Skip to content

ഒരുപക്ഷേ എൻ്റെ സമയം നല്ലതായിരുന്നിരിക്കാം, ലോകകപ്പിൽ കോഹ്ലിയുടെ വിക്കറ്റ് നേടിയതിനെ കുറിച്ച് പാകിസ്ഥാൻ പേസർ ഷഹീൻ അഫ്രീദി

ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ തൻ്റെ പ്രകടനത്തെ കുറിച്ച് മനസ്സുതുറന്ന് പാകിസ്ഥാൻ പേസർ ഷഹീൻ അഫ്രീദി. പാകിസ്ഥാൻ 10 വിക്കറ്റിന് വിജയിച്ച മത്സരത്തിൽ രോഹിത് ശർമ്മ, കെ എൽ രാഹുൽ, വിരാട് കോഹ്ലി എന്നിവരുടെ വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടമാണ് ഷഹീൻ അഫ്രീദി കാഴ്ച്ചവെച്ചത്. മൂവരും ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരാണെന്നും അവരിൽ കോഹ്ലിയാണ് ഇന്ത്യൻ ടീമിൻ്റെ നട്ടെല്ലെന്നും മത്സരത്തിൽ കോഹ്ലിയുടെ വിക്കറ്റ് നേടിയതെങ്ങനെയാണെന്നും പ്രമുഖ ഇന്ത്യൻ ക്രിക്കറ്റ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഷഹീൻ അഫ്രീദി പറഞ്ഞു.

” രോഹിത് ശർമ്മയും കെ എൽ രാഹുലും വിരാട് കോഹ്ലിയുമാണ് അവരുടെ മികച്ച ബാറ്റർമാർ, ഒപ്പം ലോക ക്രിക്കറ്റിലെ തന്നെ മികച്ചവരാണവർ. കോഹ്ലിയാണ് അവരുടെ നട്ടെല്ല്. അവരെ പുറത്താക്കിയാൽ മധ്യനിരയ്ക്ക് കാര്യങ്ങൾ ബുദ്ധിമുട്ടാകും. എന്നാൽ അവരിൽ ഒരാൾക്ക് ക്രീസിൽ നിലയുറപ്പിക്കാൻ സാധിച്ചാൽ പിന്നീട് വരുന്നവർക്ക് എളുപ്പത്തിൽ ബാറ്റ് ചെയ്യാനാകും. ”

” ആ മത്സരത്തിൽ എനിക്ക് സ്വിങ് ലഭിച്ചിരുന്നു. ടീമാകട്ടെ എന്നിൽ നിന്നും വിക്കറ്റും പ്രതീക്ഷിക്കുന്നു. അതുകൊണ്ടാണ് രോഹിത് ശർമ്മയ്ക്കും കെ എൽ രാഹുലിനും അത്തരത്തിൽ പിച്ച് ചെയ്യാൻ ശ്രമിച്ചു, ഇരുവരേയും പുറത്താക്കാനും എനിക്ക് സാധിച്ചു. ” ഷഹീൻ അഫ്രീദി പറഞ്ഞു.

” കോഹ്ലിയ്ക്കെതിരെ ഞാൻ പന്തെറിഞ്ഞുകൊണ്ടിരുന്ന എൻഡിൽ ലെഗ് സൈഡ് ബൗണ്ടറി വളരെ ചെറുതായിരുന്നു. ഏകദേശം 60-65 മീറ്ററായിരുന്നു ബൗണ്ടറി. ഞാൻ കോഹ്ലിയ്ക്കെതിരെ വേഗത്തിലോ നേരയോ പന്തെറിഞ്ഞിരുന്നുവെങ്കിൽ കോഹ്ലി റൺസ് നേടുവാൻ ഫ്ളിക് ചെയ്യുകയോ പുൾ ചെയ്യുകയോ ചെയ്തേനെ. അതുകൊണ്ട് തന്നെ കാര്യങ്ങൾ അൽപ്പം മിക്സ് ചെയ്തുകൊണ്ട് സ്ലോ ബൗൺസർ എറിയാൻ ഞാൻ തീരുമാനിച്ചു. അങ്ങനെയെങ്കിൽ ലെഗ് സൈഡ് ബൗണ്ടറി ലക്ഷ്യമിടുന്നത് അവന് ബുദ്ധിമുട്ടായിരിക്കും. ഭാഗ്യവശാൽ പന്ത് ഗ്രിപ്പ് ചെയ്യുകയും കോഹ്ലി പുറത്താവുകയും ചെയ്തു. ഒരുപക്ഷേ എൻ്റെ സമയം നല്ലതായിരുന്നിരിക്കാം. ” ഷഹീൻ അഫ്രീദി പറഞ്ഞു.

” ഞാൻ കോഹ്ലിയെ വളരെയധികം ആരാധിക്കുന്നു, ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് കോഹ്ലി. ” ഷഹീൻ അഫ്രീദി കൂട്ടിച്ചേർത്തു.