Skip to content

സച്ചിനോട് സംസാരിക്കൂ, പൂജ്യത്തിന് പുറത്തായ വിരാട് കോഹ്ലിയ്ക്ക് നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ

വെസ്റ്റിഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ പൂജ്യത്തിന് പുറത്തായ വിരാട് കോഹ്ലിയോട് സച്ചിനരികിലേക്ക് പോകാൻ നിർദ്ദേശിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. കോഹ്ലി പുറത്തായതിന് പുറകെ എന്ത് നിർദ്ദേശമാണ് മുൻ ക്യാപ്റ്റന് നൽകുകയെന്ന ഹർഷ ബോഗ്ലേയുടെ ചോദ്യത്തിന് മറുപിയായാണ് സച്ചിനരികിലേക്ക് പോകുവാൻ താൻ ആവശ്യപെടുമെന്ന് സുനിൽ ഗാവസ്കർ പറഞ്ഞത്.

( Picture Source : Twitter )

മത്സരത്തിൽ രോഹിത് ശർമ്മ പുറത്തായതിന് പുറകെ ക്രീസിലെത്തിയ വിരാട് കോഹ്ലി നേരിട്ട രണ്ടാം പന്തിലാണ് പുറത്തായത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ നാല് പന്തിൽ 8 റൺസ് നേടി പുറത്തായ കോഹ്ലി രണ്ടാം മത്സരത്തിൽ 18 റൺസ് നേടിയാണ് പുറത്തായത്. മൂന്ന് മത്സരങ്ങളിൽ നിന്നുമായി 8.6 ശരാശരിയിൽ 26 റൺസ് മാത്രമാണ് പരമ്പരയിൽ കോഹ്ലി നേടിയത്. 2015 ന് ശേഷം ഇതാദ്യമായാണ് ഒരു ഏകദിന പരമ്പരയിൽ കോഹ്ലി 50 ലധികം റൺസ് നേടാതെ പോകുന്നത്.

( Picture Source : Twitter )

” സച്ചിൻ ടെണ്ടുൽക്കറുടെ അടുത്തേക്ക് പോകുവാൻ ഞാൻ അവനോട് ആവശ്യപെടും. ക്ഷമയോടെ ഇരിക്കാനാണ് അവനോട് എനിക്ക് പറയാനുള്ളത്. അവൻ്റെ ക്വാളിറ്റി എപ്പോഴും അവനിലുണ്ട്. ഫീറ്റ് ശരിയായി മൂവ് ചെയ്യുന്നു, ഹെഡ് പോസിഷനിലും പ്രശ്നങ്ങളില്ല. അവൻ്റെ ടെക്നിക്കിലും തെറ്റുകളില്ല. ” സുനിൽ ഗാവസ്കർ പറഞ്ഞു.

” ഭാഗ്യം മാത്രമാണ് പ്രശ്നം. ഇന്നും നമ്മൾ കണ്ടത് നിർഭാഗ്യകരമായ വിക്കറ്റായിരുന്നു. ചില സമയങ്ങളിൽ അൽപ്പം ഭാഗ്യം നമുക്ക് ആവശ്യമാണ്. ” കമൻ്ററിയിൽ സുനിൽ ഗാവസ്കർ പറഞ്ഞു.

( Picture Source : Twitter )