ഈ ബുംറയെ എനിക്കിഷ്ടമല്ല, ജാൻസനുമായുള്ള ഇന്ത്യൻ പേസറുടെ വാക്കേറ്റത്തോട് പ്രതികരിച്ച് മുൻ ഇന്ത്യൻ താരം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിനിടെ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയും ദക്ഷിണാഫ്രിക്കൻ താരം മാർക്കോ ജാൻസനും തമ്മിലുണ്ടായ വാക്കേറ്റത്തോട് പ്രതികരിച്ച് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ചരേക്കർ. കോപാകുലനാകുന്ന ജസ്പ്രീത് ബുംറടെ ഈ വശം തനിക്കിഷ്ടമല്ലയെന്ന് തുറന്നുപറഞ്ഞ മഞ്ചരേക്കർ അതിന് പിന്നിലെ കാരണവും വിശദീകരിച്ചു.

( Picture Source : BCCI )

മത്സരത്തിലെ ഇന്ത്യൻ ഇന്നിങ്സിലെ 55 ആം ഓവറിലാണ് ജാൻസണും ബുംറയും തമ്മിൽ വാക്കേറ്റത്തിൽ ഏർപ്പെട്ടത്. പിച്ചിൻ്റെ മധ്യത്തിലെത്തി കൊമ്പുകോർത്ത ഇരുവരും അമ്പയറാണ് ഇടപെട്ടതോടെയാണ് പിൻമാറിയത്.

” അവൻ കോപപെടുന്ന കാര്യം രസകരമാണ്, ഇത് ഇംഗ്ലണ്ടിലും സംഭവിച്ചിരുന്നു. ബുംറയുടെ ഈ വശം എനിക്കിഷ്ടമല്ല. ഞാൻ അധികം കാണാൻ ആഗ്രഹിക്കാത്ത ഒരു കാര്യവും ഇതുതന്നെയാണ്. വാക്കേറ്റമുണ്ടായി രംഗം അൽപ്പം ചൂടുപിടിക്കുമ്പോൾ മുഖത്ത് ഒരു പുഞ്ചിരി അവൻ വരുത്താറുണ്ട്, ആ ബുംറയെയാണ് എനിക്ക് ഇഷ്ട്ടം. ” മഞ്ചരെക്കർ പറഞ്ഞു.

( Picture Source : BCCI )

മത്സരത്തിലെ ആദ്യ ഇന്നിങ്സിലെ ബുംറയുടെ ബൗളിംഗ് പ്രകടനത്തെ കുറിച്ചും മഞ്ചരേക്കർ പ്രതികരിച്ചു. ആദ്യ ഇന്നിങ്സിൽ 21 ഓവറിൽ 49 റൺസ് വഴങ്ങി ഒരു വിക്കറ്റ് മാത്രമായിരുന്നു ബുംറ നേടിയത്.

” പന്ത് നിയന്ത്രിക്കുന്നതിൽ ബുംറയ്ക്ക് യാതൊരു പ്രശ്നവുമില്ല, പിച്ച് ചെയ്യേണ്ടത് എവിടെയാണോ അവിടെ പിച്ച് ചെയ്യാൻ സാധിക്കും. എന്നാൽ എന്നെ ആശങ്കപെടുത്തുന്ന കാര്യം ആഗ്രഹിക്കുന്ന സ്ഥലത്ത് പന്ത് പിച്ച് ചെയ്യിച്ച ശേഷവും കാര്യമായി അവനൊന്നും ചെയ്യാൻ സാധിച്ചില്ലയെന്നതാണ്. ”

( Picture Source : BCCI )

” മത്സരത്തിൽ മികച്ച ബൗളിംഗ് പുറത്തെടുക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല, പ്രത്യേകിച്ച് നമ്മുടെ പ്രധാന ബൗളർമാരായ മൊഹമ്മദ് ഷാമിയ്ക്കും ബുംറയ്ക്കും. ഷാമി ചെറുതായി ഓഫ് ലൈനായിരുന്നു. ബുംറയ്ക്കാകട്ടെ പിച്ചിൽ നിന്നും കാര്യമായി ഒന്നും ലഭിച്ചില്ല. പിച്ച് അശ്വിന് അനുകൂലമാണ്. ഇന്ത്യയുടെ മികച്ച ബൗളിംഗ് നിര നാലാം ദിനത്തിൽ നന്നായി പന്തെറിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അത് കൊണ്ട് തന്നെയാണ് ഇനിയും മത്സരത്തിൽ വിജയിക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് ഞാൻ കരുതുന്നതും. ” സഞ്ജയ് മഞ്ചരേക്കർ കൂട്ടിചേർത്തു.

( Picture Source : BCCI )