Skip to content

നമ്മൾ ലോകകപ്പ് നേടിയിട്ട് ഈ ഏപ്രിലിൽ 11 വർഷം പിന്നിടുന്നു, ഈ നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കാൻ രോഹിത് ശർമ്മയ്ക്കും ദ്രാവിഡിനും സാധിക്കും, സച്ചിൻ ടെണ്ടുൽക്കർ

ഐസിസി ലോകകപ്പ് നേടാനുള്ള ഇന്ത്യയുടെ നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കാൻ രോഹിത് ശർമ്മ – രാഹുൽ ദ്രാവഡിന് സാധിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കർ. പ്രമുഖ മാധ്യമപ്രവത്തകനുമായി നടന്ന അഭിമുഖത്തിലാണ് ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ കൂട്ടുക്കെട്ടിന് സച്ചിൻ ടെണ്ടുൽക്കർ പിന്തുണയറിയിച്ചത്.

2011 ലാണ് ഇന്ത്യ ലോകകപ്പ് കിരീടം നേടിയത്. പിന്നീട് രണ്ട് ഏകദിന ലോകകപ്പുകളും ടി20 ലോകകപ്പുകളും നടന്നുവെങ്കിലും കിരീടം നേടുവാൻ ഇന്ത്യയ്ക്ക് സാധിച്ചില്ല. ഏകദിന ലോകകപ്പിൽ രണ്ട് തവണയും സെമിയിൽ പ്രവേശിച്ചുവെങ്കിലും ഫൈനലിലേക്ക് കടക്കുവാൻ ഇന്ത്യയ്ക്ക് സാധിച്ചില്ല. എല്ലാ ആരാധകരെയും പോലെ മറ്റൊരു ലോകകപ്പ് വിജയത്തിനായി താനും കാത്തിരിക്കുകയാണെന്നും അഭിമുഖത്തിൽ സച്ചിൻ പറഞ്ഞു.

” വരുന്ന ഏപ്രിൽ മാസത്തോടെ നമ്മുടെ ലോകകപ്പ് വിജയത്തിന് 11 വർഷം പൂർത്തിയാകും. ഇതൊരു നീണ്ട കാത്തിരിപ്പാണ്. ഞാനുൾപ്പെടെ എല്ലാവരും ആ മനോഹരമായ ട്രോഫി ബിസിസിഐ ക്യാബിനറ്റിൽ ഇരിക്കുന്നത് കാണുവാൻ ആഗ്രഹിക്കുന്നു. ”

” എല്ലാ ക്രിക്കറ്റ് കളിക്കാരും ഈ ഒരു ട്രോഫിയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്. ലോകകപ്പ്, അതിലും വലുതൊന്നുമില്ല, അത് ഏത് ഫോർമാറ്റിലായാലും ലോകകപ്പ് എന്നത് പ്രത്യേക വികാരമാണ്. രോഹിത് ശർമ്മയും രാഹുൽ ദ്രാവിഡും ഒന്നാന്തരം കൂട്ടുകെട്ടാണ്. അവർ അവരുടെ കഴിവിൻ്റെ പരമാവധി നൽകുമെന്ന് എനിക്കറിയാം. അതിനൊപ്പം ഒരുപാട് ആളുകൾ നിങ്ങളെ പിന്തുണയ്ക്കാനുമുണ്ടെങ്കിൽ പിന്നെന്താണ് വേണ്ടത്. ശരിയായ സമയത്ത് ലഭിക്കുന്ന പിന്തുണയാണ് പ്രധാനം. ”

” എല്ലാവരും വേണ്ടത്ര ക്രിക്കറ്റ് കളിച്ചുകഴിഞ്ഞു. ലോകകപ്പിലേക്കുള്ള യാത്രയിൽ ഉയർച്ചയും താഴ്‌ച്ചയും ഉണ്ടാകുമെന്ന് മനസ്സിലാക്കാൻ കെ എൽ രാഹുലിന് സാധിക്കും. പ്രതീക്ഷ കൈവിടാതിരിക്കുകയെന്നതാണ് പ്രധാനപെട്ട കാര്യം. ശ്രമം തുടരൂ, മുന്നോട്ട് തന്നെ പോകൂ ” സച്ചിൻ ടെണ്ടുൽക്കർ പറഞ്ഞു.

രോഹിത് ശർമ്മയുടെയും രാഹുൽ ദ്രാവിഡിൻ്റെയും മുന്നിലുള്ള ഏറ്റവും വലിയ ലക്ഷ്യം ഓസ്ട്രേലിയയിൽ ഈ വർഷം നടക്കുന്ന ടി20 ലോകകപ്പും തൊട്ടടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പുമായിരിക്കും. ഒരുപാട് മത്സരങ്ങളിൽ ഇന്ത്യയെ വിജയത്തിൽ എത്തിച്ചുവെങ്കിലും ഐസിസി കിരീടം നേടികൊടുക്കാൻ വിരാട് കോഹ്ലിയ്ക്കും രവി ശാസ്ത്രിയ്ക്കും സാധിച്ചിരുന്നില്ല. പുതിയ ക്യാപ്റ്റൻ – കോച്ച് കൂട്ടുകെട്ടിന് അതിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ.