Skip to content

ശരിയാകാതെ മധ്യനിര, ആദ്യ ഏകദിനത്തിൽ 31 റൺസിൻ്റെ പരാജയം ഏറ്റുവാങ്ങി ഇന്ത്യ

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 31 റൺസിൻ്റെ തോൽവി. മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 297 റൺസിൻ്റെ വിജലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 265 റൺസ് നേടാനെ സാധിച്ചുള്ളൂ.

84 പന്തിൽ 79 റൺസ് നേടിയ ശിഖാർ ധവാനും 63 പന്തിൽ 51 റൺസ് നേടിയ വിരാട് കോഹ്ലിയും മാത്രമാണ് ഇന്ത്യൻ ബാറ്റ്സ്മാന്മാരിൽ തിളങ്ങിയത്.

( Picture Source : BCCI )

43 പന്തിൽ 5 ഫോറും ഒരു സിക്സുമടക്കം 50 റൺസ് നേടിയ ഷാർദുൽ താക്കൂർ അവസാന ഓവറുകളിൽ പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. ഏകദിന ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച കെ എൽ രാഹുലിന് 17 പന്തിൽ 12 റൺസ് നേടാനെ സാധിച്ചുള്ളൂ.

( Picture Source : BCCI )

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലുങ്കി എങ്കിഡി, ഷംസി, പെഹ്ലുക്വായോ എന്നിവർ രണ്ട് വിക്കറ്റ് വീതവും ഐയ്ഡൻ മാർക്ക്രം, കേശവ് മഹാരാജ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

നേരത്തേ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക സെഞ്ചുറി നേടിയ ക്യാപ്റ്റൻ ബാവുമയുടെയും വാൻഡർ ഡസൻ്റെയും മികവിലാണ് മികച്ച സ്കോർ നേടിയത്. ഇരുവരും നാലാം വിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 204 റൺസ് കൂട്ടിചേർത്തു. ബാവുമ 143 പന്തിൽ 110 റൺസ് നേടി പുറത്തായപ്പോൾ വാൻഡർ ഡസൻ 96 പന്തിൽ 9 ഫോറും നാല് സിക്സുമടക്കം 129 റൺസ് നേടി പുറത്താകാതെ നിന്നു.

( Picture Source : BCCI )

പത്തോവറിൽ 48 റൺസ് വഴങ്ങി 2 വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയും പത്തോവറിൽ 53 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടിയ രവിചന്ദ്രൻ അശ്വിനും മാത്രമാണ് ഇന്ത്യൻ ബൗളർമാരിൽ മികവ് പുലർത്തിയത്. മത്സരത്തിലെ വിജയത്തോടെ പരമ്പരയിൽ ദക്ഷിണാഫ്രിക്ക 1-0 ന് മുൻപിലെത്തി.

( Picture Source : BCCI )