Skip to content

ഒറ്റയ്ക്ക് പൊരുതി വിരാട് കോഹ്ലി, സൗത്താഫ്രിക്കയ്ക്കെതിരേർ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ. കേപ് ടൗണിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 223 റൺസ് നേടി പുറത്തായി. ഫിഫ്റ്റി നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ മികവിലാണ് ഭേദപ്പെട്ട സ്കോർ ഇന്ത്യ നേടിയത്.

മറുപടി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഒന്നാം ദിനം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 17 റൺസ് നേടിയിട്ടുണ്ട്. 8 റൺസ് നേടിയ എയ്ഡൻ മാർക്രവും 6 റൺസ് നേടിയ കേശവ് മഹരാജുമാണ് ക്രീസിലുള്ളത്. 3 റൺസ് നേടിയ ക്യാപ്റ്റൻ ഡീൻ എൽഗറിൻ്റെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ജസ്പ്രീത് ബുംറയാണ് ഇന്ത്യയ്ക്ക് വേണ്ടി വിക്കറ്റ് നേടിയത്. 

( Picture Source : BCCI )

201 പന്തിൽ 79 റൺസ് നേടിയ വിരാട് കോഹ്ലിയാണ് ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. 12 ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിംഗ്സ്. സെഞ്ചുറിയിലേക്ക് നീങ്ങുകയായിരുന്ന ഇന്ത്യൻ ക്യാപ്റ്റനെ കഗിസോ റബാഡയാണ് പുറത്താക്കിയത്. ചേതേശ്വർ പുജാര 77 പന്തിൽ 43 റൺസ് നേടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തപ്പോൾ 12 പന്തിൽ 9 റൺസ് മാത്രം നേടിയ അജിങ്ക്യ രഹാനെ വീണ്ടും നിരാശപെടുത്തി.

( Picture Source : BCCI )

വിക്കറ്റ് കീപ്പർ റിഷഭ് പന്ത് 50 പന്തിൽ 27 റൺസ് നേടി പുറത്തായപ്പോൾ കെ എൽ രാഹുൽ 12 റൺസും മായങ്ക് അഗർവാൾ 15 റൺസും നേടി പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കഗിസോ റബാഡ നാല് വിക്കറ്റും മാർക്കോ ജാൻസൻ മൂന്ന് വിക്കറ്റും ഒലിവിയർ, ലുങ്കി എങ്കിഡി, കേശവ് മഹാരാജ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

( Picture Source : BCCI )

പരമ്പരയിലെ കഴിഞ്ഞ മത്സരത്തിൽ പരിക്ക് മൂലം കോഹ്ലി കളിച്ചിരുന്നില്ല. മൂന്നാം മത്സരത്തിൽ കോഹ്ലി തിരിച്ചെത്തിയതോടെ ഹനുമാ വിഹാരിയെയാണ് ഇന്ത്യ പ്ലേയിങ് ഇലവനിൽ നിന്നും ഒഴിവാക്കിയത്. കഴിഞ്ഞ മത്സരത്തിനിടെ പരിക്കേറ്റ മൊഹമ്മദ് സിറാജിന് പകരക്കാരനായി ഉമേഷ് യാദവിനെയാണ് ഇന്ത്യ ടീമിൽ ഉൾപെടുത്തിയത്.

ഓരോ മത്സരങ്ങൾ വീതം വിജയിച്ച ഇരു ടീമുകളും പരമ്പരയിൽ ഒപ്പത്തിനൊപ്പമാണ്. സെഞ്ചൂറിയനിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ 113 റൺസിന് വിജയിച്ചപ്പോൾ ജോഹന്നാസ്ബർഗിൽ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റിന് വിജയിച്ചു.

( Picture Source : BCCI )