ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. കേപ് ടൗണിൽ നടന്ന മത്സരത്തിൽ വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ പരാജയപെടുത്തിയത്. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1 ന് ദക്ഷിണാഫ്രിക്ക സ്വന്തമാക്കി.

ഇന്ത്യ ഉയർത്തിയ 212 റൺസിൻ്റെ വിജലക്ഷ്യം ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 113 പന്തിൽ 82 റൺസ് നേടിയ കീഗൻ പീറ്റേഴ്സനാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചത്. റാസി വാഡർഡസൻ 41 റൺസും ബാവുമാ 32 റൺസും നേടി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്ക് വേണ്ടി ബുംറ, മൊഹമ്മദ് ഷാമി, ഷാർദുൽ താക്കൂർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
ബാറ്റിങ് നിരയുടെ മോശം പ്രകടമാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായത്. 13 റൺസിൻ്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് 198 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ. 139 പന്തിൽ 100 റൺസ് നേടിയ റിഷഭ് പന്ത് മാത്രമാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. കെഎൽ രാഹുലും കോഹ്ലിയും മാത്രമാണ് പന്തിനെ കൂടാതെ ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്നത്.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മാർക്കോ യാൻസൻ നാല് വിക്കറ്റും റബാഡ, ലുങ്കി എങ്കിഡി എന്നിവർ മൂന്ന് വിക്കറ്റ് വീതവും നേടി.

നേരത്തേ ആദ്യ ഇന്നിങ്സിലും ഫിഫ്റ്റി നേടിയ കീഗൻ പീറ്റേഴ്സനാണ് ഇന്ത്യയ്ക്ക് വില്ലനായത്. 166 പന്തിൽ 72 റൺസ് യുവതാരത്തിൻ്റെ മികവിലാണ് ദക്ഷിണാഫ്രിക്ക 210 റൺസ് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി ബുംറ അഞ്ച് വിക്കറ്റും ഉമേഷ് യാദവ്, മൊഹമ്മദ് ഷാമി എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി. നേരത്തേ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി 201 പന്തിൽ 79 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലി മാത്രമാണ് തിളങ്ങിയത്.
