ഇന്ത്യൻ ടീമിൽ തിരിച്ചെത്താനുള്ള ആഗ്രഹം ഇപ്പോഴും തൻ്റെയുള്ളിൽ ഉണ്ടെന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്. എം എസ് ധോണിയ്ക്ക് മുൻപേ ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചുവെങ്കിലും ടീമിൽ തൻ്റെ സ്ഥാനം നിലനിർത്താൻ ദിനേശ് കാർത്തിക്കിന് സാധിച്ചിരുന്നില്ല. പലപ്പോഴായി തിരിച്ചുവരവുകൾ നടത്തിയെങ്കിലും ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം ദിനേശ് കാർത്തിക്കിന് ഇന്ത്യയ്ക്കായി പുറത്തെടുക്കാൻ സാധിച്ചില്ല.

2004 ൽ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച ദിനേശ് കാർത്തിക് മൂന്ന് ഫോർമാറ്റിലുമായി 152 മത്സരങ്ങളിൽ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഒരു സെഞ്ചുറിയും 16 ഫിഫ്റ്റിയും നേടിയിട്ടുള്ള ദിനേശ് കാർത്തിക് 2019 ഏകദിന ലോകകപ്പ് സെമിഫൈനലിലാണ് ഇന്ത്യയ്ക്ക് വേണ്ടി അവസാനമായി കളിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ എം എസ് ധോണിയുടെ അവസാന മത്സരവും അതുതന്നെയായിരുന്നു. റിഷഭ് പന്തും, സഞ്ജുവും, ഇഷാൻ കിഷനും അടക്കമുള്ള യുവ വിക്കറ്റ് കീപ്പർമാർ അരങ്ങുതകർക്കുമ്പോൾ ഫിനിഷറായി ടീമിൽ തിരിച്ചെത്താനുള്ള പരിശ്രമത്തിലാണ് ദിനേശ് കാർത്തിക്.

” ഇന്ത്യയ്ക്കായി വീണ്ടും കളിക്കാനുള്ള ആഗ്രഹം ആത്മാർത്ഥമായി ഇപ്പോഴും എൻ്റെ ഉള്ളിലുണ്ട്. അതിന് വേണ്ടി സാധ്യമായതെല്ലാം ചെയ്യുവാൻ ഞാൻ ആഗ്രഹിക്കുന്നു. അതാണ് എൻ്റെ ആത്യന്തിക ലക്ഷ്യം. ഞാൻ ഇപ്പോൾ പരിശീലിക്കുന്നതും ഇപ്പോൾ ചെയ്യുന്നതുമെല്ലാം ആ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനാണ്. അടുത്ത മൂന്ന് വർഷത്തിൽ ക്രിക്കറ്റ് കളിക്കാനും എന്നെ കൊണ്ടാവുന്നതെല്ലാം ചെയ്യാനുമാണ് ഞാൻ ആഗ്രഹിക്കുന്നത്. ഞാൻ ഇതേറെ ആസ്വദിക്കുന്നു. ” കാർത്തിക് പറഞ്ഞു.

” അതുകൊണ്ടാണ് തമിഴ്നാടിന് വേണ്ടി സയിദ് മുഷ്താഖ് അലി ട്രോഫിയിലും, വിജയ് ഹസാരെ ട്രോഫിയിലും ഞാൻ കളിക്കുന്നത്. ഒരു സ്റ്റേറ്റ് ടീമെന്ന നിലയിൽ ഞങ്ങൾക്ക് ലഭിച്ച വിജയം അതിശയിപ്പിക്കുന്നുതാണ്. ആ യാത്രയുടെ ഭാഗമാകാൻ സാധിച്ചത് ഞാൻ വളരെയേറെ ആസ്വദിച്ചു. എൻ്റെ പ്രധാന ലക്ഷ്യം രാജ്യത്തിന് വേണ്ടി കളിക്കുകയെന്നതാണ്. പ്രത്യേകിച്ചും ടി20 ഫോർമാറ്റ്. ടി20 ക്രിക്കറ്റിൽ തീ ഇപ്പോഴും ജ്വലിച്ചുകൊണ്ടിരിക്കുകയാണ്. ” ദിനേശ് കാർത്തിക് കൂട്ടിചേർത്തു.
