Skip to content

ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റൻ, ക്യാപ്റ്റനായി ഏറ്റവും കൂടുതൽ ഡബിൾ സെഞ്ചുറി ,ടെസ്റ്റ് ക്രിക്കറ്റിൽ ക്യാപ്റ്റനായി കോഹ്ലി നേടിയിട്ടുള്ള തകർപ്പൻ റെക്കോർഡുകൾ

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞിരിക്കുകയാണ് വിരാട് കോഹ്ലി. അപ്രതീക്ഷിതമായി തൻ്റെ ഔദ്ധ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നുവെന്ന് വിരാട് കോഹ്ലി അറിയിച്ചത്. നേരത്തേ കഴിഞ്ഞ വർഷം ഐ പി എല്ലിൽ ആർ സി ബി ക്യാപ്റ്റൻ സ്ഥാനവും ഇന്ത്യൻ ടി20 ക്യാപ്റ്റനവും വിരാട് കോഹ്ലി ഒഴിഞ്ഞിരുന്നു. തുടർന്ന് ഏകദിന ക്യാപ്റ്റൻ സ്ഥാനത്തുനിന്നും ബിസിസിഐ കോഹ്ലിയെ ഒഴിവാക്കിയിരുന്നു.

( Picture Source : BCCI )

2014 ൽ നടന്ന ഓസ്ട്രേലിയൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലാണ് കോഹ്ലി ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റനാകുന്നത്. അപ്രതീക്ഷിതമായി ടെസ്റ്റ് ക്യാപ്റ്റൻസിയിൽ നിന്നും ഒഴിഞ്ഞ എം എസ് ധോണി ഇന്ത്യൻ ടീമിനെ മുന്നോട്ട് നയിക്കുവാനുള്ള ദൗത്യം കോഹ്ലിയ്ക്ക് കൈമാറുകയായിരുന്നു. അവിടെ മുതൽ ഉയരങ്ങളിലേക്കാണ് കോഹ്ലി ഇന്ത്യൻ ടെസ്റ്റ് ടീമിനെ നയിച്ചത്. ആദ്യമായി ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര നേടിയ ഇന്ത്യ തുടർച്ചയായ അഞ്ച് വർഷം ടെസ്റ്റ് റാങ്കിങിൽ കോഹ്ലിയുടെ കീഴിൽ ഒന്നാം സ്ഥാനം നിലനിർത്തി. നിരവധി റെക്കോർഡുകളാണ് വിരാട് കോഹ്ലി ഈ കാലയളവിൽ സ്വന്തമാക്കിയത് അവ ഏതൊക്കെയെന്ന് നോക്കാം …

( Picture Source : BCCI )

1. ഇന്ത്യയുടെ എക്കാലത്തേയും മികച്ചതായിരുന്നു ടെസ്റ്റ് ക്യാപ്റ്റ്നായാണ് കോഹ്ലി ക്യാപ്റ്റൻ സ്ഥാനത്തുനിന്നും പടിയിറങ്ങുന്നത്. 68 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച കോഹ്ലി 40 ലും ടീമിനെ വിജയത്തിലെത്തിച്ചിട്ടുണ്ട്. 27 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ വിജയത്തിലെത്തിച്ച ധോണിയാണ് ഇന്ത്യൻ ക്യാപ്റ്റന്മാരിൽ കോഹ്ലിയ്ക്ക് പുറകിലുള്ളത്.

( Picture Source : BCCI )

2. ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിജയം നേടിയ നാലാമത്തെ ക്യാപ്റ്റനാണ് വിരാട് കോഹ്ലി. 41 വിജയം നേടിയ സ്റ്റീവ് വോ, 48 വിജയം നേടിയ റിക്കി പോണ്ടിങ്, 53 മത്സരങ്ങളിൽ ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ച ഗ്രെയിം സ്മിത്ത് എന്നിവർ മാത്രമാണ് കോഹ്ലിയ്ക്ക് മുൻപിലുള്ളത്.

3. ടെസ്റ്റിൽ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ രണ്ടാമത്തെ ബാറ്റ്സ്മാനാണ് കോഹ്ലി. 25 സെഞ്ചുറി നേടിയ ഗ്രെയിം സ്മിത്ത് മാത്രമാണ് കോഹ്ലിയ്ക്ക് മുൻപിലുള്ളത്.

( Picture Source : BCCI )

4. ടെസ്റ്റിൽ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ ഡബിൾ സെഞ്ചുറി നേടിയ താരമാണ് കോഹ്ലി. അഞ്ച് ഡബിൾ സെഞ്ചുറി നേടിയ ബ്രയാൻ ലാറയാണ് ഈ നേട്ടത്തിൽ കോഹ്ലിയ്ക്ക് പിന്നിലുള്ളത്. സാക്ഷാൽ ഡോൺ ബ്രാഡ്മാൻ പോലും ക്യാപ്റ്റനായി നാല് ഡബിൾ സെഞ്ചുറിയാണ് നേടിയിട്ടുള്ളത്.

5. ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര നേടിയ ആദ്യ ഏഷ്യൻ ക്യാപ്റ്റനെന്ന റെക്കോർഡ് വിരാട് കോഹ്ലിയുടെ പേരിലാണ്. SENA രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ വിജയം നേടിയിട്ടുള്ള ഏഷ്യൻ ക്യാപ്റ്റനും വിരാട് കോഹ്ലിയാണ്.

( Picture Source : BCCI )