Skip to content

അണ്ടർ 19 ലോകകപ്പ്, ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ

ഐസിസി അണ്ടർ 19 ലോകകപ്പ് ഫൈനലിൽ പ്രവേശിച്ച് ടീം ഇന്ത്യ. രണ്ടാം സെമിഫൈനലിൽ ഓസ്ട്രേലിയയെ പരാജയപെടുത്തിയാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. ഇത് തുടർച്ചയായ നാലാം തവണയാണ് അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇന്ത്യ പ്രവേശിക്കുന്നത്. ഇംഗ്ലണ്ടാണ് ഫൈനലിൽ ഇക്കുറി ഇന്ത്യയുടെ എതിരാളികൾ.

സെമിഫൈനലിൽ 96 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 291 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയക്ക് 41.5 ഓവറിൽ 194 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ടമായി. ഇന്ത്യയ്ക്ക് വേണ്ടി വിക്കി ഓസ്റ്റ്വാൽ മൂന്ന് വിക്കറ്റും രവി കുമാർ, നിഷാന്ത് സന്ധു എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി. 66 പന്തിൽ 51 റൺസ് നേടിയ ലച്ലൻ ഷാ മാത്രമാണ് ഓസ്ട്രേലിയൻ നിരയിൽ തിളങ്ങിയത്.

( Picture Source : Twitter / BCCI )

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 110 പന്തിൽ 110 റൺസ് നേടിയ യാഷ് ദുൾ, 108 പന്തിൽ 94 റൺസ് നേടിയ ഷൈക് റഷീദ് എന്നിവരാണ് മികച്ച സ്കോറിൽ എത്തിച്ചത്. 37 റൺസിന് രണ്ട് വിക്കറ്റ് നഷ്ടപെട്ട ശേഷം മൂന്നാം വിക്കറ്റിൽ 204 റൺസ് ഇരുവരും കൂട്ടിചേർത്തിരുന്നു. ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ബംഗ്ലാദേശിനെ 5 വിക്കറ്റിന് തകർത്തുകൊണ്ടാണ് ഇന്ത്യ സെമിഫൈനലിൽ പ്രവേശിച്ചത്.

മറുഭാഗത്ത് ക്വാർട്ടർ ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 6 വിക്കറ്റിനും സെമിഫൈനലിൽ അഫ്ഗാനിസ്ഥാനെ 15 റൺസിനും പരാജയപെടുത്തികൊണ്ടാണ് ഇംഗ്ലണ്ട് ഫൈനലിൽ പ്രവേശിച്ചിരിക്കുന്നത്. ഇരുടീമുകളും ഇതുവരെയും പരാജയപെട്ടിട്ടില്ല. ഫെബ്രുവരി അഞ്ചിനാണ് ഫൈനൽ പോരാട്ടം നടക്കുന്നത്.

കഴിഞ്ഞ മൂന്ന് ഫൈനലുകളിൽ 2018 ലോകകപ്പിൽ ഓസ്ട്രേലിയയെ പരാജയപെടുത്തിയാണ് ഇന്ത്യ ലോകകപ്പ് നേടിയത്. എന്നാൽ 2016 ൽ വെസ്റ്റിൻഡീസിനോടും കഴിഞ്ഞ തവണ ബംഗ്ലാദേശിനോടും ഇന്ത്യ പരാജയപെട്ടിരുന്നു. ഇക്കുറി ഇംഗ്ലണ്ടിനെ വീഴ്ത്തി അഞ്ചാം കിരീടം ഇന്ത്യ നേടുമെന്ന പ്രതീക്ഷിയിലാണ് ആരാധകർ.

( Picture Source : Twitter )