Skip to content

അവർ പാകിസ്ഥാനിലേക്ക് പോവുകയാണെങ്കിൽ അവർക്കൊപ്പം ഞാനുമുണ്ടാകും, ഓസ്ട്രേലിയൻ താരങ്ങൾക്ക് ഉറപ്പുനൽകി ക്രിക്കറ്റ് അസോസിയേഷൻ ചീഫ്

ആസൂത്രണം പോലെ ഓസ്ട്രേലിയൻ ടീമിൻ്റെ പാകിസ്ഥാൻ പര്യടനം നടക്കുകയാണെങ്കിൽ ടീമിനൊപ്പം താനും പാകിസ്ഥാനിലേക്ക് തിരിക്കുമെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റേഴ്സ് അസോസിയേഷൻ ചീഫ് ട്രോഡ് ഗ്രീൻബർഗ്. മൂന്ന് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും ഒരു ടി20 മത്സരവും അടങ്ങിയ ഓസ്ട്രേലിയയുടെ പാകിസ്ഥാൻ പര്യടനം മാർച്ച് – ഏപ്രിൽ മാസത്തിലാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതിനുമുൻപേയാണ് കളിക്കാർക്ക് ആത്മവിശ്വാസം പകരുവാൻ എ സി എ ചീഫ് മുന്നോട്ടുവന്നിരിക്കുന്നത്.

( Picture Source : Twitter )

1998 ലായിരുന്നു ഓസ്ട്രേലിയയുടെ അവസാന പാകിസ്ഥാൻ പര്യടനം നടന്നത്. പിന്നീട് യു എ ഇയിലായിരുന്നു പാകിസ്ഥാൻ്റെ ഹോം മത്സരങ്ങളിൽ ഓസ്ട്രേലിയ കളിച്ചത്. കഴിഞ്ഞ വർഷം പാകിസ്ഥാൻ പര്യടനത്തിൽ നിന്നും ന്യൂസിലാൻഡ് പിൻമാറിയിരുന്നു. മത്സരം തുടങ്ങാൻ നിമിഷങ്ങൾ മാത്രം ശേഷിക്കേയാണ് സുരക്ഷാ വിഭാഗത്തെ നിർദ്ദേശപ്രകാരം ന്യൂസിലൻഡ് പര്യടനത്തിൽ നിന്നും പിൻമാറിയത്. ഇതിനുപുറകെ ഇംഗ്ലണ്ടും തങ്ങളുടെ പാകിസ്ഥാൻ പര്യടനം ഉപേക്ഷിച്ചിരുന്നു.

” അവർ ഒറ്റയ്ക്കല്ല പോകുന്നതെന്ന ഉറപ്പ് ഞാൻ കളിക്കാർക്ക് നൽകിയിട്ടുണ്ട്. അവർ പാകിസ്ഥാനിലേക്ക് പോവുകയാണെങ്കിൽ ഞാനും അവരോടൊപ്പം പോകും. അത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു. കാരണം ഒറ്റയ്ക്കല്ല നമ്മൾ എല്ലാവരും ഒരുമിച്ചാണ് എന്ന ആത്മാവിശ്വാസം അവർക്ക് നൽകേണ്ടതുണ്ട്. ” ഗ്രീൻബർഗ് പറഞ്ഞു.

( Picture Source : Twitter )

” കഴിഞ്ഞ വർഷം അവസാനത്തിൽ നടന്ന പ്രീ ടൂറിൽ ക്രിക്കറ്റ് ഓസ്ട്രേലിയയെ ഞങ്ങൾ അനുഗമിച്ചിരുന്നു. റിപ്പോർട്ടുകൾ വളരെ പോസിറ്റീവായിരുന്നു. എന്നാൽ ഓസ്ട്രേലിയൻ വിദേശകാര്യ വകുപ്പിൽ നിന്നും മറ്റു സർക്കാർ സ്ഥാപനങ്ങളുടെയും ഉപദേശം തുടർന്നും ഞങ്ങൾ സ്വീകരിക്കും. ഈ പര്യടനം സുരക്ഷിതമാണെന്ന് കളിക്കാരെ മാത്രമല്ല അവരുടെ കുടുംബങ്ങളെയും ബോധ്യപ്പെടുത്താൻ ഞങ്ങൾക്ക് സാധിക്കണം. ” ഓസ്ട്രേലിയൻ ക്രിക്കറ്റേഴ്‌സ് അസോസിയേഷൻ ചീഫ് പറഞ്ഞു.

( Picture Source : Twitter )

” എത്രയൊക്കെ മികച്ച ഉപദേശങ്ങൾ നൽകിയാലും പര്യടനത്തിൽ നിന്നും ഒന്നോ രണ്ടോ താരങ്ങൾ പിന്മാറിയേക്കാം. അവരുടെ തീരുമാനത്തെയും ബഹുമാനിക്കേണ്ടതുണ്ട്. നമ്മൾ പരസ്പരം ദയയും ക്ഷമയും കാണിക്കേണ്ടതുണ്ട്. എൻ്റെ ജീവിതത്തിലെയും കരിയറിലെയും പ്രത്യേക ഘട്ടത്തിൽ ഈ പര്യടനത്തിന് പോകാൻ എനിക്ക് സാധിക്കില്ലയെന്ന് ഒന്നോ രണ്ടോ താരങ്ങൾ പറഞ്ഞേക്കാം. ആ തീരുമാനത്തെ തീർച്ചയായും ബഹുമാനിക്കേണ്ടതുണ്ട്. ” ഗ്രീൻബർഗ് പറഞ്ഞു.

( Picture Source : Twitter )