Skip to content

തകർപ്പൻ നേട്ടത്തിൽ രാഹുൽ ദ്രാവിഡിനെ പിന്നിലാക്കി വിരാട് കോഹ്ലി, മുൻപിൽ സച്ചിൻ മാത്രം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ കേപ് ടൗൺ ടെസ്റ്റിലെ മികച്ച പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ ഫിഫ്റ്റി നേടി മികച്ച പ്രകടനമാണ് കോഹ്ലി പുറത്തെടുത്തത്. ഇതിനുപുറകെയാണ് തകർപ്പൻ നേട്ടത്തിൽ മുൻ ക്യാപ്റ്റനും നിലവിലെ ഇന്ത്യൻ ഹെഡ് കോച്ചുമായ രാഹുൽ ദ്രാവിഡിനെ കോഹ്ലി പിന്നിലാക്കിയത്.

( Picture Source : BCCI )

സെഞ്ചുറിയ്ക്ക് 21 റൺസ് അകലെ 79 റൺസ് നേടിയാണ് കോഹ്ലി പുറത്തായത്. 12 ഫോറും ഒരു സിക്സും കോഹ്ലിയുടെ ബാറ്റിൽ നിന്നും പിറന്നിരുന്നു. കോഹ്ലിയുടെ മികവിൽ 223 റൺസ് നേടിയാണ് ആദ്യ ഇന്നിങ്സിൽ ഇന്ത്യ ഓൾ ഔട്ടായത്. കോഹ്ലിയ്‌ക്ക് പുറമെ 43 റൺസ് നേടിയ പുജാര മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

ആദ്യ ഇന്നിങ്സിലെ പ്രകടനത്തോടെ സൗത്താഫ്രിക്കയിൽ ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനായി കോഹ്ലി മാറി. 14 റൺസ് നേടിയതോടെയാണ് ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റിൽ 624 റൺസ് നേടിയിരുന്ന രാഹുൽ ദ്രാവിഡിനെ കോഹ്ലി പിന്നിലാക്കിയത്. മത്സരത്തിലെ പ്രകടനമടക്കം ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റിൽ 53.07 ശരാശരിയിൽ 690 റൺസ് കോഹ്ലി നേടിയിട്ടുണ്ട്.

15 മത്സരങ്ങളിൽ നിന്നും 5 സെഞ്ചുറിയുൾപ്പടെ 46.4 ശരാശിയിൽ 1161 റൺസ് നേടിയിട്ടുള്ള സച്ചിൻ ടെണ്ടുൽക്കറാണ് ഈ നേട്ടത്തിൽ വിരാട് കോഹ്ലിയ്ക്ക് മുൻപിലുള്ളത്.

( Picture Source : BCCI )

കൂടാതെ മത്സരത്തിലെ പ്രകടനത്തോടെ മൂന്ന് ഫോർമാറ്റിലുമായി ദക്ഷിണാഫ്രിക്കയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാത്തെ ഇന്ത്യൻ ബാറ്റ്സ്മാനെന്ന നേട്ടവും കോഹ്ലി സ്വന്തമാക്കി. രാഹുൽ ദ്രാവിഡിനെയും സൗരവ് ഗാംഗുലിയെയുമാണ് ഈ പട്ടികയിൽ കോഹ്ലി പിന്നിലാക്കിയത്. ഇരുവരും സൗത്താഫ്രിക്കയിൽ 1554 റൺസ് നേടിയിട്ടുണ്ട്. ആദ്യ ഇന്നിങ്സിലെ പ്രകടനമടക്കം ദക്ഷിണാഫ്രിക്കയിൽ മൂന്ന് ഫോർമാറ്റിൽ നിന്നുമായി 28 മത്സരങ്ങളിൽ നിന്നും 62.38 ശരാശരിയിൽ 1622 റൺസ് കോഹ്ലി നേടിയിട്ടുണ്ട്.

( Picture Source : BCCI )

56 മത്സരങ്ങളിൽ നിന്നും 41.00 ശരാശരിയിൽ 2624 റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കറാണ് ഈ നേട്ടത്തിലും കോഹ്ലിയ്ക്ക് മുൻപിലുള്ളത്. 9 സെഞ്ചുറി സൗത്താഫ്രിക്കൻ മണ്ണിൽ സച്ചിൻ നേടിയിട്ടുണ്ട്.

( Picture Source : BCCI )