ദക്ഷിണാഫ്രിക്കയ്ക്കെതിരായ തകർപ്പൻ സെഞ്ചുറി, ചരിത്രനേട്ടം സ്വന്തമാക്കി റിഷഭ് പന്ത്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ കേപ് ടൗൺ ടെസ്റ്റിലെ തകർപ്പൻ സെഞ്ചുറിയോടെ ചരിത്രനേട്ടം കുറിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. സെഞ്ചുറി നേടിയ പന്ത് മാത്രമാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്കായി തിളങ്ങിയത്. ടെസ്റ്റ് കരിയറിലെ പന്തിൻ്റെ നാലാം സെഞ്ചുറിയാണിത്. സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ മറ്റൊരു ഏഷ്യൻ വിക്കറ്റ് കീപ്പർക്കും നേടാനാകാത്ത റെക്കോർഡ് പന്ത് സ്വന്തമാക്കി.

( Picture Source : BCCI )

13 റൺസിൻ്റെ നേരിയ ലീഡുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് 198 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ടമായി. 22 പന്തിൽ 10 റൺസ് നേടിയ കെ എൽ രാഹുലും 143 പന്തിൽ 29 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയും മാത്രമാണ് പന്തിന് പുറമേ ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്നത്. 139 പന്തിൽ 6 ഫോറും നാല് സിക്സുമടക്കം 100 റൺസ് നേടിയ റിഷഭ് പന്ത് മാത്രമാണ് ഇന്ത്യൻ ബാറ്റിങ് നിരയിൽ തിളങ്ങിയത്. ടെസ്റ്റ് കരിയറിലെ തൻ്റെ നാലാം സെഞ്ചുറിയാണ് റിഷഭ് പന്ത് നേടിയത്.

( Picture Source : BCCI )

മത്സരത്തിലെ സെഞ്ചുറിയോടെ സൗത്താഫ്രിക്കൻ മണ്ണിൽ ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ ഏഷ്യൻ വിക്കറ്റ് കീപ്പറെന്ന ചരിത്രനേട്ടം റിഷഭ് പന്ത് സ്വന്തമാക്കി. ഇതിനുമുൻപ് 2018 ഇംഗ്ലണ്ടിലെ ഓവലിലും 2019 ൽ ഓസ്ട്രേലിയയിലെ സിഡ്നിയിലും റിഷഭ് പന്ത് സെഞ്ചുറി നേടിയിരുന്നു. ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ കൂടിയാണ് റിഷഭ് പന്ത്.

( Picture Source : BCCI )

ആദ്യ ഇന്നിങ്സിൽ 9 റൺസ് മാത്രം നേടി പുറത്തായ അജിങ്ക്യ രഹാനെയ്ക്ക് രണ്ടാം ഇന്നിങ്സിൽ ഒരു റൺ മാത്രം നേടാനെ സാധിച്ചുള്ളൂ. ആദ്യ ഇന്നിങ്സിൽ 43 റൺസ് നേടിയ ചേതേശ്വർ പുജാരയ്ക്ക് രണ്ടാം ഇന്നിങ്സിൽ 9 റൺസ് നേടുവാൻ മാത്രമേ സാധിച്ചുള്ളൂ.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മാർക്കോ യാൻസൻ 36 റൺസ് വഴങ്ങി നാല് വിക്കറ്റും ലുങ്കി എങ്കിഡി, കഗിസോ റബാഡ എന്നിവർ മൂന്ന് വിക്കറ്റ് വീതവും നേടി.

( Picture Source : BCCI )