Skip to content

ബിസിസിഐയുടെയും സെലക്ടർമാരുടെയും തീരുമാനം ശരിയായിരുന്നു, കോഹ്ലി ബിസിസിഐ തർക്കത്തിൽ ഗൗതം ഗംഭീർ

വിരാട് കോഹ്ലിയും ബിസിസിഐയും തമ്മിലുള്ള തർക്കത്തിൽ തൻ്റെ അഭിപ്രായം വ്യക്തമാക്കി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഏകദിന ക്യാപ്റ്റൻസിയിൽ നിന്നും വിരാട് കോഹ്ലിയെ ബിസിസിഐ ഒഴിവാക്കിയതോടെയാണ് ഇന്ത്യൻ ക്രിക്കറ്റിൽ വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. ഇതിനുപിന്നാലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനവും കോഹ്ലി ഒഴിഞ്ഞു. വിവാദങ്ങൾക്ക് വഴിവെയ്ക്കാതെ പ്രശ്നങ്ങൾ വ്യക്തിപരമായി പരിഹരിക്കാമായിരുന്നുവെന്നും ഏകദിന ക്യാപ്റ്റൻസിയിൽ നിന്നും കോഹ്ലിയെ ഒഴിവാക്കിയതിൽ തെറ്റൊന്നും കാണുന്നില്ലയെന്നും ഗംഭീർ പറഞ്ഞു.

ടി20 ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതോടെയാണ് ഏകദിന ക്യാപ്റ്റൻസിയിൽ നിന്നും കോഹ്ലിയെ ബിസിസിഐ മാറ്റിയത്. അതിനുശേഷം ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയരുതെന്ന് കോഹ്ലിയോട് താൻ അഭ്യർത്ഥിച്ചിരുന്നുവെന്ന് ഗാംഗുലി പറഞ്ഞു. എന്നാൽ ദക്ഷിണാഫ്രിക്കൻ പര്യനത്തിന് മുന്നോടിയായി നടന്ന പ്രസ്സ് കോൺഫ്രൻസിൽ തന്നോട് ക്യാപ്റ്റൻ സ്ഥാനം ഒഴിയരുതെന്ന് ആരും അഭ്യർത്ഥിച്ചിരുന്നില്ലയെന്നും ഏകദിന ക്യാപ്റ്റൻസിയിൽ നിന്നും തന്നെ ഒഴിവാക്കുന്നുവെന്ന കാര്യം ടീമിനെ പ്രഖ്യാപിക്കുന്നതിന് അരമണിക്കൂർ മുൻപേയാണ് അറിയിച്ചതെന്നും കോഹ്ലി വെളിപ്പെടുത്തിയിരുന്നു.

” അടച്ചിട്ട വാതിലുകൾക്ക് പിന്നിൽ പരിഹരിക്കാവുന്ന പ്രശ്നം മാത്രമായിരുന്നു അത്. ഇതൊരു ആഭ്യന്തര തർക്കം മാത്രമായിരുന്നു. അതിൻ്റെ ആഴത്തിലേക്ക് കടന്നാൽ പ്രശ്നം എളുപ്പത്തിൽ പരിഹരിക്കാൻ സാധിക്കും. പറയുന്നത് പോലെ വലിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. ”

” തുറന്നുപറഞ്ഞാൽ യാതൊരു വിവാദവും ഞാൻ കാണുന്നില്ല. ക്യാപ്റ്റൻസിയെ കുറിച്ച് പറഞ്ഞാൽ വിരാട് ടെസ്റ്റ് ക്യാപ്റ്റനായി തുടരേണ്ടതായിരുന്നുവെന്ന് ഞാൻ കരുതുന്നു. എന്നാൽ വൈറ്റ് ബോൾ ക്യാപ്റ്റൻസിയിൽ ടി20 ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതുകൊണ്ടാണ് ഏകദിന ക്യാപ്റ്റൻ സ്ഥാനം അവന് നഷ്ടപ്പെട്ടത്. വൈറ്റ് ബോൾ ക്രിക്കറ്റിൻ്റെ കാര്യമെടുത്താൽ ബിസിസിഐയുടെയും സെലക്ടർമാരുടെയും തീരുമാനം ശരിയായിരുന്നു. ടെസ്റ്റ് ക്യാപ്റ്റൻസിയിൽ നിന്നും ഒഴിഞ്ഞത് വിരാട് കോഹ്ലിയുടെ വ്യക്തിപരമായ തീരുമാനമായിരുന്നു. അതിലവൻ തുടരേണ്ടതായിരുന്നു. ” ഗൗതം ഗംഭീർ പറഞ്ഞു.

” എന്തിനും ഒരു കാലാവധിയും സമയവുമുണ്ട്. അതിനെ കുറിച്ച് നിങ്ങൾ വ്യക്തമായി അറിഞ്ഞിരിക്കണം. ഇയാൾ എന്താണ് ചെയ്തതെന്ന് ആളുകൾ പറഞ്ഞേക്കാം. എന്നാൽ മുന്നോട്ട് പോകാനും കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കുവാനും ചിന്തിക്കുമ്പോൾ നിങ്ങളുടെ ജോലി പൂർത്തിയായെന്ന് നിങ്ങൾക്ക് മനസ്സിലാകും. ” ഗംഭീർ കൂട്ടിച്ചേർത്തു.