Skip to content

ഇന്ത്യയുടെ ഏറ്റവും വലിയ മാച്ച് വിന്നർ, തകർപ്പൻ സെഞ്ചുറി നേടിയ പന്തിനെ പ്രശംസിച്ച് സച്ചിനും സെവാഗും അടക്കമുള്ള മുൻ താരങ്ങൾ

ദക്ഷിണാഫ്രിക്കയ്ക്കെതിരായ കേപ് ടൗൺ ടെസ്റ്റിൽ തകർപ്പൻ സെഞ്ചുറി നേടിയ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്തിനെ പ്രശംസിച്ച് സച്ചിൻ ടെണ്ടുൽക്കറും വി വി എസ് ലക്ഷ്മണും അടക്കമുള്ള മുൻ താരങ്ങൾ. മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ സെഞ്ചുറി നേടിയ റിഷഭ് പന്ത് മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. 198 റൺസിൽ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് അവസാനിച്ചപ്പോൾ അതിൽ നൂറ് റൺസും നേടിയത് റിഷഭ് പന്തായിരുന്നു.

( Picture Source : BCCI )

58 റൺസിന് 4 വിക്കറ്റ് എന്ന ഘട്ടത്തിലാണ് രണ്ടാം ഇന്നിങ്സിൽ പന്ത് ക്രീസിലെത്തിയത്. തൊട്ടടുത്ത ഓവറുകളിൽ സീനിയർ ബാറ്റ്മാന്മാരായ പുജാരയെയും രഹാനെയും നഷ്ടപെട്ട ശേഷം ക്രീസിലെത്തിയ പന്ത് ക്യാപ്റ്റൻ വിരാട് കോഹ്ലിയ്ക്കൊപ്പം അഞ്ചാം വിക്കറ്റിൽ 94 റൺസ് കൂട്ടിചേർത്തു. കോഹ്ലി 143 പന്തിൽ 29 റൺസ് നേടി പുറത്തായപ്പോൾ ടെസ്റ്റ് കരിയറിലെ തൻ്റെ നാലാം സെഞ്ചുറി നേടിയ പന്ത് 139 പന്തിൽ 6 ഫോറും 4 സിക്സുമടക്കം 100 റൺസ് നേടി പുറത്താകാതെ നിന്നു. കോഹ്ലിയ്ക്കും പന്തിനുമൊപ്പം 10 റൺസ് നേടിയ കെ എൽ രാഹുൽ മാത്രമാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്നത്.

( Picture Source : BCCI )

9 റൺസ് നേടി പുറത്തായ പുജാരയും ഒരു റൺ മാത്രം നേടിയ അജിങ്ക്യ രഹാനെയും വീണ്ടും മോശം പ്രകടനം പുറത്തെടുത്തു.

തകർപ്പൻ സെഞ്ചുറിയ്ക്ക് പുറകെ നിരവധി മുൻ താരങ്ങൾ പന്തിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തി. ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച മാച്ച് വിന്നറിൽ ഒരാളെന്നാണ് പന്തിനെ മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ് വിശേഷിപ്പിച്ചത്.

” അവൻ ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ഇതിനുമുൻപ് ടെസ്റ്റ് സെഞ്ചുറി നേടിയിട്ടുണ്ട്. കേപ് ടൗണിൽ നേടിയ ഈ സെഞ്ചുറി ഏറ്റവും മികച്ച കൗണ്ടർ ഇന്നിങ്‌സുകളിൽ ഒന്നാണ്. അവൻ്റെ സെഞ്ചുറി ഇന്ത്യയെ കളിയിൽ നിലനിർത്തി ” വി വി എസ് ലക്ഷ്മൺ ട്വിറ്ററിൽ കുറിച്ചു.

” ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച സെഞ്ചുറികളിലൊന്ന്. ക്രിക്കറ്റിന് പന്തിനെ പോലെയുള്ള കളിക്കാരെ ആവശ്യമാണ്. ” മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ കുറിച്ചു.

സെഞ്ചുറിയോടെ സൗത്താഫ്രിക്കയിലും ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന റെക്കോർഡും പന്ത് സ്വന്തമാക്കി.

( Picture Source : BCCI )