Skip to content

അവനുവേണ്ടി 20 കോടി ആർ സി ബി മാറ്റിവെച്ചിട്ടുണ്ട്, താരലേലത്തിൽ വിലയേറിയ താരം ആരാകുമെന്ന് പ്രവചിച്ച് മുൻ ഇന്ത്യൻ താരം

ഐ പി എൽ പതിനഞ്ചാം സീസണ് മുൻപായി നടക്കുന്ന മെഗാതാരലേലത്തിൽ ഏറ്റവും വിലയേറിയ താരം ആരാകുമെന്ന് പ്രവചിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഡേവിഡ് വാർണർ, ശിഖാർ ധവാൻ, പാറ്റ് കമ്മിൻസ്, ഫാഫ് ഡു പ്ലെസിസ് അടക്കമുള്ള വമ്പൻ താരങ്ങൾ മാർക്കീ ലിസ്റ്റിൽ ഉണ്ടെങ്കിലും മുൻ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരിനായിരിക്കും ഏറ്റവും കൂടുതൽ വില ലഭിക്കുകയെന്ന് പ്രവചിച്ച ആകാശ് ചോപ്ര അതിനുപിന്നിലെ കാരണവും തുറന്നുപറഞ്ഞു.

ശ്രേയസ് അയ്യർ, ശിഖാർ ധവാൻ, മൊഹമ്മദ് ഷാമി, ഡേവിഡ് വാർണർ, പാറ്റ് കമ്മിൻസ്, ഫാഫ് ഡുപ്ലെസിസ്, രവിചന്ദ്രൻ അശ്വിൻ, ക്വിൻ്റൻ ഡീ കോക്ക്, കഗിസോ റബാഡ, ട്രെൻഡ് ബോൾട്ട് തുടങ്ങിയ 10 താരങ്ങളാണ് ലേലത്തിൽ മാർക്കീ ലിസ്റ്റിൽ ഇടം നേടിയത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, പഞ്ചാബ് കിങ്സ് തുടങ്ങിയ ടീമുകൾ ക്യാപ്റ്റന്മാരെ തേടുന്നതിനാൽ ശ്രേയസ് അയ്യർക്ക് വേണ്ടി ടീമുകൾ തമ്മിൽ വലിയ പോരാട്ടമുണ്ടാകുമെന്ന് ആകാശ് ചോപ്ര പറഞ്ഞു.

” മാർകീ ലിസ്റ്റിൽ ഇഷാൻ കിഷനില്ല, അതുകൊണ്ട് തന്നെ അവനായി കരുതിവെച്ച തുക ടീമുകൾക്ക് ശ്രേയസ് അയ്യർക്ക് വേണ്ടി ചിലവഴിക്കും. അത് ചിലപ്പോൾ 15-16 കോടിയുമാകാം. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ശ്രേയസ് അയ്യരിനായി 20 കോടി കരുതിയിട്ടുണ്ടെന്ന് ഒരാൾ എന്നോട് പറഞ്ഞിരുന്നു. “

” ശ്രേയസ് അയ്യർ കൊൽക്കത്തയുടെയോ ആർ സി ബിയുടെയോ ക്യാപ്റ്റനായേക്കാം, പഞ്ചാബ് അവനെ നോക്കുമെന്ന് തോന്നുന്നില്ല. ഏറ്റവും വിലയേറിയ താരം ശ്രേയസ് അയ്യരായിരിക്കും. കാരണം മാർക്കീ ലിസ്റ്റിൽ ഇഷാൻ കിഷൻ ഇല്ലാത്തതുകൊണ്ടുതന്നെ. ഇഷാൻ കിഷൻ ഉണ്ടായിരുന്നുവെങ്കിൽ അതിൽ മാറ്റമുണ്ടായേനെ. ഇനി അവർ ഇഷാൻ കിഷന് വേണ്ടി പണം കരുതിവെയ്ക്കുകയും ആദ്യ റൗണ്ടിൽ ശ്രേയസ് അയ്യരിന് വേണ്ടി പണം വിതറുകയും ചെയ്യും. ” ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.