അവനെ ക്യാപ്റ്റനാക്കുവാൻ മറിച്ചൊന്നും ആലോചിക്കേണ്ടി വന്നില്ല, കെ എൽ രാഹുലിനെ ക്യാപ്റ്റനാക്കിയതിന് പിന്നിലെ കാരണം വിശദീകരിച്ച് ലഖ്നൗ ടീം ഉപദേശകൻ ഗൗതം ഗംഭീർ

മെഗാ താരലേലത്തിന് മുൻപായി മുൻ പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ കെ എൽ രാഹുലിനെ റെക്കോർഡ് തുകയ്ക്ക് ടീമിലെത്തിച്ചിരിക്കുകയാണ് പുതിയ ഐ പി എൽ ഫ്രാഞ്ചൈസിയായ ലഖ്നൗ. 17 കോടി രൂപയ്ക്കാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ കൂടിയായ കെ എൽ രാഹുലിനെ ലഖ്നൗ ടീമിലെത്തിച്ചത്. കെ എൽ രാഹുലാണ് സീസണിൽ ടീമിനെ നയിക്കുന്നതും. കെ എൽ രാഹുലിനെ റെക്കോർഡ് തുകയ്ക്ക് ടീമിലെത്തിച്ചതിന് പിന്നിലെ കാരണം വിശദീകരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും ലഖ്നൗ ടീമിൻ്റെ മെൻ്ററുമായ ഗൗതം ഗംഭീർ.

2018 മുതൽ എല്ലാ സീസണുകളിലും 550 ലധികം റൺസ് നേടുവാൻ കെ എൽ രാഹുലിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ 62.60 ശരാശരിയിൽ 626 റൺസ് കെ എൽ രാഹുൽ നേടിയിരുന്നു. മെഗാ ലേലത്തിന് മുൻപ് പഞ്ചാബ് താരത്തെ നിലനിർത്താൻ തയ്യാറായിരുന്നുവെങ്കിലും പുതിയ ടീമിലേക്ക് മാറാൻ രാഹുൽ താൽപ്പര്യം പ്രകടിപ്പിക്കുകയായിരുന്നു.

” കെ എൽ രാഹുലിൻ്റെ കാര്യത്തിൽ മറിച്ചൊന്നും ഞങ്ങൾക്ക് ആലോചിക്കേണ്ടിവന്നില്ല. ഒരു ബാറ്റർ എന്ന നിലയിൽ മാത്രമല്ല ഒരു ലീഡർ എന്ന നിലയിലും. ”

” തീർച്ചയായും ജോലി ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ രാഹുൽ മൂന്ന് ലാ ടീമിന് നൽകുന്നു. ഒന്ന് അവൻ ഓപ്പൺ ചെയ്യും, രണ്ട് അവൻ വിക്കറ്റ് കീപ്പറാണ്, മറ്റൊന്ന് അവൻ അസാധാരണ വൈറ്റ് ബോൾ ബാറ്റ്സ്മാനാണ്. പഞ്ചാബിനും മറ്റു ടീമുകൾക്കും വേണ്ടി കളിച്ചപ്പോൾ അവൻ്റെ സ്ഥിരതയും അവൻ്റെ റൺ സ്കോറിങും എല്ലാം അസാധാരണമായിരുന്നു. അങ്ങനെ മൂന്ന് കാര്യങ്ങൾ ടീമിന് നൽകുന്ന ഒരാളെ ലഭിക്കുന്നതിനേക്കാൾ നല്ലത് എന്താണ്. ” ഗംഭീർ പറഞ്ഞു.

കെ എൽ രാഹുലിനെ കൂടാതെ ഓസ്ട്രേലിയൻ ഓൾ റൗണ്ടർ മാർക്കസ് സ്റ്റോയിനിസിനെ 9.2 കോടിയ്ക്കും ഇന്ത്യൻ യുവ സ്പിന്നർ രവി ബിഷ്നോയിയെ 4 കോടിയ്ക്കുമാണ് ലഖ്നൗ സ്വന്തമാക്കിയത്.

” മാർക്കസ് സ്റ്റോയിനിസ് മികച്ച ഫിനിഷറാണ്. ബെൻ സ്റ്റോക്സ് ലേലത്തിൽ വരുമോ ഇല്ലയോ എന്ന് ഞങ്ങൾക്ക് 100 ശതമാനം ഉറപ്പില്ലായിരുന്നു. അതുകൊണ്ട് തന്നെ മികച്ച ഓൾ റൗണ്ടർമാർ ആരും തന്നെയുണ്ടായിരുന്നില്ല. കൂടാതെ സ്റ്റോയിനിസിന് മധ്യനിരയിൽ ബാറ്റ് ചെയ്യുകയും മത്സരങ്ങൾ ഫിനിഷ് ചെയ്യാനും സാധിക്കും. ” ഗംഭീർ കൂട്ടിചേർത്തു.