Skip to content

ഇല്ലാത്ത ഒന്നിനെ കണ്ടെത്താൻ സാധിക്കില്ല, അടുത്ത കപിൽ ദേവിന് വേണ്ടിയുള്ള അന്വേഷണം ഇന്ത്യ അവസാനിപ്പിക്കണം, നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം

കപിൽ ദേവിനെ പോലെയൊരു മികച്ച ഫാസ്റ്റ് ബൗളറെ സൃഷ്ടിക്കാനുള്ള ശ്രമം ഇന്ത്യ അവസാനിപ്പിക്കണമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഇല്ലാത്ത ഒന്നിനെ കണ്ടെത്താൻ സാധിക്കില്ലയെന്നും മികച്ച ഓൾ റൗണ്ടർമാർ നമുക്കില്ലയെന്ന യാഥാർത്ഥ്യം മനസ്സിലാക്കികൊണ്ട് ഇന്ത്യ മുൻപോട്ട് പോകണമെന്നും ഗൗതം ഗംഭീർ പറഞ്ഞു.

കപിൽ ദേവിനെ പോലെയൊരു ഓൾറൗണ്ടരെ കണ്ടെത്താനുള്ള ശ്രമം ഇന്ത്യ തുടർന്നുകൊണ്ടിരിക്കുകയാണ്. ഇടയ്ക്ക് ഹാർദിക് പാണ്ഡ്യ ആ പ്രശ്നം പരിഹരിച്ചുവെന്ന് കരുതിയെങ്കിലും ഫിറ്റ്നസ് പ്രശ്നങ്ങൾ ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടിയാവുകയായിരുന്നു. വിജയ് ശങ്കർ, ശിവം ദുബെ അടക്കമുള്ള താരങ്ങൾ ടീമിലെത്തിയെങ്കിലും വേണ്ടത്ര പിന്തുണ ഇരുവർക്കും ലഭിച്ചില്ല. ഓൾ റൗണ്ടർ എന്ന നിലയിൽ ടീമിലെത്തിയ വെങ്കടേഷ് അയ്യരേ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയ്ക്ക് പുറകെ ഏകദിന ടീമിൽ നിന്നും ഇന്ത്യ ഒഴിവാക്കുകയും ചെയ്തു.

” നിങ്ങൾക്ക് എന്തെങ്കിലുമില്ലെങ്കിൽ അതിൻ്റെ പുറകെ പോകേണ്ടതില്ല. യാഥാർത്ഥ്യം അംഗീകരിച്ചുകൊണ്ട് മുൻപോട്ട് പോകണം. നിങ്ങൾക്ക് സൃഷ്ടിക്കാൻ സാധിക്കാത്ത ഒന്നിനെ സൃഷ്ടിക്കാൻ ശ്രമിക്കരുത്. അവിടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ”

” അന്താരാഷ്ട്ര ക്രിക്കറ്റ് കഴിവ് പുറത്തെടുക്കേണ്ട വേദിയാണ്, അത് ഏതെങ്കിലും ഒരു കളിക്കാരനെ വളർത്തിയെടുക്കാൻ വേണ്ടിയുള്ളതല്ല. ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യ എ തലത്തിലുമാണ് കളിക്കാരെ വളർത്തിയെടുക്കേണ്ടത്. രാജ്യത്തിന് വേണ്ടി കളിക്കുമ്പോൾ നിങ്ങൾ കളിക്കളത്തിൽ പ്രകടനം നടത്തുവാൻ തയ്യാറായിരിക്കണം. ” ഗംഭീർ പറഞ്ഞു.

” കപിൽ ദേവിന് ശേഷം ഒരു മികച്ച ഓൾ റൗണ്ടർ ഇല്ലാത്തതിനെ കുറിച്ച് നമ്മൾ സംസാരിച്ചുകൊണ്ടിരിക്കുന്നു. അത് അംഗീകരിച്ചുകൊണ്ട് രഞ്ജി ട്രോഫിയിൽ കളിക്കാരെ വികസിപ്പിക്കാൻ ശ്രമിക്കൂ. അവർ തയ്യാറായികഴിഞ്ഞാൽ അവരെ അന്താരാഷ്ട്ര ക്രിക്കറ്റിലെത്തിക്കുക, അവർക്ക് വേണ്ടത്ര പിന്തുണ നൽകുക. അവരെ പെട്ടെന്ന് ടീമിൽ നിന്നും ഒഴിവാക്കരുത്, വിജയ് ശങ്കർ, ശിവം ദുബെ, ഇപ്പോൾ വെങ്കടേഷ് അയ്യർ നിരവധി പേർക്ക് വേണ്ടത്ര പിന്തുണ ലഭിച്ചിട്ടില്ല. ” ഗൗതം ഗംഭീർ കൂട്ടിച്ചേർത്തു.