Skip to content

ഏകദിന ലോകകപ്പ് മുന്നിൽ കണ്ട് ഇനി അവന് അവസരം നൽകണം, ഭുവനേശ്വർ കുമാറിന് പകരക്കാരനെ നിർദ്ദേശിച്ച് സുനിൽ ഗാവസ്കർ

ഏകദിന ക്രിക്കറ്റിൽ മോശം പ്രകടനം തുടരുന്ന ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാറിന് പകരക്കാരനെ നിശ്ചയിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പ് മുന്നിൽ കണ്ടുകൊണ്ട് ഇനിമുതൽ ദീപക് ചഹാറിന് ഇന്ത്യ അവസരം നൽകണമെന്ന് നിർദ്ദേശിച്ച ഗവാസ്‌കർ തൻ്റെ അഭിപ്രായത്തിന് പിന്നിലെ കാരണവും വെളിപ്പെടുത്തി.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ രണ്ട് മത്സരങ്ങളിലും മികവ് പുറത്തെടുക്കുവാൻ ഭുവനേശ്വർ കുമാറിന് സാധിച്ചിരുന്നില്ല. ആദ്യ മത്സരത്തിൽ പത്തോവറിൽ 64 റൺസ് വഴങ്ങിയ താരം രണ്ടാം മത്സരത്തിൽ എട്ടോവറിൽ 67 റൺസ് വഴങ്ങിയിരുന്നു. രണ്ട് മത്സരത്തിലും വിക്കറ്റ് നേടുവാൻ ഇന്ത്യയുടെ സീനിയർ ബൗളർക്ക് സാധിച്ചില്ല. രണ്ട് മത്സരത്തിലും പരാജയപെട്ട ഇന്ത്യയാകട്ടെ പരമ്പര കൈവിടുകയും ചെയ്തു.

” ഭുവി ഇന്ത്യൻ ക്രിക്കറ്റിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള ബൗളറാണ്. എന്നാൽ കഴിഞ്ഞ വർഷം മുതൽ ഫ്രാഞ്ചൈസി ലെവൽ ക്രിക്കറ്റിൽ പോലും അവൻ റൺസ് അധികമായി വഴങ്ങുന്നു. ഇന്നിങ്സിൻ്റെ തുടക്കത്തിൽ കുഴപ്പമല്ലാതെ പന്തെറിയുമ്പോൾ ഇന്നിങ്സിൻ്റെ അവസാനത്തിൽ അവൻ റൺസ് വഴങ്ങുന്നു. അവസാന ഓവറുകളിൽ മികച്ച യോർക്കറുകളും സ്ലോ ബോളുകളും അവൻ എറിയാറുണ്ട്. എന്നാൽ അതൊന്നും ഇപ്പോൾ പ്രവർത്തിക്കുന്നില്ല. അത് സംഭവിക്കാം, കാരണം എതിർടീമുകൾ സദാസമയവും നിങ്ങളെ പഠിക്കുന്നു, നിങ്ങൾക്കെതിരെ എങ്ങനെ തയ്യാറാകണമെന്ന് അവർക്കറിയാം. അതുകൊണ്ട് തന്നെ അവന് പകരക്കാരനായി മറ്റാരെയെങ്കിലും നോക്കേണ്ട സമയമാണിത്. ”

” ഇത് ദീപക് ചഹാറിന് അവസരം നൽകേണ്ട സമയമാണ്. അവൻ ചെറുപ്പമാണ്, ഭുവിയെ പോലെ ഏതാണ്ട് ഒരേ തരത്തിലുള്ള ബൗളറും, ലോ ഓർഡറിൽ ബാറ്റ് ചെയ്യാനും അവന് സാധിക്കും. ” സുനിൽ ഗാവസ്കർ പറഞ്ഞു.

” 2023 ൽ നടക്കുന്ന ഏകദിന ലോകകപ്പിനായി ടീമിനെ വാർത്തെടുക്കുകയെന്നതാകണം ഇപ്പോഴത്തെ ടീമിൻ്റെ ലക്ഷ്യം. അതിനായി 17-18 മാസങ്ങൾ നമ്മുടെ മുൻപിലുണ്ട്. പരമാവധി ഏകദിനങ്ങൾ ടീം കളിക്കേണ്ടതുണ്ട്. വെസ്റ്റിഡീസിനെതിരെയും ശ്രീലങ്കയ്ക്കെതിരെയും മത്സരങ്ങൾ വരാനിരിക്കുന്നു, അതിനുശേഷം ഇംഗ്ലണ്ടിനെതിരെയും. അവിടെയാണ് അവർക്ക് പരമാവധി മത്സരങ്ങൾ നൽകേണ്ടത്. എങ്കിൽ അവർക്ക് ലോകകപ്പിനായി നന്നായി തയ്യാറെടുക്കാൻ സാധിക്കും. ” സുനിൽ ഗാവസ്കർ കൂട്ടിചേർത്തു.