Skip to content

സ്റ്റോക്സിനെയും ബെയർസ്റ്റോയെയും തടിയന്മാരെന്ന് വിളിച്ച് ആക്ഷേപിച്ച് ഓസ്ട്രേലിയൻ കാണികൾ, കേട്ടുമടങ്ങാതെ പ്രതികരിച്ച് താരങ്ങൾ, വീഡിയോ

ഇംഗ്ലണ്ട് താരങ്ങളായ ജോണി ബെയർസ്റ്റോയെയും ബെൻ സ്റ്റോക്സിനെയും അധിക്ഷേപിച്ച് ഓസ്ട്രേലിയൻ കാണികൾ. സിഡ്നിയിൽ നടന്നുകൊണ്ടിരിക്കുന്ന നാലാം ആഷസ് ടെസ്റ്റിലെ മൂന്നാം ദിനത്തിലാണ് സംഭവം അരങ്ങേറിയത്. കളിക്കളത്തിൽ മികച്ച ക്രിക്കറ്റ് നടക്കുമ്പോഴും കാണികളിൽ ഒരുകൂട്ടർ പരിധിവിടുന്നത് ഓസ്ട്രേലിയയിൽ സ്ഥിരകാഴ്ച്ചയാണ്. കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യൻ താരങ്ങളായ മൊഹമ്മദ് സിറാജിനെയും ജസ്പ്രീത് ബുംറയെയും ഒരു കൂട്ടം കാണികൾ അധിക്ഷേപിച്ചിരുന്നു.

( Picture Source : Twitter )

മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ ബെയർസ്റ്റോ സെഞ്ചുറി നേടിയപ്പോൾ ബെൻ സ്റ്റോക്സ് ഫിഫ്റ്റി നേടി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. മൂന്നാം ദിനത്തിലെ രണ്ടാം സെഷൻ അവസാനിച്ച ശേഷം ഇരുവരും പവലിയനിലേക്ക് മടങ്ങവേയാണ് കാണികളിൽ ഒരു കൂട്ടർ ഇരുവരെയും തടിന്മാരെന്ന് വിളിച്ച് അധിക്ഷേപിച്ചത്.

” സ്റ്റോക്സ് നീ തടിയനാണ്, ബെയർസ്റ്റോ നീ ജംബർ ഊരികളയൂ, അൽപ്പം തടി കുറയ്ക്കൂ ” കാണികളിൽ ഒരാൾ വിളിച്ചുപറഞ്ഞൂ.

വീഡിയോ ;

മൂന്നാം ദിനത്തിന് ശേഷം നടന്ന പ്രസ്സ് കോൺഫ്രൻസിൽ ജോണി ബെയർസ്റ്റോ സംഭവത്തെ കുറിച്ച് പ്രതികരിച്ചു.

” അതൽപ്പം മോശം വാക്കുകൾ തന്നെയായിരുന്നു. അത് അനാവശ്യമാണ്. ഞങ്ങൾ കളിക്കളത്തിൽ ഞങ്ങളുടെ ജോലി നിർവഹിക്കാൻ ശ്രമിക്കുകയാണ്. കാണികളാകട്ടെ ക്രിക്കറ്റ് ആസ്വദിക്കുകയും ചെയ്യുന്നു. എന്നാൽ നിർഭാഗ്യവശാൽ ചിലർ അതിനിടെ അതിരുകടക്കുന്നു. നമ്മൾ നമുക്കുവേണ്ടി നിലകൊള്ളേണ്ടത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു. കാരണം നമ്മൾ നമുക്കുവേണ്ടി പ്രതികരിക്കാൻ തയ്യാറായില്ലയെങ്കിൽ അതിനെ നേരിടുവാൻ സാധിക്കില്ല. ആളുകൾ അതിരുകടന്നാൽ അത് തെറ്റാണെന്ന് അവരോട് പറയേണ്ടതുണ്ട്. ” ജോണി ബേയർസ്റ്റോ പറഞ്ഞു.

( Picture Source : Twitter )

ആദ്യ ഇന്നിങ്സിൽ 158 പന്തിൽ 113 റൺസ് നേടിയാണ് ബെയർസ്റ്റോ പുറത്തായത്. ബെയർസ്റ്റോയെ സംബന്ധിച്ച് ഈ സെഞ്ചുറി കൂടുതൽ സ്പെഷ്യലാണ്. തൻ്റെ അച്ഛൻ്റെ മരണവാർഷികമായ ജനുവരി അഞ്ചിനാണ് ഈ മത്സരം ആരംഭിച്ചത്. 1998 ൽ ജനുവരി അഞ്ചിനായിരുന്നു ബെയർസ്റ്റോയുടെ പിതാവ് ആത്മഹത്യ ചെയ്തത്. എട്ട് വയസ്സ് മാത്രമായിരുന്നു അന്ന് ബെയർസ്റ്റോയുടെ പ്രായം.

( Picture Source : Twitter )

മത്സരത്തിൽ ഓസ്ട്രേലിയ പിടിമുറുക്കുകയാണ്. രണ്ടാം ഇന്നിങ്സിലും സെഞ്ചുറി കുറിച്ച ഉസ്മാൻ ഖ്വാജയുടെ മികവിൽ രണ്ടാം ഇന്നിങ്സിൽ 6 വിക്കറ്റ് നഷ്ടത്തിൽ 265 റൺസ് നേടി ഡിക്ലയർ ചെയ്ത ഓസ്ട്രേലിയ 388 വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിന് മുൻപിൽ ഉയർത്തിയിരിക്കുന്നത്. നാലാം ദിനം അവസാനിക്കുമ്പോൾ മറുപടി ബാറ്റിങിൽ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടം കൂടാതെ 30 റൺസ് നേടിയിട്ടുണ്ട്.

( Picture Source : Twitter )