനത്തിലാണ് വിരാട് കോഹ്ലിയുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ ടീം മാനേജമെൻ്റ് എന്താണ് ചെയ്യുന്നതെന്ന ചോദ്യം രോഹിത് ശർമ്മയ്ക്ക് മുന്നിൽ ഉന്നയിച്ചത്. ചിരിച്ചുകൊണ്ട് ചോദ്യത്തെ തള്ളിയ ഹിറ്റ്മാൻ തകർപ്പൻ മറുപടി മാധ്യമപ്രവർത്തകന് നൽകി.

( Picture Source : BCCI )

” വിരാട് കോഹ്ലിയ്ക്ക് കോൺഫിഡൻസ് ആവശ്യമുണ്ടെന്നോ ? നിങ്ങൾ എന്തിനെകുറിച്ചാണ് സംസാരിക്കുന്നത്. അവൻ സെഞ്ചുറി നേടാത്തത് മറ്റൊരു കാര്യമാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്നും രണ്ട് ഫിഫ്റ്റി അവൻ നേടിയിരുന്നു. യാതൊരു പ്രശ്നവും ഞാൻ കാണുന്നില്ല. അവൻ്റെ ഫോമിൽ ടീം മാനേജമെൻ്റിനും ആശങ്കയില്ല. ” രോഹിത് ശർമ്മ പറഞ്ഞു.

( Picture Source : BCCI )

പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യൻ മധ്യനിരയെ അഭിനന്ദിക്കാനും രോഹിത് ശർമ്മ മറന്നില്ല.

” മധ്യഓവറുകളിലെ വെല്ലുവിളികളെ എങ്ങനെ നേരിടുമെന്നതായിരുന്നു എൻ്റെ ആശങ്ക. ഈ പരമ്പരയിൽ മധ്യഓവറുകളിൽ നന്നായി ബാറ്റ് ചെയ്യുവാൻ ഞങ്ങൾക്ക് സാധിച്ചു. സാഹചര്യങ്ങൾക്ക് അനുസരിച്ച് നന്നായി ബാറ്റ് ചെയ്യുവാൻ ഞങ്ങൾക്ക് സാധിച്ചു. ടോപ്പ് ത്രീ ധാരാളം ബാറ്റ് ചെയ്യുന്നതിനാൽ മധ്യനിരയ്ക്ക് അവസരം ലഭിക്കുന്നില്ലയെന്ന് നമ്മൾ വളരെകാലമായി പറയുന്നു. ഇക്കുറി സാഹചര്യങ്ങൾ മനസ്സിലാക്കി മധ്യനിര നന്നായി ബാറ്റ് ചെയ്തു. ഒരു ടീമെന്ന നിലയിൽ ഇത് നല്ലൊരു സൂചനയാണ്. അത് മുൻപോട്ട് കൊണ്ടുപോകുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. “

( Picture Source : BCCI )

” ഏകദിന ക്രിക്കറ്റിൽ 4, 5, 6 എന്നീ ബാറ്റിങ് പൊസിഷനുകൾ വകരെട് നിർണായകമാണ്. ഇതിഹാസ താരങ്ങൾ ആ പൊസിഷനുകളിൽ ബാറ്റ് ചെയ്തിട്ടുണ്ട്. ഈ നമ്പറുകളിൽ ബാറ്റ് ചെയ്യുന്നവർ ആരുതന്നെയായാലും അവർക്ക് ഗെയിം ടൈം ലഭിക്കേണ്ടത് പ്രധാനമാണ്. ”

” ഈ നമ്പറുകളിൽ ബാറ്റ് ചെയ്യുവാൻ ധാരാളം ഓപ്ഷനുകൾ ഞങ്ങൾക്ക് മുൻപിലുണ്ട്. അതൊരു നല്ല തലവേദനയാണ്. കൂടാതെ കളിക്കാനും മികച്ച പ്രകടനം പുറത്തെടുക്കാനും അവർക്കുള്ളിൽ തന്നെ മത്സരമുണ്ട്. മധ്യനിരയിലുള്ള എല്ലാവരും ബാറ്റ് ചെയ്യുവാൻ അവസരം ലഭിച്ചപ്പോഴെല്ലാം നല്ല പ്രകടനം കാഴ്ച്ചവെയ്ക്കുകയും റൺസ് നേടുകയും ചെയ്തു. കൂടാതെ പ്രയാസകരമായ സാഹചര്യങ്ങളിലാണ് അവർക്ക് ബാറ്റ് ചെയ്യേണ്ടിവന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തുടക്കത്തിൽ തന്നെ ഞങ്ങൾക്ക് വിക്കറ്റുകൾ നഷ്ടമായതിനാൽ രണ്ട് മത്സരങ്ങളിലും ഇന്നിങ്സ് കെട്ടിപടുക്കേണ്ടിയിരുന്നു, രണ്ട് മത്സരങ്ങളിലും അവർക്കതിന് സാധിച്ചു. ” രോഹിത് ശർമ്മ കൂട്ടിച്ചേർത്തു.

( Picture Source : BCCI )