Skip to content

ഷാംപെയിന്‍ കുപ്പി പൊട്ടിച്ചതിന് പുറകെ ആഘോഷത്തിൽ നിന്നും പിന്മാറി ഖ്വാജ, പിന്നാലെ കുപ്പികൾ മാറ്റിവെപ്പിച്ചുകൊണ്ട് താരത്തെ തിരികെവിളിച്ച് കമ്മിൻസ്, വീഡിയോ കാണാം

ആഷസ് പരമ്പരയിലെ തകർപ്പൻ വിജയത്തിനൊപ്പം ആരാധകരുടെ ഹൃദയം കീഴടക്കി ഓസ്ട്രേലിയൻ പാറ്റ് കമ്മിൻസ്. ആഷസ് പരമ്പരയിലെ 4-0 ന് സ്വന്തമാക്കിയ ശേഷം നടന്ന വിജയാഘോഷത്തിനിടെ സഹതാരം ഉസ്മാൻ ഖ്വാജയ്ക്ക് കൊടുത്ത പരിഗണനയാണ് ഇപ്പോൾ കമ്മിൻസിന് കയ്യടിനേടികൊടുത്തിരിക്കുന്നത്.

( Picture Source : Twitter )

പരമ്പര സ്വന്തമാക്കിയ ശേഷം ട്രോഫിയുമായി ടീമംഗങ്ങൾ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഡേവിഡ് വാർണർ ഷാംപെയിൻ ബോട്ടിൾ പൊട്ടിച്ചുകൊണ്ട് ആഘോഷം ആരംഭിക്കുകയും ഉടനെ ഉസ്മാൻ ഖ്വാജ പിന്മാറുകയും ചെയ്തു. മറ്റു താരങ്ങൾ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഉസ്മാൻ ഖ്വാജ മാറിനിൽക്കുന്നത് ശ്രദ്ധയിൽ പെട്ട കമ്മിൻസ് ബോട്ടിലുകൾ മാറ്റിവെപ്പിച്ചുകൊണ്ട് ഖ്വാജയെ തിരികെ വിളിപ്പിക്കുകയും ചെയ്തു.

വീഡിയോ :

ട്രാവിസ് ഹെഡിന് പകരക്കാരനായി നാലാം ടെസ്റ്റിലാണ് ഉസ്മാൻ ഖ്വാജയ്ക്ക് അവസരം ലഭിച്ചത്. മത്സരത്തിൽ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടി തകർപ്പൻ പ്രകടനം പുറത്തെടുത്ത താരത്തെ അഞ്ചാം ടെസ്റ്റിൽ മാർക്കസ് ഹാരിസിന് പകരക്കാരനായി ഓപ്പണറായി ഓസ്ട്രേലിയ ടീമിൽ ഉൾപെടുത്തി.

( Picture Source : Twitter )

മത്സരത്തിന് പിന്നാലെ വീഡിയോ പങ്കുവെച്ചുകൊണ്ട് തൻ്റെ സഹതാരങ്ങൾക്ക് ഖ്വാജ നന്ദി പറഞ്ഞു.

” അവരെന്നെ പിന്തുണയ്ക്കുന്നുവെന്ന് ഈ വീഡിയോ തെളിയിച്ചില്ലയെങ്കിൽ പിന്നെന്താണ് തെളിയിക്കുകയെന്ന് എനിക്കറിയില്ല. എന്നെ തിരികെ വിളിക്കാനായി അവർ അവരുടെ ഷാംപെയ്ൻ ആഘോഷങ്ങൾ നിർത്തി. നമ്മൾ ശരിയായ ദിശയിലാണ് പോകുന്നതെന്ന് എനിക്ക് തോന്നുന്നു. ” ഉസ്മാൻ ഖ്വാജ പറഞ്ഞു.

( Picture Source : Twitter )

അഞ്ചാം ടെസ്റ്റിൽ 146 റൺസിന് വിജയിച്ചുകൊണ്ടാണ് ഓസ്ട്രേലിയ ആഷസ് പരമ്പര 4-0 ന് സ്വന്തമാക്കിയത്. മത്സരത്തിൽ 271 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് 124 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ടമായി. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ചുകൊണ്ട് നേരത്തേ തന്നെ ഓസ്ട്രേലിയ ആഷസ് നിലനിർത്തിയിരുന്നു. സിഡ്നിയിൽ നടന്ന മത്സരം സമനിലയിൽ കലാശിച്ചതിനാലാണ് വൈറ്റ് വാഷ് ഒഴിവാക്കാൻ ഇംഗ്ലണ്ടിന് സാധിച്ചത്. പരമ്പരയിൽ 357 റൺസ് നേടിയ ട്രാവിസ് ഹെഡാണ് പ്ലേയർ ഓഫ് ദി സിരീസ്.

( Picture Source : Twitter )