Skip to content

രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം, വിജയിച്ചാൽ വമ്പൻ നേട്ടത്തിൽ പോണ്ടിങിനെ പിന്നിലാക്കാം

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. മത്സരത്തിൽ വിജയിക്കാൻ സാധിച്ചാൽ മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങിനെ പിന്നിലാക്കി ഈ വമ്പൻ ക്യാപ്റ്റൻസി റെക്കോർഡ് സ്വന്തമാക്കുവാൻ കോഹ്ലിയ്ക്ക് സാധിക്കും.

സെഞ്ചൂറിയനിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ 113 റൺസിൻ്റെ ചരിത്രവിജയം നേടിയിരുന്നു. ഈ വേദിയിൽ വിജയം നേടുന്ന ആദ്യ ഏഷ്യൻ ടീമെന്ന റെക്കോർഡും ഇന്ത്യ സ്വന്തമാക്കിയിരുന്നു. മറുഭാഗത്ത് രണ്ടാം മത്സരം നടക്കുന്ന ജോഹന്നാസ്ബർഗിൽ മികച്ച റെക്കോർഡാണ് ഇന്ത്യയ്ക്കുള്ളത്. ഈ വേദിയിൽ അഞ്ച് ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള ഇന്ത്യ ഇതുവരെയും പരാജയപെട്ടിട്ടില്ല. അഞ്ചിൽ മൂന്ന് മത്സരങ്ങൾ സമനിലയിൽ കലാശിച്ചപ്പോൾ രണ്ട് മത്സരങ്ങളിൽ വിജയിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. 2006 ൽ രാഹുൽ ദ്രാവിഡിൻ്റെ കീഴിലും കഴിഞ്ഞ പര്യടനത്തിൽ കോഹ്ലിയുടെ കീഴിലുമാണ് ഇതിനുമുൻപ് ഇന്ത്യ ജോഹന്നാസ്ബർഗിൽ വിജയം നേടിയത്.

ജോഹന്നസ്ബർഗിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ സാധിച്ചാൽ ടെസ്റ്റിൽ സൗത്താഫ്രിക്കയ്ക്കെതിരെ ഏറ്റവും കൂടുതൽ വിജയം നേടുന്ന ക്യാപ്റ്റനെന്ന റെക്കോർഡ് സ്വന്തമാക്കാൻ കോഹ്ലിയ്ക്ക് സാധിക്കും.സൗത്താഫ്രിക്കയ്ക്കെതിരെ ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിജയം നേടിയ ക്യാപ്റ്റനെന്ന നേട്ടത്തിൽ നിലവിൽ മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങിനൊപ്പമാണ് കോഹ്ലിയുള്ളത്. നിലവിൽ കോഹ്ലിയുടെ കീഴിൽ എട്ട് ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യ സൗത്താഫ്രിക്കയെ പരാജയപെടുത്തിയിട്ടുണ്ട്.

കൂടാതെ മത്സരത്തിൽ വിജയിക്കാൻ സാധിച്ചാൽ ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിജയം നേടിയ ക്യാപ്റ്റന്മാരുടെ പട്ടികയിൽ ഓസ്ട്രേലിയൻ ഇതിഹാസം സ്റ്റീവ് വോയ്ക്ക് ഒപ്പമെത്തുവാനും കോഹ്ലിയ്ക്ക് സാധിക്കും.

ഇതുവരെ ടെസ്റ്റ് ക്രിക്കറ്റിൽ 40 വിജയം ക്യാപ്റ്റനെന്ന നിലയിൽ കോഹ്ലി നേടിയിട്ടുണ്ട്. 41 വിജയത്തോടെ ഈ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് സ്റ്റീവ് വോയുള്ളത്. 53 വിജയം നേടിയ മുൻ സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ഗ്രെയിം സ്മിത്തും 48 വിജയം നേടിയ മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങുമാണ് ഈ പട്ടികയിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.