Skip to content

അവനിത് ആൻഡേഴ്സണോടും ചെയ്തിരുന്നു, ബുംറയ്ക്കെതിരെ ഡെയ്ൽ സ്റ്റെയ്ൻ്റെ ഒളിയമ്പ്

ജോഹന്നാസ്ബർഗ് ടെസ്റ്റിനിടെ സൗത്താഫ്രിക്കൻ താരം മാർക്കോ ജാൻസനുമായി കൊമ്പുകോർത്ത ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയ്ക്കെതിരെ മുൻ സൗത്താഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്ൻ. മത്സരത്തിൽ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിലെ 55 ആം ഓവറിലാണ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായത്.

( Picture Source : BCCI )

ഷോർട്ട് പിച്ച് പന്തുകൾ കൊണ്ട് ബുംറയെ ആക്രമിച്ച ജാൻസൻ നാലാം പന്തിന് ശേഷം ബുംറയെ തുറിച്ചുനോക്കുകയും അതേപടി ബുംറ മറുപടി നൽകിയതോടെ ഇരുവരും വാക്കേറ്റത്തിൽ ഏർപ്പെട്ട് കൊണ്ട് പിച്ചിന് നടുവിലെത്തുകയും തക്കസമയത്ത് അമ്പയർ ഇടപെട്ട് ഇരുവരെയും പിന്മാറ്റുകയായിരുന്നു.

ട്വിറ്ററിൽ ഒരു ആരാധകൻ്റെ ട്വീറ്റിന് മറുപടിയായാണ് ഈ സംഭവത്തോട് ഡെയ്ൽ സ്റ്റെയ്ൻ പ്രതികരിച്ചത്.

” ജെയിംസ് ആൻഡേഴ്സനെതിരെ ബുംറ ഇതേ കാര്യം ചെയ്തത് ഞാൻ ഇപ്പോഴും ഓർക്കുന്നു. ഇതെല്ലാം അതിൻ്റേതായ രീതിയിൽ എടുക്കാൻ പഠിക്കൂ ” ട്വിറ്ററിൽ സ്റ്റെയ്ൻ കുറിച്ചു.

കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിടെ ജെയിംസ് ആൻഡേഴ്സനും ജസ്പ്രീത് ബുംറയുമായി ഉണ്ടായ വാക്കേറ്റം ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധരുടെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ബുംറയുടെ ഷോർട്ട് ബോൾ ആക്രമണത്തിന് പുറകെ ആൻഡേഴ്സൺ ഇന്ത്യൻ പേസറുമായി കയർക്കുകയായിരുന്നു.

( Picture Source : BCCI )

അതിനിടെ മത്സരത്തിൽ സൗത്താഫ്രിക്ക പിടിമുറുക്കുകയാണ്. മത്സരത്തിൽ 240 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ സൗത്താഫ്രിക്ക മൂന്നാം ദിനം അവസാനിക്കുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 118 റൺസ് നേടിയിട്ടുണ്ട്. 11 റൺസ് നേടിയ റാസി വാൻഡർ ഡസനും 46 റൺസ് നേടിയ ക്യാപ്റ്റൻ ഡീൻ എൽഗറുമാണ് ക്രീസിലുള്ളത്. ഷാർദുൽ താക്കൂറും രവിചന്ദ്രൻ അശ്വിനുമാണ് ഇന്ത്യയ്ക്ക് വേണ്ടി വിക്കറ്റുകൾ നേടിയത്.

( Picture Source : BCCI )

നേരത്തെ ആദ്യ ഇന്നിങ്സിൽ 27 റൺസിൻ്റെ ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 266 റൺസ് നേടി ഓൾ ഔട്ടായിരുന്നു. 53 റൺസ് നേടിയ ചേതേശ്വർ പുജാരയും 58 റൺസ് നേടിയ അജിങ്ക്യ രഹാനെയുമാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. ഷാർദുൽ താക്കൂർ 24 പന്തിൽ 28 റൺസ് നേടിയപ്പോൾ ഹനുമാ വിഹാരി 40 റൺസ് നേടി പുറത്താകാതെ നിന്നു. സൗത്താഫ്രിക്കയ്ക്ക് വേണ്ടി മാർക്കോ ജാൻസൻ, ലുങ്കി എങ്കിടി, കഗിസോ റബാഡ എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി.

( Picture Source : BCCI )