മൊഹമ്മദ് അസ്റുദ്ദീന് ശേഷം ഇതാദ്യം, അപൂർവ്വനേട്ടം സ്വന്തമാക്കി കെ എൽ രാഹുൽ

സൗത്താഫ്രിക്കയ്ക്കെതിരായ ജോഹന്നാസ്ബർഗ് ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റനായി നിയമിക്കപ്പെട്ടതോടെ അപൂർവ്വനേട്ടം സ്വന്തമാക്കി കെ എൽ രാഹുൽ. വിരാട് കോഹ്ലിയ്ക്ക് പരിക്ക് പറ്റിയതോടെയാണ് കരിയറിൽ ആദ്യമായി ഇന്ത്യയെ നയിക്കാനുള്ള അവസരം കെ എൽ രാഹുലിന് ലഭിച്ചത്. ഇന്ത്യൻ ക്യാപ്റ്റനായുള്ള തൻ്റെ ആദ്യ മത്സരത്തോടെ അപൂർവ്വനേട്ടത്തിൽ ഇടംപിടിക്കുവാനും കെ എൽ രാഹുലിന് സാധിച്ചു.

( Picture Source : BCCI )

മത്സരത്തിൽ ക്യാപ്റ്റനായതോടെ മൊഹമ്മദ് അസഹറുദ്ദീന് ശേഷം ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ക്യാപ്റ്റനാകാതെ ടെസ്റ്റിൽ ഇന്ത്യയെ നയിക്കുന്ന രണ്ടാമത്തെ ക്യാപ്റ്റനെന്ന അപൂർവ്വ റെക്കോർഡ് കെ എൽ രാഹുൽ സ്വന്തമാക്കി. സൗത്താഫ്രിക്കൻ പര്യടനത്തിന് മുന്നോടിയായി അജിങ്ക്യ രഹാനെയെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്നും ഒഴിവാക്കി രോഹിത് ശർമ്മയെയാണ് ഇന്ത്യ വൈസ് ക്യാപ്റ്റനായി നിയമിച്ചത്. എന്നാൽ പരിക്ക് മൂലം രോഹിത് ശർമ്മയ്ക്ക് പര്യടനം നഷ്ടപെട്ടതിടെ തുടർന്ന് കെ എൽ രാഹുലിനെ ഇന്ത്യ വൈസ് ക്യാപ്റ്റനായി നിയമിക്കുകയായിരുന്നു.

( Picture Source : BCCI )

ഇതിനുമുൻപ് 2020 ൽ ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിനിടെ രോഹിത് ശർമ്മയ്ക്ക് പരിക്ക് പറ്റിയതിനെ തുടർന്ന് കെ എൽ രാഹുൽ ഇന്ത്യയെ നയിച്ചിരുന്നുവെങ്കിലും ഔദ്യോഗികമായി രോഹിത് ശർമ്മയായിരുന്നു ആ മത്സരത്തിൽ ഇന്ത്യയുടെ ക്യാപ്റ്റൻ. ടെസ്റ്റ് പരമ്പയ്ക്ക് ശേഷം നടക്കുന്ന ഏകദിന പരമ്പരയിലും കെ എൽ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയാണ് ഏകദിന പരമ്പരയിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ.

( Picture Source : BCCI )

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ഹനുമാ വിഹാരിയെയാണ് കോഹ്ലിയ്ക്ക് പകരക്കാരനായി ഇന്ത്യ ടീമിൽ ഉൾപെടുത്തിയിരിക്കുന്നത്. ഈ മത്സരത്തിൽ വിജയിക്കുവാൻ സാധിച്ചാൽ സൗത്താഫ്രിക്കയിലെ തങ്ങളുടെ ആദ്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കുവാൻ ഇന്ത്യയ്ക്ക് സാധിക്കും. നേരത്തെ സെഞ്ചൂറിയനിൽ നടന്ന മത്സരത്തിൽ ആതിഥേയരെ 113 റൺസിന് ഇന്ത്യ പരാജയപെടുത്തിയിരുന്നു.

( Picture Source : BCCI )