വിരാട് കോഹ്ലിയ്ക്കും ചന്ദിനും ശേഷം ഇതാദ്യം, അപൂർവ്വനേട്ടത്തിൽ ഇടംപിടിച്ച് ഇന്ത്യൻ അണ്ടർ 19 ക്യാപ്റ്റൻ യാഷ് ദുൽ

ഐസിസി അണ്ടർ 19 ലോകകപ്പ് സെമിഫൈനലിൽ ഓസ്ട്രേലിയയെ പരാജയപെടുത്തി ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് ഇന്ത്യ. സെഞ്ചുറി നേടിയ ക്യാപ്റ്റൻ യാഷ് ദുല്ലിൻ്റെ പ്രകടനമാണ് മത്സരത്തിൽ ഇന്ത്യയെ വിജയത്തിൽ എത്തിച്ചത്. മത്സരത്തിലെ ഈ തകർപ്പൻ പ്രകടനത്തോടെ അപൂർവ്വനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഈ ഡൽഹിക്കാരൻ.

( Picture Source : Twitter / BCCI )

110 പന്തിൽ 10 ഫോറും ഒരു സിക്സുമടക്കം 110 റൺസ് നേടിയാണ് യാഷ് ദുൽ മത്സരത്തിൽ പുറത്തായത്. ഈ സെഞ്ചുറിയോടെ ഐസിസി അണ്ടർ 19 ലോകകപ്പിൽ സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ക്യാപ്റ്റനെന്ന നേട്ടം യാഷ് സ്വന്തമാക്കി. വിരാട് കോഹ്ലിയും ഉന്മുക്ത് ചന്ദുമാണ് ഇതിനുമുൻപ് അണ്ടർ 19 ലോകകപ്പിൽ സെഞ്ചുറി നേടിയിട്ടുള്ള ഇന്ത്യൻ ക്യാപ്റ്റന്മാർ.

2008 ൽ നടന്ന ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ വെസ്റ്റിൻഡീസിനെതിരെയാണ് വിരാട് കോഹ്ലി സെഞ്ചുറി നേടിയത്. 74 പന്തിൽ 10 ഫോറും 4 സെഞ്ചുറിയും ഉൾപ്പടെ 100 റൺസ് നേടിയാണ് ആ മത്സരത്തിൽ കോഹ്ലി പുറത്തായത്. 2012 ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയക്കെതിരെയാണ് ഉന്മുക്ത് ചന്ദ് സെഞ്ചുറി നേടിയത്. 130 പന്തിൽ 111 റൺസ് നേടി പുറത്താകാതെ നിന്ന ചന്ദിൻ്റെ മികവിൽ ഇന്ത്യ ഓസ്ട്രേലിയയെ പരാജയപെടുത്തി കിരീടം നേടിയിരുന്നു. 2008 ൽ കോഹ്ലിയ്ക്കും ഇന്ത്യയെ കിരീടനേട്ടത്തിലെത്തിക്കാൻ സാധിച്ചു.

സെമിഫൈനലിൽ 96 റൺസിനാണ് ഓസ്ട്രേലിയയെ ഇന്ത്യ പരാജയപെടുത്തിയത്. ഇന്ത്യ ഉയർത്തിയ 291 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയക്ക് 194 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. ഇംഗ്ലണ്ടാണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ. സെമിയിൽ അഫ്ഗാനിസ്ഥാനെ പരാജയപെടുത്തിയാണ് ഇംഗ്ലണ്ട് ഫൈനലിൽ പ്രവേശിച്ചിരിക്കുന്നത്. തുടർച്ചയായ നാലാം തവണയാണ് ഇന്ത്യ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ പ്രവേശിക്കുന്നത്. കഴിഞ്ഞ തവണ നഷ്ടമായ കിരീടം യാഷും കൂട്ടരും തിരിച്ചുപിടിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ.

( Picture Source : Twitter / BCCI )