Skip to content

തിരിച്ചുവരവിൽ സെഞ്ചുറിയുമായി ഉസ്മാൻ ഖ്വാജ, സിഡ്നി ടെസ്റ്റിൽ ഓസ്ട്രേലിയക്ക് മികച്ച സ്കോർ

ഒരിടവേളയ്ക്ക് ശേഷം ടീമിൽ തിരിച്ചെത്തിയ ഉസ്മാൻ ഖ്വാജയുടെ സെഞ്ചുറി മികവിൽ സിഡ്നി ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയയ്ക്ക് മികച്ച സ്കോർ. ആദ്യ ഇന്നിങ്സിൽ 8 വിക്കറ്റ് നഷ്ടത്തിൽ 416 റൺസ് നേടി ആതിഥേയരായ ഓസ്ട്രേലിയ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. മറുപടി ബാറ്റിങിൽ രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടം കൂടാതെ 13 റൺസ് നേടിയിട്ടുണ്ട്.

( Picture Source : Twitter )

പരിക്കേറ്റ ട്രാവിസ് ഹെഡിന് പകരക്കാരനായാണ് സിഡ്നി ടെസ്റ്റിൽ ഖ്വാജയെ ഓസ്ട്രേലിയ ടീമിൽ ഉൾപെടുത്തിയത്. ടെസ്റ്റ് കരിയറിലെ തൻ്റെ ഒമ്പതാം സെഞ്ചുറി നേടിയ താരം 260 പന്തിൽ 137 റൺസ് നേടിയാണ് പുറത്തായത്. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഉസ്മാൻ ഖ്വാജ ഓസ്ട്രേലിയൻ പ്ലേയിങ് ഇലവനിൽ തിരിച്ചെത്തിയത്. മത്സരത്തിലെ പ്രകടനത്തോടെ ടെസ്റ്റിൽ 3000 റൺസും ഖ്വാജ പൂർത്തിയാക്കി . സ്റ്റീവ് സ്മിത്ത് 141 പന്തിൽ 67 റൺസ് നേടി മികച്ച പിന്തുണ നൽകിയപ്പോൾ ഡേവിഡ് വാർണർ 30 റൺസും മാർനസ് ലാബുഷെയ്ൻ 28 റൺസും നേടി പുറത്തായി.

ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവർട്ട് ബ്രോഡ് 101 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ജയിംസ് ആൻഡേഴ്സൺ, മാർക്ക് വുഡ്, ക്യാപ്റ്റൻ ജോ റൂട്ട് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

( Picture Source : Twitter )

പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച ഓസ്ട്രേലിയ ആഷസ് ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു. ഗാബയിൽ നടന്ന ആദ്യ മത്സരത്തിൽ ഒമ്പത് വിക്കറ്റിന് വിജയിച്ച ഓസ്ട്രേലിയ അഡ്ലെയ്‌ഡിൽ 275 റൺസിനും മെൽബണിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ ഒരു ഇന്നിങ്സിനും 16 റൺസിനും വിജയിച്ചിരുന്നു.

( Picture Source : Twitter )