Skip to content

കോഹ്ലിയുടെ അഭാവമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്, കെ എൽ രാഹുലിന് ഇനിയുമേറെ പഠിക്കാനുണ്ട്, മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ അസാന്നിധ്യം ഇന്ത്യയ്ക്ക് തിരിച്ചടിയായെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. കോഹ്ലിയെ പോലെയൊരു താരത്തിന് പകരക്കാരനെ കണ്ടെത്തുകയെന്നത് പ്രയാസമാണെന്ന് വ്യക്തമാക്കിയ ഗംഭീർ കെ എൽ രാഹുലിൻ്റെ ക്യാപ്റ്റൻസിയെ കുറിച്ചുള്ള അഭിപ്രായവും പങ്കുവെച്ചു.

( Picture Source : BCCI )

കോഹ്ലിയുടെ അഭാവത്തിൽ കെ എൽ രാഹുലായിരുന്നു ജോഹനാസ്ബർഗ് ടെസ്റ്റിൽ ഇന്ത്യയെ നയിച്ചത്. എന്നാൽ നിർഭാഗ്യവശാൽ ഇന്ത്യൻ ക്യാപ്റ്റനായുള്ള തൻ്റെ ആദ്യ മത്സരത്തിൽ വിജയം നേടുവാൻ കെ എൽ രാഹുലിന് സാധിച്ചില്ല. സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ഡീൻ എൽഗറിൻ്റെ മികച്ച പ്രകടനമികവിൽ മത്സരത്തിൽ ഇന്ത്യയെ ആതിഥേയർ ഏഴ് വിക്കറ്റിനാണ് പരാജയപെടുത്തിയത്.

( Picture Source : BCCI )

” തീർച്ചയായും കോഹ്ലിയെന്ന ബാറ്റ്സ്മാനെ നമ്മൾ മിസ്സ് ചെയ്തു. സ്റ്റീവ് സ്മിത്ത്, ജോ റൂട്ട്, കെയ്ൻ വില്യംസൻ, രോഹിത് ശർമ്മ ഈ താരങ്ങളെയെല്ലാം ടീമുകൾ തീർച്ചയായും മിസ്സ് ചെയ്യും. എത്രത്തോളം മോശം ഫോമിൽ ആയിരുന്നാലും അവർക്ക് പകരക്കാരനെ കണ്ടെത്തുകയെന്നത് പ്രയാസകരമാണ്. കാരണം റൺസ് നേടുമെന്ന പ്രതീക്ഷ എപ്പോഴും ടീമിനുണ്ടാകും. ” ഗംഭീർ പറഞ്ഞു.

( Picture Source : BCCI )

” എന്നാൽ ഇവിടെ കോഹ്ലിയെന്ന ക്യാപ്റ്റൻ്റെ അസാന്നിധ്യവും നമുക്ക് തിരിച്ചടിയായി. കാരണം കോഹ്ലി പരിചയസമ്പന്നനാണ്. അങ്ങനെയൊരു ക്യാപ്റ്റന് കാര്യങ്ങൾ വളരെ ലളിതമാണ്. കെ എൽ രാഹുൽ എത്രത്തോളം സമയം ചിലവഴിക്കുന്നുവോ അത്രത്തോളം നന്നായി പഠിക്കുവാൻ അവന് സാധിക്കും. എത്ര വേഗത്തിൽ പഠിക്കുന്നുവോ അത്രയും നല്ലത്. ഇത് ഏകദിന ക്യാപ്റ്റൻസിയോ ടി20 ക്യാപ്റ്റൻസിയോ പോലെയല്ല. ”

( Picture Source : BCCI )

” ടെസ്റ്റ് ക്രിക്കറ്റിൽ നിങ്ങൾ വിക്കറ്റ് പിടിച്ചുവാങ്ങേണ്ടതുണ്ട്, ചില സമയങ്ങളിൽ തീരുമാനങ്ങളിൽ ചൂതാട്ടവും നടത്തേണ്ടതുണ്ട്. ബാവുമയുടെ കാര്യത്തിലെന്ന പൊലെ കവറിൽ ഒരു ഫീൽഡറെ നിർത്തുന്നതിന് പകരം സ്ലിപ്പിൽ മൂന്ന് ഫീൽഡർമാരെ നിർത്തി ഡ്രൈവ് ചെയ്യുവാൻ അവനെ പ്രേരിപ്പിച്ചിരുന്നുവെങ്കിൽ പിന്നിൽ പിടികൂടി പുറത്താക്കാനുള്ള അവസരം ഇന്ത്യയ്ക്ക് ലഭിച്ചേനെ. എന്നാൽ ഡീപ് പോയിൻ്റിൽ ഫീൽഡറെ നിർത്തി അത് ഡിഫൻസീവ് മനോഭാവമാണ്. അവൻ പഠിക്കേണ്ട കാര്യവും അതുതന്നെയാണ്. നിങ്ങ്ങൾ അഗ്രസീവ് ക്യാപ്റ്റനാകേണ്ടത് ഫീൽഡ് പ്ലേസ്മെൻ്റിലൂടെയാണ് അല്ലാതെ പെരുമാറ്റം കൊണ്ടല്ല. ” ഗംഭീർ കൂട്ടിചേർത്തു.