Skip to content

കരിയറിൽ എല്ലാവർക്കും തെറ്റുകൾ പറ്റിയിട്ടുണ്ട്, വിമർശനങ്ങൾ നേരിടുന്ന റിഷഭ് പന്തിന് പിന്തുണയുമായി വിരാട് കോഹ്ലി

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ മോശം പ്രകടനത്തിന് പുറകെ വിമർശനങ്ങൾ നേരിടുന്ന വിക്കറ്റ് കീപ്പർ റിഷഭ് പന്തിന് പിന്തുണയുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ജോഹന്നാസ്ബർഗ് ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ നിർണ്ണായക നിമിഷത്തിൽ അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് പന്ത് പുറത്തായത്. ഇതിനുപുറകെ ആരാധകരിൽ നിന്നും മുൻ താരങ്ങളിൽ നിന്നും വലിയ വിമർശനമാണ് യുവതാരം നേരിട്ടത്. മുൻ ക്യാപ്റ്റൻ എം എസ് ധോണി തനിക്ക് നൽകിയ ഉപദേശം പങ്കുവെച്ചുകൊണ്ടാണ് കോഹ്ലി പന്തിന് പിന്തുണയറിയിച്ചത്.

( Picture Source : Twitter )

രണ്ടാം ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ 17 റൺസ് നേടി പുറത്തായ റിഷഭ് പന്തിന് രണ്ടാം ഇന്നിങ്സിൽ പൂജ്യത്തിന് പുറത്തായിരുന്നു. എന്നാൽ പന്ത് തൻ്റെ തെറ്റുകളിൽ നിന്നും പഠിക്കുമെന്ന് വ്യക്തമാക്കിയ കൊഹ്ലി ഇതിനെകുറിച്ച് മുൻ നായകൻ എം എസ് ധോണി തനിക്ക് നൽകിയ ഉപദേശവും വെളിപ്പെടുത്തി.

( Picture Source : Twitter )

” പരിശീലനത്തിനിടെ റിഷഭ് പന്തിനോട് ഇക്കാര്യത്തെ കുറിച്ച് ഞങ്ങൾ ചോദിച്ചിരുന്നു. ഒരു ബാറ്റ്സ്മാൻ പുറത്താകാൻ കാരണമായ ഷോട്ട്, അത് സാഹച്യത്തിന് യോജിച്ചതായിരുന്നോവെന്ന് ആദ്യം അറിയുന്നത് ആ ബാറ്റ്സ്മാൻ തന്നെയാണ്. കരിയറിൽ പ്രധാനപെട്ട സന്ദർഭങ്ങളിൽ നമ്മൾ എല്ലാവരും പിഴവുകൾ വരുത്തിയിട്ടുണ്ട്. ”

( Picture Source : Twitter )

” ചിലപ്പോൾ സമ്മർദ്ദം കാരണമാകാം ചിലപ്പോൾ ബൗളറുടെ മിടുക്ക് കൊണ്ടുമാകാം. ആ നിമിഷത്തെ നിങ്ങളുടെ മാനസികാവസ്ഥ എന്തായിരുന്നു, നിങ്ങൾ എന്തുതീരുമാനമാണ് എടുത്തത്, നിങ്ങൾ വരുത്തിയ തെറ്റ് എന്തായിരുന്നു ഇതെല്ലാം മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. നമ്മളുടെ തെറ്റുകൾ മനസ്സിലാക്കുന്നിടത്തോളം നമ്മൾ മെച്ചപ്പെടും. കൂടാതെ ആ തെറ്റുകൾ ഇനി ആവർത്തിക്കുകയില്ലെന്ന് ഉറപ്പുവരുത്തണം. ” കോഹ്ലി പറഞ്ഞു.

( Picture Source : Twitter )

” ഞാൻ ഇതിനെകുറിച്ച് ധോണിയോട് ഒരുപാട് തവണ സംസാരിച്ചിട്ടുണ്ട്. നിങ്ങൾ വരുത്തുന്ന തെറ്റുകൾക്ക് ഏഴോ എട്ടോ മാസത്തെ ഇടവേള വേണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു, എങ്കിൽ മാത്രമേ അന്താരാഷ്ട്ര ക്രിക്കറ്റിൽ വലിയ കരിയർ നിങ്ങൾക്കുണ്ടാകൂ. ആ വാക്കുകൾ എപ്പോഴും എൻ്റെ മനസ്സിലുണ്ട്. ഒരേ തെറ്റുകൾ വീണ്ടും വീണ്ടും ആവർത്തിക്കരുത്, തെറ്റുകളെന്തെന്ന് മനസ്സിലാക്കിയാൽ മാത്രമേ അതിന് സാധിക്കൂ, അത് റിഷഭ് പന്ത് ചെയ്യുന്നുവെന്ന് എനിക്കറിയാം. അതുകൊണ്ട് തന്നെ ഭാവിയിൽ തീർച്ചയായും അവൻ മെച്ചപ്പെടും. ടീമിന് വേണ്ടി അവൻ നിലകൊള്ളും, പ്രധാനപെട്ട സാഹചര്യങ്ങളിൽ വലിയ പ്രകടനം അവൻ പുറത്തെടുക്കും. ” വിരാട് കോഹ്ലി കൂട്ടിചേർത്തു.

( Picture Source : Twitter )