Skip to content

അദ്ദേഹത്തിൻ്റെ വാക്കുകൾ ഫൈനലിൽ ഒരുപാട് സഹായിച്ചു, ഇന്ത്യൻ അണ്ടർ 19 ക്യാപ്റ്റൻ യാഷ് ധുൽ

ഇംഗ്ലണ്ടിനെതിരായ അണ്ടർ 19 ലോകകപ്പ് ഫൈനലിന് മുൻപായി വിരാട് കോഹ്ലി നൽകിയ വാക്കുകൾ ഇന്ത്യൻ ടീമിനെ ഒരുപാട് സഹായിച്ചുവെന്ന് ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീം ക്യാപ്റ്റൻ യാഷ് ദുൽ. 2008 ലോകകപ്പിൽ ഇന്ത്യൻ ടീമിനെ കിരീട നേട്ടത്തിലെത്തിച്ച വിരാട് കോഹ്ലി ഫൈനലിന് മുൻപായി ഇന്ത്യൻ ടീമംഗങ്ങളുമായി സംവദിച്ചിരുന്നു.

( Picture Source : BCCI )

ഫൈനലിൽ തോൽവിയറിയാതെ എത്തിയ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് പരാജയപെടുത്തിയാണ് ഇന്ത്യ ജേതാക്കളായത്. ഇന്ത്യയുടെ അഞ്ചാം അണ്ടർ 19 ലോകകപ്പ് കിരീടമാണിത്. ഇതിനുമുൻപ് മൊഹമ്മദ് കൈഫ് ക്യാപ്റ്റനായിരിക്കെ 2000 ലും കോഹ്ലിയുടെ ക്യാപ്റ്റൻസിയിൽ 2008 ലും ഉന്മുക്ത് ചന്ദ് ക്യാപ്റ്റൻസിയിൽ 2012 ലും പൃഥ്വി ഷായ്‌ക്ക് കീഴിൽ 2018 ലുമാണ് ഇന്ത്യ ഐസിസി അണ്ടർ 19 ലോകകപ്പ് ജേതാക്കളായത്.

( Picture Source : BCCI )

” മറ്റേതൊരു മത്സരത്തെയും പോലെ ഫൈനൽ കാണണമെന്നും ഫൈനലിലെ സമ്മർദ്ദം ഏറ്റെടുക്കരുതെന്നുമാണ് മത്സരത്തിന് മുൻപായി അദ്ദേഹം ഞങ്ങളോട് പറഞ്ഞത്. അദ്ദേഹത്തോട് സംസാരിച്ചത് എനിക്ക് വളരെയികം ഗുണംചെയ്തു. ഫൈനലിൽ ഞങ്ങൾ സമ്മർദ്ദത്തോടെയല്ല കളിച്ചതെന്ന് നിങ്ങൾ കണ്ടുകാണുമല്ലോ. വിരാട് ഭയ്യയുടെ എക്സ്പീരിയൻസ് ടീമിന് വളരെയേറെ പ്രയോജനമായി. ” യാഷ് ദുൽ പറഞ്ഞു.

( Picture Source : BCCI )

ഐ പി എൽ മെഗാതാരലേലത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ അണ്ടർ 19 താരങ്ങളെ ടീമിലെത്തിക്കാൻ കാത്തിരിക്കുകയാണ് ടീമുകൾ. എന്നിരുന്നാലും ഐ പി എല്ലും താരലേലവുമല്ല ഇന്ത്യയ്ക്ക് വേണ്ടി കളിക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും യാഷ് ദുൽ പറഞ്ഞു.

” ഞങ്ങളുടെ എല്ലാവരുടെയും ലക്ഷ്യം ഒന്നുതന്നെയാണ്. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുക. ആളുകൾ ഐ പി എല്ലിനെ പറ്റിയും താരലേലത്തെ പറ്റിയും പറയുന്നു. എന്നാൽ എല്ലാവർക്കും ആഗ്രഹം ഇന്ത്യയ്ക്ക് വേണ്ടി കളിക്കാനാണ്. അതാണ് എല്ലാവരുടെയും സ്വപ്നം. ” യാഷ് ദുൽ കൂട്ടിച്ചേർത്തു.

( Picture Source : BCCI )