Skip to content

രഹാനെയോ വിഹാരിയോ, മൂന്നാം ടെസ്റ്റിൽ ആരെ കളിപ്പിക്കണം, നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ

ഹനുമാ വിഹാരിയോ അതോ അജിങ്ക്യ രഹാനെയോ, ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യ കളിപ്പിക്കേണ്ട താരത്തെ നിർദ്ദേശിച്ച് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. ജോഹന്നാസ്ബർഗിൽ നടന്ന രണ്ടാം ടെസ്റ്റിൽ പരിക്കേറ്റ ക്യാപ്റ്റൻ വിരാട് കോഹ്ലിയ്ക്ക് പകരക്കാരനായാണ് ഹനുമാ വിഹാരിയെ ഇന്ത്യ ടീമിൽ ഉൾപെടുത്തിയത്. ആദ്യ ഇന്നിങ്സിൽ 53 പന്തിൽ 20 റൺസ് നേടിയ വിഹാരി രണ്ടാം ഇന്നിങ്സിൽ പുറത്താകാതെ 40 റൺസ് നേടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു.

( Picture Source : BCCI )

മറുഭാഗത്ത് ആദ്യ ഇന്നിങ്സിൽ നേരിട്ട ആദ്യ പന്തിൽ തന്നെ പൂജ്യത്തിന് പുറത്തായ രഹാനെ രണ്ടാം ഇന്നിങ്സിൽ ഫിഫ്റ്റി നേടിയാണ് പുറത്തായത്. 78 പന്തിൽ 58 റൺസ് നേടിയ രഹാനെയായിരുന്നു രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ ടോപ്പ് സ്കോറർ. എന്നാൽ ഈ പ്രകടനത്തിനിടയിലും രഹാനെയെ മൂന്നാം ടെസ്റ്റിൽ ഉൾപെടുത്തരുതെന്ന് നിർദ്ദേശിച്ച ഗംഭീർ ഹനുമാ വിഹാരിയെ ഒഴിവാക്കുന്നത് ദൗഭാഗ്യകരമായിരിക്കുമെന്നും വ്യക്തമാക്കി.

( Picture Source : BCCI )

” അടുത്ത ടെസ്റ്റിൽ വിഹാരി കളിക്കാതിരുന്നാൽ അത് വളരെ ദൗർഭാഗ്യകരമായിരിക്കും. കാരണം ഈ മത്സരത്തിൽ രഹാനെ ഫിഫ്റ്റി നേടിയെങ്കിൽ പോലും ഹനുമാ വിഹാരി പുറത്താകാതെ 40 റൺസ് നേടിയിട്ടുണ്ട്. രഹാനെയെ പോലെ നാലാമനായാണ് ബാറ്റ് ചെയ്തതെങ്കിൽ അവനും ഫിഫ്റ്റി നേടുവാൻ സാധിക്കുമായിരുന്നു. ” ഗംഭീർ പറഞ്ഞു.

( Picture Source : BCCI )

” രണ്ട് ഇന്നിങ്സിലും നിയന്ത്രണത്തോടെയാണ് വിഹാരി ബാറ്റ് ചെയ്തത്. അത്തരത്തിലുള്ള ഒരു ബാറ്ററെ തീർച്ചയായും പിന്തുണയ്ക്കേണ്ടതുണ്ട് അല്ലാതെ ഒരു മത്സരത്തിൽ കളിപ്പിച്ച് പിന്നീട് ഒഴിവാക്കി ആറ് മാസങ്ങൾക്ക് ശേഷമോ ഒരു വർഷത്തിന് ശേഷമോ മാത്രം അവസരം നൽകുകയല്ല വേണ്ടത്. ”

( Picture Source : BCCI )

” രഹാനെ എന്ത് പ്രകടമാണ് കാഴ്ച്ചവെയ്ക്കുന്നതെന്ന് വളരെകാലമായി നമ്മൾ കാണുന്നതാണ്, അടുത്ത ടെസ്റ്റിൽ കോഹ്ലി തിരിച്ചെത്തുമ്പോൾ അവൻ രഹാനെയ്ക്ക് പകരം നാലാമനായി ബാറ്റ് ചെയ്യണം, വിഹാരി അഞ്ചാമനായും. ഇതാണ് ശരിയായ തീരുമാനം, ഇത്തരത്തിലാണ് ടീം മുൻപോട്ട് പോകേണ്ടത്. കാരണം ടീം മാനേജ്മെൻ്റ് വളരെയികം രഹാനെയെ പിന്തുണച്ചിട്ടുണ്ട്. ഇപ്പോൾ വിഹാരിയുടെ പ്രകടനം നോക്കൂ, അത്രയും തന്നെ അവനെയും പിന്തുണയ്ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ” ഗംഭീർ കൂട്ടിച്ചേർത്തു.

( Picture Source : BCCI )