Skip to content

മികവ് പുലർത്തി സൗത്താഫ്രിക്കൻ പേസർമർ, ആദ്യ ദിനം സൗത്താഫ്രിക്കയ്ക്ക് സ്വന്തം

ജോഹന്നാസ്ബർഗ് ടെസ്റ്റിലെ ആദ്യ ദിനത്തിൽ മികവ് പുലർത്തി ആതിഥേയരായ സൗത്താഫ്രിക്ക. ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത്യയെ 202 റൺസിൽ ഒതുക്കിയ സൗത്താഫ്രിക്ക ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ട്ടത്തിൽ 35 റൺസ് നേടിയിട്ടുണ്ട്.

( Picture Source : BCCI )

57 പന്തിൽ 11 റൺസ് നേടിയ ഡീൻ എൽഗറും, 14 റൺസ് നേടിയ കീഗൻ പീറ്റേഴ്സനുമാണ് ക്രീസിലുള്ളത്. 7 റൺസ് നേടിയ ഐഡൻ മാർക്രത്തിൻ്റെ വിക്കറ്റാണ് ആദ്യ ദിനത്തിൽ സൗത്താഫ്രിക്കയ്ക്ക് നഷ്ടമായത്. മൊഹമ്മദ് ഷാമിയാണ് മാർക്രത്തെ പുറത്താക്കിയത്.

മത്സരത്തിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ ഇന്നിങ്സിൽ 202 റൺസ് നേടുവാൻ മാത്രമേ സാധിച്ചുള്ളൂ. 133 പന്തിൽ 50 റൺസ് നേടിയ ക്യാപ്റ്റൻ കെ എൽ രാഹുലും 50 പന്തിൽ 46 റൺസ് നേടിയ രവിചന്ദ്രൻ അശ്വിനും മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്.

( Picture Source : BCCI )

33 പന്തിൽ 3 റൺസ് നേടി പുറത്തായ ചേതേശ്വർ പുജാരയും നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായ അജിങ്ക്യ രഹാനെയും വീണ്ടും നിരാശപ്പെടുത്തുന്ന പ്രകടനം പുറത്തെടുത്തപ്പോൾ പരിക്കേറ്റ വിരാട് കോഹ്ലിക്ക് പകരക്കാരനായി ടീമിലെത്തിയ ഹനുമാ വിഹാരി 53 പന്തിൽ 20 റൺസും വിക്കറ്റ് കീപ്പർ റിഷഭ് പന്ത് 43 പന്തിൽ 17 റൺസും നേടി പുറത്തായി.

( Picture Source : BCCI )

സൗത്താഫ്രിക്കയ്ക്ക് വെണ്ടി മാർക്കോ ജാൻസൻ 31 റൺസ് വഴങ്ങി നാല് വിക്കറ്റും കഗിസോ റബാഡ, ഒലിവിയർ എന്നിവർ മൂന്ന് വിക്കറ്റ് വീതവും നേടി. പരമ്പരയിലെ ആദ്യ മത്സരത്തിൽ വിജയിച്ച ഇന്ത്യ പരമ്പരയിൽ 1-0 ന് മുൻപിലാണ്. അതുകൊണ്ട് തന്നെ പരമ്പര കൈവിടാതിരിക്കാൻ സൗത്താഫ്രിക്കയ്ക്ക് വിജയം അനിവാര്യമാണ്.

( Picture Source : BCCI )