Skip to content

സച്ചിൻ പോലും പലപ്പോഴും ദേഷ്യപെടാറുണ്ട്, എന്നാൽ അവൻ ഒരിക്കൽ പോലും ദേഷ്യപെട്ട് കണ്ടിട്ടില്ല, എം എസ് ധോണിയെ കുറിച്ച് രവി ശാസ്ത്രി

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയെ കുറിച്ച് മനസ്സുതുറന്ന് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി. ജീവിതത്തിൽ ഒട്ടേറെ കളിക്കാരെ താൻ കണ്ടിട്ടുണ്ടെങ്കിലും ധോണിയെ പോലെയൊരു താരത്തെ താൻ കണ്ടിട്ടില്ലയെന്നും മറ്റുള്ളവരിൽ നിന്നും ഏറെ വ്യത്യസ്തനാണ് ധോണിയെന്നും മുൻ പാകിസ്ഥാൻ പേസർ ഷോയിബ് അക്തറുമായി നടന്ന അഭിമുഖത്തിൽ രവി ശാസ്ത്രി പറഞ്ഞു.

എം എസ് ധോണിയ്ക്കൊപ്പം വിരാട് കോഹ്ലിയുടെയും രോഹിത് ശർമ്മയും സ്വഭാവത്തെ പറ്റി അഭിമുഖത്തിൽ മുൻ ഇന്ത്യൻ കോച്ച് മനസ്സുതുറന്നു. വിരാട് കളിക്കളത്തിലെത്തിയാൽ മത്സരിക്കാൻ മാത്രമാണ് നോക്കുകയെന്നും മറ്റൊന്നിനെ കുറിച്ചും കോഹ്ലി ചിന്തിക്കുകയില്ലെന്നും എന്നാൽ ഗ്രൗണ്ടിന് പുറത്ത് വിരാട് തീർത്തും വ്യത്യസ്തനാണെന്നും രോഹിത് ശർമ്മയാകട്ടെ എം എസ് ധോണിയെ ഏറെക്കുറെ പിന്തിരിഞ്ഞുനിൽക്കുന്ന സ്വഭാവക്കാരനാണെന്നും രവി ശാസ്ത്രി പറഞ്ഞു.

” എം എസ് ധോണി ഒരു അസാധാരണ വ്യക്തിയാണ്. അവനെ പോലെ ഒരാളെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. സെഞ്ചുറി നേടിയാലും പൂജ്യത്തിന് പുറത്തായാലും ലോകകപ്പ് ഉയർത്തിയാലും അല്ലെങ്കിൽ ആദ്യ റൗണ്ടിൽ തന്നെ പുറത്തായാലും അതൊന്നും തന്നെ അവന് പ്രശ്നമായിരുന്നില്ല. ”

” ഒരുപാട് കളിക്കാരെ ഞാൻ കണ്ടിട്ടുണ്ട്, എന്നാൽ ധോണിയെ പോലെ മറ്റാരുമില്ല. അതിശയകരമായ ക്ഷമാശീലമുള്ള സച്ചിൻ ടെണ്ടുൽക്കറെ ഞാൻ കണ്ടിട്ടുണ്ട്, എന്നാൽ ചില സമയങ്ങളിൽ ആ സച്ചിൻ പോലും ദേഷ്യപെടാറുണ്ട്. എന്നാൽ ധോണിയാകട്ടെ ഒരിക്കൽ പോലും ദേഷ്യപെട്ടിട്ടില്ല. അവൻ ഒന്നിനെയും കാര്യമാക്കാറില്ല. ” രവി ശാസ്ത്രി പറഞ്ഞു.

” തുറന്നുപറഞ്ഞാൽ അവൻ്റെ ഫോൺ നമ്പർ പോലും എൻ്റെ കയ്യിലില്ല. അവൻ്റെ നമ്പർ ഞാൻ ഇതുവരെയും ചോദിച്ചിട്ടില്ല. കാരണം അവൻ ഫോൺ കയ്യിൽ കൊണ്ടുനടക്കുന്ന വ്യക്തിയല്ലെന്ന് എനിക്കറിയാം. എന്നാൽ അവനുമായി എങ്ങനെയാണ് ബന്ധപെടേണ്ടതെന്ന് എനിക്കറിയാം. എം എസ് അത്തരത്തിലുള്ള ഒരാളാണ്. ” രവി ശാസ്ത്രി കൂട്ടിച്ചേർത്തു.