Skip to content

പരാജയപെടാനുള്ള അവകാശം അവർ നേടിയെടുത്തിട്ടുണ്ട്, വിരാട് കോഹ്ലിയ്ക്ക് പിന്തുണയുമായി ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ

അന്താരാഷ്ട്ര ക്രിക്കറ്റിൽ മോശം ഫോമിൽ തുടരുന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയ്ക്കും സ്റ്റീവ് സ്മിത്തിനും പിന്തുണയറിയിച്ച് ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർ. പ്രമുഖ ഇന്ത്യൻ മാധ്യമപ്രവർത്തകനുമായി നടന്ന അഭിമുഖത്തിലാണ് കോഹ്ലിയുടെ മോശം ഫോമിനെ കുറിച്ച് ഡേവിഡ് വാർണർ മനസ്സുതുറന്നത്.

( Picture Source : Twitter )

പരാജയപെടാനുള്ള എല്ലാ അവകാശവും കോഹ്ലിക്കുണ്ടെന്നും ആ അവകാശം ഒരുപാട് മത്സരങ്ങളിൽ ടീമിനെ വിജയത്തിലെത്തിച്ചുകൊണ്ട് കോഹ്ലി നേടിയെടുത്തതാണെന്നും വാർണർ പറഞ്ഞു. 2019 നവംബറിൽ ബംഗ്ലാദേശിനെതിരെയാണ് വിരാട് കോഹ്ലി തൻ്റെ അവസാന സെഞ്ചുറി നേടിയത്. മറുഭാഗത്ത് മോശം ഫോമിലൂടെയാണ് ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്തും കടന്നുപോകുന്നത്. കഴിഞ്ഞ ആഷസ് പരമ്പരയിൽ 110.57 ശരാശരിയിൽ 774 റൺസ് നേടിയ സ്മിത്തിന് ഈ ആഷസ് പരമ്പരയിൽ 6 ഇന്നിംഗ്സിൽ നിന്നും 36.16 ശരാശരിയിൽ 217 റൺസ് നേടുവാൻ മാത്രമേ സാധിച്ചിട്ടുള്ളൂ.

( Picture Source : Twitter )

” കഴിഞ്ഞ രണ്ട് വർഷമായി വിരാട് കോഹ്ലിയുടെ ഫോമിനെ കുറിച്ച് ആളുകൾ സംസാരിച്ചുകൊണ്ടിരിക്കുന്നു. നമ്മൾ ഒരു മഹാമാരിയിലൂടെ കടന്നുപോയിരിക്കുന്നു. അവനൊരു കുഞ്ഞുണ്ടായി. പരാജയപെടാൻ നിങ്ങൾക്ക് അനുവാദമുണ്ട്. കാരണം നിങ്ങൾ മികച്ച ഫോമിലായിരുന്നപ്പോൾ പുറത്തെടുത്ത പ്രകടനങ്ങളിലൂടെ അതിനുള്ള അവകാശം നിങ്ങൾ നേടിയെടുത്തിട്ടുണ്ട്. ”

” സ്റ്റീവ് സ്മിത്ത് തൻ്റെ നാലാം ഇന്നിങ്സിൽ സെഞ്ചുറി നേടിയില്ലെന്ന് ആളുകൾ പറയുന്നു, കാരണം ഓരോ നാല് ഇന്നിങ്സിലും അവൻ സെഞ്ചുറി നേടിയിട്ടുണ്ട്. അവനും മനുഷ്യനാണ്. മോശം സമയത്തിലൂടെ കടന്നുപോകാനുള്ള അവകാശം അവർക്കുണ്ട്. ഈ താരങ്ങളിൽ കൂടുതൽ സമ്മർദ്ദം ആളുകൾ ചെലുത്തുന്നു. ” ഡേവിഡ് വാർണർ പറഞ്ഞു.

കഴിഞ്ഞ ഐ പി എല്ലിൽ മോശം പ്രകടനം പുറത്തെടുത്ത വാർണർ പിന്നീട് നടന്ന ഐസിസി ടി20 ലോകകപ്പിൽ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. കിരീടം നേടിയ ഓസ്ട്രേലിയക്കായി 7 മത്സരങ്ങളിൽ നിന്നും 289 റൺസ് നേടിയ വാർണറായിരുന്നു പ്ലേയർ ഓഫ് ദി ടൂർണമെൻ്റ് അവാർഡ് നേടിയത്. പിന്നാലെ നടക്കുന്ന ആഷസ് പരമ്പരയിലും മികച്ച പ്രകടമാണ് വാർണർ കാഴ്ച്ചവെയ്ക്കുന്നത്. നാല് മത്സരങ്ങളിൽ നിന്നും 45.50 ശരാശരിയിൽ 273 റൺസ് വാർണർ നേടിയിട്ടുണ്ട്.

( Picture Source : Twitter )