Skip to content

ഇനി ക്യാപ്റ്റനല്ലയെന്ന കാര്യം ഓർമ വേണം, വിരാട് കോഹ്ലിയ്ക്ക് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ പൂജ്യത്തിന് പുറത്തായതിന് പുറകെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയ്ക്ക് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞുവെങ്കിലും മറ്റൊരു സമ്മർദ്ദം ഇനി കോഹ്ലിയ്ക്ക് മുൻപിൽ ഉണ്ടാകുമെന്നും അതിൽ കോഹ്ലി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഹർഭജൻ സിങ് പറഞ്ഞു.

കേപ് ടൗൺ ടെസ്റ്റിലെ തോൽവിയ്ക്ക് പുറകെയാണ് കോഹ്ലി ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്. തുടർന്ന് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഫിഫ്റ്റി നേടിയ കോഹ്ലിയ്ക്ക് രണ്ടാം മത്സരത്തിൽ റണ്ണൊന്നും നേടാൻ സാധിച്ചില്ല. വിമർശനങ്ങൾ ഏറ്റുവാങ്ങുമ്പോഴും മികച്ച ഫോമിൽ അല്ലാഞ്ഞിട്ടും കഴിഞ്ഞ 15 ഇന്നിങ്സിൽ നിന്നും 9 ഫിഫ്റ്റി വിരാട് കോഹ്ലി നേടിയിട്ടുണ്ട്.

” ഏഴ് വർഷത്തിന് ശേഷം ഒരു ക്യാപ്റ്റൻ സ്ഥാനമൊഴിയുമ്പോൾ ടീമിന് പുറത്തും അകത്തുമുള്ള ഒരുപാട് താരങ്ങൾക്ക് അത്ഭുതം തോന്നും. വിരാട് കോഹ്ലി തിടുക്കപ്പെട്ട് തീരുമാനമെടുത്തത് എന്നെയും അത്ഭുതപെടുത്തി. എന്നാൽ തൻ്റെ മനസ്സിൽ ഉള്ളതെന്താണെന്ന് വിരാട് കോഹ്ലിക്കറിയാം. തൻ്റെ ഭാവി പദ്ധതികൾ എന്താണെന്നും ഭാവിയിൽ എന്താണ് ചെയ്യാൻ പോകുന്നതെന്നും അവന് ഉത്തമബോധ്യം ഉണ്ടാകും. ”

” ഒരു ബാറ്റർ എന്ന നിലയിൽ വ്യത്യസ്ത സമ്മർദ്ദം ഇനി അവനുമേൽ ഉണ്ടാകും. അവൻ വലിയ കളിക്കാരനാണെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ ക്യാപ്റ്റൻ ആയിരിക്കുമ്പോൾ നിങ്ങളുടെ സെലക്ഷനെ കുറിച്ചോർത്ത് വിഷമിക്കേണ്ടതില്ല. നിങ്ങളെ എപ്പോഴും ഏത് ഫോമിലായാലും ടീമിൽ തിരഞ്ഞെടുക്കും. ” ഹർഭജൻ സിങ് പറഞ്ഞു.

” എന്നാൽ എത്രത്തോളം വലിയ കളിക്കാരൻ ആണെങ്കിലും നിങ്ങൾ സച്ചിൻ ടെണ്ടുക്കറോ, കപിൽ ദേവോ, സുനിൽ ഗാവസ്കറോ ആണെങ്കിൽ പോലും നിങ്ങൾ മികച്ച പ്രകടനം പുറത്തെടുത്തില്ലയെങ്കിൽ തീർച്ചയായും സമ്മർദ്ദം അനുഭവിക്കും. അതുകൊണ്ട് തന്നെ കഴിഞ്ഞ ഏഴ് വർഷം അനുഭവിക്കാത്ത ആ സമ്മർദ്ദം ഇനി അവനുമേൽ ഉണ്ടാകും. ഈ ഏഴ് വർഷക്കാലം ക്യാപ്റ്റനെന്ന നിലയിൽ ലോക ക്രിക്കറ്റിൽ ഏറ്റവും മികച്ച പ്രകടനം അവൻ കാഴ്ച്ചവെച്ചിരുന്നു. ഒരു ബാറ്ററെന്ന നിലയിലും ആ പ്രകടനം അവൻ തുടരുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അതുപോലെ ക്യാപ്റ്റനെന്ന നിലയിൽ ഇന്ത്യയെ വിജയിപ്പിച്ചതുപോലെ പ്ലേയർ എന്ന നിലയിലും അവനത് തുടരുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ” ഹർഭജൻ സിങ് കൂട്ടിചേർത്തു.