ആരാകണം ക്യാപ്റ്റനെന്ന് ചോദിച്ചപ്പോൾ എൻ്റെ മനസ്സിലുണ്ടായിരുന്നത് അവൻ്റെ പേര് മാത്രമായിരുന്നു, രോഹിത് ശർമ്മയെ മുംബൈ ഇന്ത്യൻസിൻ്റെ ക്യാപ്റ്റനായി നിർദ്ദേശച്ചതിനെ കുറിച്ച് റിക്കി പോണ്ടിങ്

ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിൻ്റെ ക്യാപ്റ്റനായി രോഹിത് ശർമ്മയുടെ പേര് നിർദ്ദേശിച്ച നിമിഷത്തെ കുറിച്ച് മനസ്സുതുറന്ന് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. 2013 സീസണിലാണ് മുംബൈ ഇന്ത്യൻസ് രോഹിത് ശർമ്മയെ ടീമിൻ്റെ ക്യാപ്റ്റനായി നിയമിച്ചത്. ക്യാപ്റ്റനായുള്ള തൻ്റെ ആദ്യ സീസണിൽ തന്നെ മുംബൈ ഇന്ത്യൻസിന് കന്നികിരീടം നേടികൊടുത്ത ഹിറ്റ്മാണ് പിന്നീട് നാല് തവണ ടീമിനെ ചാമ്പ്യന്മാരാക്കി.

2013 സീസണിലെ ആദ്യ ആറ് മത്സരങ്ങളിലും റിക്കി പോണ്ടിങായിരുന്നു മുംബൈ ഇന്ത്യൻസിനെ നയിച്ചത്. മൂന്ന് മത്സരങ്ങളിൽ മുംബൈ വിജയിച്ചുവെങ്കിലും മികവ് പുറത്തെടുക്കാൻ പോണ്ടിങിന് സാധിച്ചില്ല. തുടർന്ന് സ്വയം ക്യാപ്റ്റൻ സ്ഥാനം പോണ്ടിങ് ഒഴിയുകയും കൊൽക്കത്തയ്ക്കെതിരായ മത്സരത്തോടെ രോഹിത് ശർമ്മ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ ക്യാപ്റ്റനാകാൻ മറ്റു കളിക്കാരുടെ പേരുകൾ ഉടമകളുടെ മനസ്സിൽ ഉണ്ടായിരുന്നുവെന്നും എന്നാൽ താൻ നിർദ്ദേശിച്ചത് രോഹിത് ശർമ്മയുടെ പേരായിരുന്നുവെന്നും പോണ്ടിങ് വെളിപ്പെടുത്തി.

” രോഹിത് ശർമ്മ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുമ്പോൾ ഞാൻ മുംബൈ ഇന്ത്യൻസിൽ ഉണ്ടായിരുന്നു. ടീമിൻ്റെ ക്യാപ്റ്റനാകാനാണ് അവരെന്നെ ലേലത്തിൽ വാങ്ങിയത്. എന്നാൽ നിർഭാഗ്യവശാൽ ടീമിൽ സ്ഥാനം നിലനിർത്താൻ വേണ്ടത്ര നന്നായി കളിക്കുവാൻ എനിക്ക് സാധിച്ചില്ല. അതുകൊണ്ട് തന്നെ മറ്റൊരു അന്താരാഷ്ട്ര കളിക്കാരനെ ടീമിലെത്തിക്കാൻ എനിക്ക് ടീമിൽ നിന്നും പിന്മാറേണ്ടിവന്നു. ”

” മുംബൈ ഇന്ത്യൻസിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കാൻ അനുയോജ്യനായ വ്യക്തിയാരാണെന്ന് ടീം മാനേജ്മെൻ്റ് എന്നോട് ചോദിച്ചിരുന്നു. ഉടമകൾക്കും മറ്റു പരിശീലകർക്കും ഇടയിൽ ചില പേരുകൾ ഉണ്ടായിരുന്നു. എന്നാൽ ടീമിനെ നയിക്കാൻ ഒരേയൊരു വ്യക്തിയ്ക്ക് മാത്രമേ സാധിക്കൂവെന്ന് എനിക്കറിയാമായിരുന്നു. അവനൊരു ചെറുപ്പക്കാരനായിരുന്നു, അവൻ്റെ പേര് രോഹിത് ശർമ്മയെന്നായിരുന്നു. ” റിക്കി പോണ്ടിങ് പറഞ്ഞു.

കോഹ്ലി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതോടെ ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റനായി രോഹിത് ശർമ്മയുടെ പേര് റിക്കി പോണ്ടിങ് നിർദ്ദേശിച്ചു. കഴിഞ്ഞ രണ്ടോ മൂന്നോ വർഷമായി ടെസ്റ്റ് ക്രിക്കറ്റിൽ ലോകത്തിലെ എല്ലാവരെയും പോലെ നന്നായി കളിക്കുവാൻ രോഹിത് ശർമ്മയ്ക്ക് സാധിച്ചിട്ടുണ്ടെന്നും ഐ പി എല്ലിലും ഒപ്പം ഇന്ത്യയെ നയിക്കാൻ ലഭിച്ച അവസരങ്ങളിലെല്ലാം മികവ് പുലർത്തുവാൻ രോഹിത് ശർമ്മയ്‌ക്ക് സാധിച്ചുവെന്നും പോണ്ടിങ് പറഞ്ഞു.