Skip to content

എൻ്റെ ശരീരത്തിൽ എന്തെങ്കിലും തകർത്താൽ മാത്രമേ ഇന്ത്യയ്ക്ക് എന്നെ പുറത്താകാൻ സാധിക്കൂ, നാലാം ദിനത്തിന് മുൻപേ ഡീൻ എൽഗർ പറഞ്ഞ കാര്യം വെളിപ്പെടുത്തി എൽഗറിൻ്റെ പിതാവ്

തകർപ്പൻ പ്രകടനമാണ് ജോഹന്നാസ്ബർഗ് ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഡീൻ എൽഗർ കാഴ്ച്ചവെച്ചത്. 96 റൺസ് നേടി പുറത്താകാതെ നിന്ന എൽഗറിൻ്റെ മികവിലാണ് ദക്ഷിണാഫ്രിക്ക 240 റൺസിൻ്റെ വിജലക്ഷ്യം പിന്തുടർന്ന് ഇന്ത്യയെ ഏഴ് വിക്കറ്റിന് പരാജയപെടുത്തിയത്. ഇപ്പോഴിതാ മത്സരത്തിലെ മൂന്നാം ദിനത്തിന് ശേഷം ഡീൻ എൽഗർ പറഞ്ഞ കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരത്തിൻ്റെ അച്ഛൻ റിച്ചാർഡ് എൽഗർ.

( Picture Source : Twitter )

കളി തീരും വരെ താൻ പുറത്താകാതെ നിന്നുകൊണ്ട് ടീമിനെ വിജയത്തിലെത്തിക്കുമെന്നും ഇന്ത്യയ്ക്ക് തന്നെ പുറത്താക്കാൻ സാധിക്കുകയില്ലെന്നും ഡീൻ എൽഗർ പറഞ്ഞിരുന്നുവെന്നും അത് കേട്ടപ്പോൾ അവൻ ടീമിനെ വിജയത്തിലെത്തിക്കുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നതായും റിച്ചാർഡ് എൽഗർപറഞ്ഞു.

” അച്ഛാ ! നാളെ കളി തീരും വരെ ഞാൻ ക്രീസിൽ ഉണ്ടാകും. എൻ്റെ ശരീരത്തിൽ എന്തെങ്കിലും തകർത്താൽ മാത്രമേ ഇന്ത്യയ്ക്ക് എന്നെ പുറത്താക്കാനും അവിടെ നിന്ന് മാറ്റുവാനും സാധിക്കൂ. എൻ്റെ ദേഹത്ത് പന്ത് കൊള്ളിച്ചുകൊണ്ട് അവർക്കെന്നെ പുറത്താക്കുവാൻ സാധിക്കില്ല. ഒരിക്കലും അവർക്ക് സാധിക്കില്ല. ” അവനിത് പറയുന്നത് കേട്ടപ്പോൾ അവൻ രോഷാകുലനായിരുന്നുവെന്ന് എനിക്ക് മനസ്സിലായി, അവൻ ആ ലക്ഷ്യത്തിലെത്തുമെന്നും എനിക്ക് തോന്നി. ” റിച്ചാർഡ് എൽഗർ പറഞ്ഞു.

( Picture Source : Twitter )

” രാവിലെ വിജയലക്ഷ്യം 100 ൽ താഴെയായപ്പോൾ ഇനി അവനെ പുറത്താക്കാൻ സാധിക്കില്ലെന്ന് ഞാൻ ഭാര്യയോട് പറഞ്ഞിരുന്നു. കാരണം അവൻ അവൻ്റെ സോണിൽ ആണെന്ന് എനിക്ക് മനസ്സിലായി. തനിക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് പോലും അവനറിയില്ലായിരുന്നു. ” റിച്ചാർഡ് എൽഗർ കൂട്ടിചേർത്തു.

( Picture Source : Twitter )

ജോഹന്നാസ്ബർഗിലെ ഇന്ത്യയ്ക്കെതിരായ ആദ്യ വിജയാമാണ് ദക്ഷിണാഫ്രിക്ക എൽഗറിന് കീഴിൽ കുറിച്ചത്. ഇതിനുമുൻപ് ഇരുടീമുകളും അഞ്ച് ടെസ്റ്റുകളിൽ ഇവിടെ ഏറ്റുമുട്ടിയപ്പോൾ രണ്ട് മത്സരങ്ങളിൽ ഇന്ത്യ വിജയിക്കുകയും മറ്റു മൂന്ന് മത്സരങ്ങൾ സമനിലയിൽ കലാശിക്കുകയായിരുന്നു. ജനുവരി 11 ന് കേപ് ടൗണിലാണ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. മത്സരത്തിൽ വിജയിക്കാൻ സാധിച്ചാൽ സൗത്താഫ്രിക്കയിലെ ആദ്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിക്കും.

( Picture Source : Twitter )