Skip to content

തിരിച്ചുവരവിൽ രണ്ട് ഇന്നിങ്സിലും സെഞ്ചുറി കുറിച്ച് ഉസ്മാൻ ഖ്വാജ, സിഡ്നി ടെസ്റ്റിൽ പിടിമുറുക്കി ഓസ്ട്രേലിയ

നീണ്ട ഇടവേളയ്ക്ക് ശേഷം ഓസ്ട്രേലിയൻ ടീമിലേക്കുള്ള തിരിച്ചുവരവ് മത്സരത്തിൽ രണ്ട് ഇന്നിങ്സിലും സെഞ്ചുറി കുറിച്ച് ഓസ്ട്രേലിയൻ ഇടംകയ്യൻ ബാറ്റ്സ്മാൻ ഉസ്മാൻ ഖ്വാജ. സിഡ്നിയിൽ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിൽ ആതിഥേയായ ഓസ്ട്രേലിയ പിടിമുറുക്കുകയാണ്. ഖ്വാജയുടെ സെഞ്ചുറി മികവിൽ 388 റൺസിൻ്റെ വിജലക്ഷ്യമാണ് ഓസ്ട്രേലിയ ഇംഗ്ലണ്ടിന് മുൻപിൽ ഉയർത്തിയിരിക്കുന്നത്. നാലാം ദിനം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടം കൂടാതെ 30 റൺസ് നേടിയിട്ടുണ്ട്.

( Picture Source : Twitter )

122 റൺസിൻ്റെ ഒന്നാമിന്നിങ്സ് ലീഡ് നേടി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സിൽ 265 ന് 6 എന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ഓസ്ട്രേലിയയ്ക്ക് വേണ്ടി ഉസ്മാൻ ഖ്വാജ 138 പന്തിൽ 101 റൺസ് നേടി പുറത്താകാതെ നിന്നപ്പോൾ യുവതാരം കാമറോൺ ഗ്രീൻ 122 പന്തിൽ 74 റൺസ് നേടി പുറത്തായി. ആദ്യ ഇന്നിങ്സിൽ ഫിഫ്റ്റി നേടിയ സ്റ്റീവ് സ്മിത്ത് 23 റൺസ് നേടി പുറത്തായപ്പോൾ മാർനസ് ലാബുഷെയ്ൻ 29 റൺസും ഡേവിഡ് വാർണർ 3 റൺസും നേടി പുറത്തായി.

( Picture Source : Twitter )

സിഡ്നിയിൽ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടുന്ന മൂന്നാമത്തെ ബാറ്റ്സ്മാനാണ് ഉസ്മാൻ ഖ്വാജ. 1969 ൽ ഡോ വാൾട്ടർസും 2006 ൽ സൗത്താഫ്രിക്കയ്ക്കെതിരെ റിക്കി പോണ്ടിങ്ങുമാണ് ഇതിനുമുൻപ് സിഡ്നിയിൽ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടിയിട്ടുള്ളത്.

നേരത്തെ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 294 റൺസിന് ഓൾ ഔട്ടായിരുന്നു. സെഞ്ചുറി നേടിയ ജോണി ബെയർസ്റ്റോയാണ് ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്. 158 പന്തിൽ 113 റൺസ് നേടിയാണ് ബെയർസ്റ്റോ പുറത്തായത്. സ്റ്റോക്സ് 66 റൺസ് നേടിയപ്പോൾ 41 പന്തിൽ 39 റൺസ് നേടിയ മാർക്ക് വുഡും ഇംഗ്ലണ്ടിന് വേണ്ടി വിലയേറിയ റൺസ് കൂട്ടിചേർത്തു.

( Picture Source : Twitter )

ഓസ്ട്രേലിയക്ക് വേണ്ടി സ്കോട്ട് ബോളണ്ട് നാല് വിക്കറ്റും ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, നേതൻ ലയൺ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി. ആദ്യ ഇന്നിങ്സിൽ 260 പന്തിൽ 137 റൺസ് നേടിയ ഉസ്മാൻ ഖ്വാജയുടെയും 67 റൺസ് നേടിയ സ്റ്റീവ് സ്മിത്തിൻ്റെയും മികവിലാണ് ഓസ്ട്രേലിയ 416 റൺസ് നേടി ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവർട്ട് ബ്രോഡ് അഞ്ച് വിക്കറ്റ് നേടിയിരുന്നു.

ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച ആതിഥേയരായ ഓസ്ട്രേലിയ ആഷസ് ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു.

( Picture Source : Twitter )