Skip to content

അവനെതിരെ ആളുകൾ കരുക്കൾ നീക്കി, കോഹ്ലി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിൽ ബിസിസിഐയ്ക്കെതിരെ ആരോപണവുമായി ഷോയിബ് അക്തർ

കോഹ്ലി ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിനെ കുറിച്ച് തൻ്റെ അഭിപ്രായം തുറന്നുപറഞ്ഞ് മുൻ പാകിസ്ഥാൻ പേസർ ഷോയിബ് അക്തർ. ടി20 ലോകകപ്പിന് ശേഷം ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ കോഹ്ലിയെ ബിസിസിഐ ഏകദിന ക്യാപ്റ്റൻസിയിൽ നിന്നും മാറ്റിയിരുന്നു. ഇതിനുപിന്നാലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പയ്ക്ക് ശേഷം കോഹ്ലി ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനവും ഒഴിയുകയായിരുന്നു.

കഴിഞ്ഞ വർഷം നടന്ന ടി20 ലോകകപ്പ് കോഹ്ലിയെ സംബന്ധിച്ച് ഇറുകിയ സാഹചര്യം ആയിരുന്നുവെന്നും 2021 ലോകകപ്പ് നേടിയില്ലയെങ്കിൽ കോഹ്ലി ക്യാപ്റ്റൻസിയിൽ പ്രശ്നങ്ങൾ നേരിടുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും കാര്യങ്ങൾ അതുപോലെ തന്നെ സംഭവിച്ചുവെന്നും അക്തർ പറഞ്ഞു. മുൻ ഇന്ത്യൻ ക്യാപ്റ്റനെതിരെ ഇന്ത്യൻ ക്രിക്കറ്റിൽ ലോബികൾ പോലും ഉണ്ടായിരുന്നുവെന്നും അക്തർ ആരോപിച്ചു.

” അത് കോഹ്ലിയെ സംബന്ധിച്ച് ഇറുകിയ സാഹചര്യമായിരുന്നു. ഞാൻ ദുബായിൽ ഉണ്ടായിരുന്നു. ടി20 ലോകകപ്പ് നേടാൻ സാധിച്ചില്ലയെങ്കിൽ അവനത് വലിയ പ്രശ്നമായി മാറുമെന്ന് എനിക്കറിയാമായിരുന്നു. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. കോഹ്ലിയ്ക്കെതിരെ ഇന്ത്യൻ ക്രിക്കറ്റിൽ ലോബികളുണ്ട്. അവനെതിരെ ആളുകളുണ്ട്, അതാണ് അവൻ ക്യാപ്റ്റൻ സ്ഥാനം രാജിവെയ്ക്കാനുള്ള കാരണം. ” അക്തർ പറഞ്ഞു.

( Picture Source : BCCI )

” താര പദവി ആസ്വദിക്കുന്നയാൾക്ക് എപ്പോഴും പ്രശ്നങ്ങൾ നേരിടേണ്ടിവരും. അതിൽ ഭയപ്പെടേണ്ടതില്ല. അനുഷ്ക നല്ലൊരു സ്ത്രീയാണ്, കോഹ്ലി നല്ലൊരു വ്യക്തിയും. ഒന്നിനെയും ഭയപ്പെടേണ്ട കാര്യം അവർക്കില്ല. രാജ്യം മുഴുവൻ കോഹ്ലിയെ സ്നേഹിക്കുന്നു. ഇത് കോഹ്ലിയെ സംബന്ധിച്ച് പരീക്ഷണസമയമാണ്. അതിൽ നിന്നും ശക്തമായി കോഹ്ലി തിരിച്ചുവരേണ്ടതുണ്ട്. ” അക്തർ കൂട്ടിചേർത്തു.

വരുന്ന മാസങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചതിൽ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിൽ കോഹ്ലിയ്ക്ക് സന്തോഷം തോന്നുമെന്നും പിന്നീട് അന്താരാഷ്ട്ര ക്രിക്കറ്റിൽ നൂറിലധികം സെഞ്ചുറി നേടാനുള്ള ആത്മവിശ്വാസം കോഹ്ലിയ്ക്കുണ്ടാകുമെന്നും അക്തർ കൂട്ടിചേർത്തു.