Skip to content

അവർ പരാജയപെട്ടാൽ മറ്റു ഇന്ത്യൻ താരങ്ങൾക്ക് സമ്മർദ്ദം താങ്ങാനാകില്ല, ഇന്ത്യ – പാക് പോരാട്ടത്തെ കുറിച്ച് മൊഹമ്മദ് ഹഫീസ്

ഐസിസി ടി20 ലോകകപ്പിൽ വീണ്ടും ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ് ഇന്ത്യയും പാകിസ്ഥാനും. ഇക്കുറി ഓസ്ട്രേലിയയിൽ നടക്കുന്ന ലോകകപ്പിൽ ചിരവൈരികളായ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ. വീണ്ടും ഇരുടീമുകളും ഏറ്റുമുട്ടാൻ ഒരുങ്ങുമ്പോൾ ഇന്ത്യ – പാക് പോരാട്ടത്തെ കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് മുൻ പാകിസ്ഥാൻ താരം മൊഹമ്മദ് ഹഫീസ്.

നിലവിലെ ഇന്ത്യൻ ടീമിൽ രോഹിത് ശർമ്മയെയും വിരാട് കോഹ്ലിയെയും ഒഴിച്ചുനിർത്തിയാൽ ഇന്ത്യ – പാക് മത്സരങ്ങളുടെ സമ്മർദ്ദം താങ്ങാൻ ആർക്കും സാധിക്കുകയില്ലെന്നും കഴിഞ്ഞ ടി20 ലോകകപ്പിലെ ഇന്ത്യയുടെ പരാജയത്തിന് പിന്നിലെ കാരണം അതാണെന്നും മൊഹമ്മദ് ഹഫീസ് പറഞ്ഞു.

” ഐസിസി എല്ലായ്പോഴും ഇന്ത്യ പാകിസ്ഥാൻ പോരാട്ടം ആദ്യ മത്സരമായി ഷെഡ്യൂൾ ചെയ്യുന്നു. രണ്ട് ടീമുകൾക്കും സമ്മർദ്ദമുണ്ട്. ഞാൻ ഒരുപാട് ഇന്ത്യ – പാക് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. നിങ്ങൾ ആദ്യ മത്സരം പരാജയപെട്ടാൽ അത് വലിയ തിരിച്ചടി തന്നെയാകും. കഴിഞ്ഞ ലോകകപ്പിൽ ഞങ്ങൾ ആദ്യ മത്സരം വിജയിച്ചതിന് ശേഷം ഇന്ത്യൻ ടീമിൻ്റെ ശരീരഭാഷ പഴയതുപോലെയായിരുന്നില്ല. കാരണം ഒരു കളിക്കാരൻ നേരിടുന്ന സമ്മർദ്ദം വളരെ വലുതാണ്. നിങ്ങൾക്ക് വിജയിച്ചാൽ സാധിച്ചില്ലയെങ്കിൽ അത് ബുദ്ധിമുട്ടാകും. ” ഹഫീസ് പറഞ്ഞു.

” വ്യക്തിപരമായി പാകിസ്ഥാൻ ഉയരത്തിൽ വളരുന്നതായി എനിക്ക് തോന്നുന്നു. ഇന്ത്യയെ സംബന്ധിച്ച് വിരാട് കോഹ്ലിയും രോഹിത് ശർമ്മയും ഇത്തരം വലിയ മത്സരങ്ങളിലെ പ്രധാന താരങ്ങളാണ്. മറ്റുള്ളവർ മോശക്കാരാണ് എന്നല്ല ഞാൻ പറയുന്നത്. എന്നാൽ കോഹ്ലിയ്ക്കും രോഹിത് ശർമ്മയ്ക്കും റൺസ് നേടാൻ സാധിച്ചില്ലയെങ്കിൽ ഇത്തരം വലിയ മത്സരങ്ങളിലെ സമ്മർദം താങ്ങാൻ മറ്റുള്ള ഇന്ത്യൻ താരങ്ങൾക്ക് സാധിക്കില്ല. ” മൊഹമ്മദ് ഹഫീസ് പറഞ്ഞു.

” ഇതൊരു നല്ല മത്സരമായിരിക്കുമെന്ന് ഞാൻ കരുതുന്നു. വിരാട് കോഹ്ലിയും രോഹിത് ശർമ്മയും മികച്ച ബാറ്റ്സ്മാന്മാരാണ് പക്ഷേ മറ്റുള്ളവർക്ക് ഇന്ത്യ – പാകിസ്താൻ മത്സരത്തിൻ്റെ സമ്മർദ്ദം താങ്ങാനാകില്ല. ” ഹഫീസ് കൂട്ടിചേർത്തു.

ഒക്ടോബർ 23 ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഐസിസി ടി20 ലോകകപ്പ് 2022 ൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നത്. രോഹിത് ശർമ്മയായിരിക്കും ലോകകപ്പിൽ ഇന്ത്യയെ നയിക്കുക.