Skip to content

ഹാർദിക് പാണ്ഡ്യയിൽ നിന്നും നമ്മൾ പ്രതീക്ഷിച്ചതെന്താണോ അതാണ് അവനിപ്പോൾ നിറവേറ്റുന്നത്, താക്കൂറിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം

ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയിൽ നിന്നും ഇന്ത്യൻ ടീം പ്രതീക്ഷിച്ചതെന്താണോ അതാണിപ്പോൾ ഷാർദുൽ താക്കൂർ നിറവേറ്റുന്നതെന്ന് മുൻ ഇന്ത്യൻ താരവും കമൻ്റേറ്ററുമായ ആകാശ് ചോപ്ര. തകർപ്പൻ പ്രകടനമാണ് ജോഹന്നാസ്ബർഗ് ടെസ്റ്റിൽ ഷാർദുൽ താക്കൂർ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ആദ്യ ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏഴ് വിക്കറ്റുകൾ നേടിയ താരം രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്കായി വിലയേറിയ റൺസും നേടിയിരുന്നു.

( Picture Source : BCCI )

മത്സരത്തിൽ ടെസ്റ്റ് കരിയറിലെ തൻ്റെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ താക്കൂർ 61 റൺസ് വഴങ്ങിയാണ് 7 വിക്കറ്റുകൾ വീഴ്ത്തിയത്. സൗത്താഫ്രിക്കയ്ക്കെതിരായ ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനവും സൗത്താഫ്രിക്കയിൽ ഒരു ഏഷ്യൻ ബൗളറുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനവുമാണിത്. ടെസ്റ്റ് കരിയറിൽ 6 മത്സരങ്ങളിൽ നിന്നും മൂന്ന് ഫിഫ്റ്റി നേടിയ താക്കൂർ 24 വിക്കറ്റും ഇതിനോടകം നേടിയിട്ടുണ്ട്.

( Picture Source : BCCI )

” ഹാർദിക് പാണ്ഡ്യയിൽ നിന്നും നമ്മൾ പ്രതീക്ഷിച്ചത് എന്താണോ അതാണിപ്പോൾ ഷാർദുൽ താക്കൂർ ചെയ്യുന്നത്. സത്യസന്ധമായി പറഞ്ഞാൽ മികച്ച ഓൾറൗണ്ടരുടെ അഭാവം മൂലം ഹാർദിക് പാണ്ഡ്യയെയാണ് നമ്മൾ ഉറ്റുനോക്കുന്നത്, അവൻ ബൗൾ ചെയ്യുമെന്നും റൺസ് സ്കോർ ചെയ്യുമെന്നും നമ്മൾ പ്രതീക്ഷിക്കുന്നു. ”

( Picture Source : BCCI )

” തീർച്ചയായും ബാറ്റിങിൽ താക്കൂറിനെയും ഹാർദിക് പാണ്ഡ്യയെയും താരതമ്യം ചെയ്യുവാൻ സാധിക്കില്ല. ബാറ്റിങിൻ്റെ കാര്യത്തിൽ ഹാർദിക് താക്കൂറിനേക്കാൾ വളരെ മുൻപിലാണ്. എന്നാൽ പ്രതിബദ്ധതയെന്നൊന്നുണ്ട്. അവൻ റൺസ് സ്കോർ ചെയ്യുന്നു. ഹാർദിക്കിനേക്കാൾ നന്നായി പന്തെറിയുന്നു. പ്രധാനപെട്ട വിക്കറ്റുകൾ നേടുന്നു, വിലയേറിയ റൺസ് നേടുന്നു. ”

( Picture Source : BCCI )

” ഈ മത്സരത്തിലെ അവൻ്റെ പ്രകടനം അവിശ്വസനീയമാണ്. ആദ്യം അവൻ ഏഴ് വിക്കറ്റുകൾ നേടി, അതിനുശേഷം രണ്ടാം ഇന്നിങ്സിൽ വെറും 24 പന്തിൽ 28 റൺസ് നേടി. അവൻ നേടിയ 28 റൺസിൻ്റെ വില ഇപ്പോൾ മനസ്സിലായെന്നിരിക്കില്ല. എന്നാൽ നാലാം ദിനത്തിൽ നിങ്ങൾക്കത് മനസ്സിലാകും. ” ആകാശ് ചോപ്ര പറഞ്ഞു.

( Picture Source : BCCI )