Skip to content

സ്‌നിക്കോയിൽ സ്പൈക്ക് കാണിച്ചിട്ടും കോഹ്ലിയുടെ ഔട്ട് വിധികാതെ അമ്പയർ ; അമ്പരന്ന് സൗത്ത് ആഫ്രിക്കൻ താരങ്ങൾ – വീഡിയോ

കരിയറിലെ തന്നെ ഏറ്റവും മികച്ച  ഇന്നിംഗ്സുകളിൽ ഒന്നായിരുന്നു ഇന്നലെ കേപ്പ് ടൌൺ സ്റ്റേഡിയത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി പുറത്തെടുത്തത്. സെഞ്ചുറിക്ക് 21 റൺസ് അകലെ വീണുവെങ്കിലും ക്രിക്കറ്റ് ലോകം ഈ ഇന്നിംഗ്സ് പ്രശംസ കൊണ്ട് മൂടുകയായിരുന്നു. ഒരറ്റത്ത് ഇന്ത്യൻ താരങ്ങൾ നിശ്ചിത ഇടവേളകളിൽ വീണപ്പോഴും മറുവശത്ത് ഇതുവരെ കോഹ്ലിയിൽ കണ്ടിട്ടില്ലാത്ത ക്ഷമയും സൂക്ഷ്മതയുമാണ് ഇന്നലെ ആരാധകർ കണ്ടത്.

201 പന്തിൽ നിന്ന് 1 സിക്‌സും 12 ഫോറും ഉൾപ്പെടെ  79 റൺസാണ് കോഹ്ലി അടിച്ചു കൂട്ടിയത്. അതേസമയം ഇന്നിംഗ്‌സിനിടെ 39 റൺസിൽ നിൽക്കെ തലനാരിഴയ്ക്ക് പുറത്താകലിൽ കോഹ്ലി രക്ഷപ്പെട്ടിരുന്നു. 51ആം ഓവറിൽ ഒലിവിയറിന്റെ നാലാം പന്തിൽ കോഹ്ലിയുടെ ബാറ്റിലുരസി വിക്കറ്റ് കീപ്പർ ക്യാച്ച് എടുത്തതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സൗത്ത് ആഫ്രിക്കയുടെ അപ്പീൽ. എന്നാൽ അമ്പയർ ഔട്ട് വിധിച്ചില്ല.

ഇതോടെ സൗത്ത്ആഫ്രിക്ക തേർഡ് അമ്പയറെ സമീപിക്കുകയായിരുന്നു. പരിശോധനയിൽ പന്ത് ബാറ്റിന്റെ അടുത്തുള്ള സമയത്ത് സ്നിക്കോയിൽ സ്പൈക്ക് കാണിച്ചു. ഇതോടെ കോഹ്ലി ഔട്ട് എന്ന മട്ടിൽ ബിഗ് സ്ക്രീനിൽ പരിശോധന വീക്ഷിക്കുകയായിരുന്ന സൗത്ത് ആഫ്രിക്കൻ താരങ്ങൾ ആവേഷത്തിലായി. എന്നാൽ സ്പൈക്ക് കാണിക്കുന്ന സമയത്ത് കോഹ്ലിയുടെ ബാറ്റും പന്തും തമ്മിൽ ഗ്യാപ് ഉള്ളതിനാൽ തേർഡ് അമ്പയർ അത് തള്ളി കളഞ്ഞു. കോഹ്ലിയുടെ തുടയിലെ പാഡിൽ ബോൾ കൊണ്ടതാണ് ബാറ്റിലുരസിയതായി സൗത്ത്ആഫ്രിക്ക തെറ്റിദ്ധരിച്ചത്.

മത്സരത്തിൽ ഇന്ത്യ ആദ്യ ഇന്നിംഗ്‌സിൽ 223 റൺസിനാണ് പുറത്തായത്. 79 റണ്‍സെടുത്ത ക്യാപ്റ്റൻ വിരാട് കോഹ്‌ലി മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്. ചേതശ്വര്‍ പൂജാര 43 റണ്‍സെടുത്തു. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍മാര്‍ വെറും 31 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ത്തത്. ആദ്യം രാഹുലിനെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 12 റണ്‍സെടുത്ത രാഹുലിനെ ഡ്യൂവാന്‍ ഒലിവിയര്‍ പുറത്താക്കി. തൊട്ടുപിന്നാലെ മായങ്ക് അഗര്‍വാളും പുറത്തായി.15 റണ്‍സെടുത്ത മായങ്കിനെ കഗിസോ റബാദയാണ് പുറത്താക്കിയത്.
പിന്നീട് ക്രീസിലൊന്നിച്ച വിരാട് കോഹ്‌ലിയും ചേതേശ്വര്‍ പൂജാരയും ചേര്‍ന്ന് വലിയ തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചു. ഇരുവരും 62 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

എന്നാല്‍ ടീം സ്‌കോര്‍ 95-ല്‍ നില്‍ക്കേ പൂജാര പുറത്തായി. 77 പന്തുകളില്‍ നിന്ന് 43 റണ്‍സെടുത്ത പൂജാരയെ മാര്‍ക്കോ ജാന്‍സണ്‍ പുറത്താക്കി. പൂജാരയ്ക്ക് പകരം അജിങ്ക്യ രഹാനെ ക്രീസിലെത്തി. പിന്നാലെ വന്ന അജിങ്ക്യ രഹാനെ വീണ്ടും നിരാശപ്പെടുത്തി. വെറും ഒന്‍പത് റണ്‍സ് മാത്രമെടുത്ത രഹാനെ റബാദയ്ക്ക് മുന്നില്‍ കീഴടങ്ങി.സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി കഗിസോ റബാദ നാലുവിക്കറ്റെടുത്തപ്പോള്‍ മാര്‍ക്കോ ജാന്‍സണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഡ്യൂവാന്‍ ഒലിവിയര്‍, ലുങ്കി എന്‍ഗിഡി, കേശവ് മഹാരാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.