Skip to content

ഇനി ടീമിൽ വേണ്ടെന്ന് സെലക്ടർമാർ, രഞ്ജി ട്രോഫിയിൽ നിന്നും പിന്മാറി വൃദ്ധിമാൻ സാഹയും ഇഷാന്ത് ശർമ്മയും

രഞ്ജി ട്രോഫിയിൽ നിന്നും പിന്മാറി ഇന്ത്യൻ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയും ഫാസ്റ്റ് ബൗളർ ഇഷാന്ത് ശർമ്മയും. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇരുവരെയും ഉൾപെടുത്തില്ലെന്ന് സെലക്ടർമാർ അറിയിച്ചതോടെയാണ് ഇരുവരും രഞ്ജി ട്രോഫിയിൽ നിന്നും പിൻമാറിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ശ്രീലങ്കയ്ക്കെതിരായ പരമ്പരയോടെ ടെസ്റ്റ് ടീമിൽ വമ്പൻ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ് ഇന്ത്യൻ ടീം. റിഷഭ് പന്തിനൊപ്പം ശ്രീകർ ഭരതിനെയായിരിക്കും ഇന്ത്യ വിക്കറ്റ് കീപ്പറായി ടീമിൽ ഉൾപ്പെടുത്തുക. പ്രസീദ് കൃഷ്ണ, ആവേശ് ഖാൻ തുടങ്ങിയ യുവതാരങ്ങൾക്ക് ഇന്ത്യ പരമ്പരയിൽ അവസരം നൽകിയേക്കും.

എം എസ് ധോണി വിരമിച്ചതോടെയാണ് വൃദ്ധിമാൻ സാഹ ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ പ്രധാന വിക്കറ്റ് കീപ്പറായി മാറിയത്. വിക്കറ്റ് കീപ്പിങിൽ ലോകോത്തര നിലവാരം പുലർത്തിയെങ്കിലും ബാറ്റിങിൽ സ്ഥിരത പുലർത്താൻ സാഹയ്ക്ക് സാധിച്ചില്ല. തുടർന്ന് റിഷഭ് പന്ത് ടീമിലെത്തിയതോടെ ഇന്ത്യയുടെ ബാക്കപ്പ് കീപ്പറായി സാഹ മാറുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി 40 മത്സരങ്ങൾ കളിച്ചിട്ടുള്ള സാഹ 40 മത്സരങ്ങളിൽ നിന്നും 29.41 ശരാശരിയിൽ മൂന്ന് സെഞ്ചുറിയും 6 ഫിഫ്റ്റിയുമടക്കം 1353 റൺസ് ടെസ്റ്റിൽ നേടിയിട്ടുണ്ട്.

മറുഭാഗത്ത് 33 ക്കാരനായ ഇഷാന്ത് ശർമ്മയും ടീമിൽ നിന്നും ഒഴിവാക്കപെടുകയാണ്. ഇന്ത്യയ്ക്ക് വേണ്ടി 105 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള ഇഷാന്ത് ശർമ്മ 311 വിക്കറ്റ് നേടിയിട്ടുണ്ട്. കഴിഞ്ഞ മത്സരങ്ങളിൽ ഫോം കണ്ടെത്താൻ താരത്തിന് സാധിച്ചിട്ടില്ല. കഴിഞ്ഞ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ടീമിൽ ഉണ്ടായിരുന്നുവെങ്കിലും ഒരു മത്സരത്തിൽ പോലും താരത്തിന് അവസരം ലഭിച്ചിരുന്നില്ല.