മറ്റുള്ളവരേക്കാൾ പിന്തുണ എം എസ് ധോണിയ്ക്ക് ലഭിച്ചിരുന്നു, ബിസിസിഐയ്ക്കെതിരെ ആരോപണവുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്

ഇന്ത്യൻ ടീമിൽ നിന്നും തന്നെ പുറത്താക്കിയതിൽ ചില ബിസിസിഐ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന ആരോപണവുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. വേണ്ടത്ര പിന്തുണ തനിക്കോ സെവാഗ്, രാഹുൽ ദ്രാവിഡ് അടക്കമുള്ള താരങ്ങൾക്കോ ബിസിസിഐ നൽകിയിരുന്നില്ലയെന്നും തന്നെ പുറത്താക്കിയ തീരുമാനം ധോണിയും പിന്തുണച്ചുവെന്നും അടുത്തിടെ നടന്ന അഭിമുഖത്തിൽ ഹർഭജൻ സിങ് ആരോപിച്ചു.

കഴിഞ്ഞ മാസമാണ് ക്രിക്കറ്റിൽ നിന്നും ഹർഭജൻ സിങ് വിരമിച്ചത്. 1998 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഹർഭജൻ 2015 ലാണ് അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്.

” ഭാഗ്യം എപ്പോഴും എനിക്ക് അനുകൂലമായിരുന്നു, എന്നാൽ ചില ബാഹ്യഘടകങ്ങൾ എൻ്റെ പക്ഷത്തുണ്ടായിരുന്നില്ല. ഒരുപക്ഷേ അവർ പൂർണമായും എനിക്കെതിരായിരുന്നിരിക്കാം. ടെസ്റ്റിൽ 400 വിക്കറ്റ് നേടുമ്പോൾ എനിക്ക് 31 വയസായിരുന്നു പ്രായം. നാലോ അഞ്ചോ വർഷം കൂടെ കളിക്കാൻ സാധിച്ചിരുന്നുവെങ്കിൽ 100-150 അല്ലെങ്കിൽ അതിൽ കൂടുതൽ വിക്കറ്റ് നേടുവാൻ എനിക്ക് സാധിക്കുമായിരുന്നു. ” ഹർഭജൻ സിങ് പറഞ്ഞു.

” അതെ അന്ന് എം എസ് ധോണിയായിരുന്നു ക്യാപ്റ്റൻ. പക്ഷേ ഇത് ധോണിയുടെ അധികാരപരിധിയ്ക്ക് മുകളിലായിരുന്നുവെന്ന് ഞാൻ കരുതുന്നു. ബിസിസിഐ ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കുണ്ട്, അവർക്കെന്നെ ടീമിൽ നിന്നും ഒഴിവാക്കണമായിരുന്നു. ഒരുപക്ഷേ ക്യാപ്റ്റൻ ആ തീരുമാനത്തെ പിന്തുണച്ചിരിക്കാം. ക്യാപ്റ്റൻ ഒരിക്കലും ബിസിസിഐയ്ക്ക് മുകളിലല്ല, ബിസിസിഐ ഒഫീഷ്യൽസ് എപ്പോഴും ക്യാപ്റ്റനേക്കാളും കോച്ചിനേക്കാളും ഒരുപക്ഷേ ടീമിനേക്കാളും വലുതാണ്. ”

” മറ്റ് കളിക്കാരെ അപേക്ഷിച്ച് ധോണിയ്ക്ക് കൂടുതൽ പിന്തുണ ലഭിച്ചിരുന്നു. സമാനമായ പിന്തുണ ബാക്കി കളിക്കാർക്കും ലഭിച്ചിരുന്നുവെങ്കിൽ അവർക്കും തുടർന്ന് കളിക്കുവാൻ സാധിക്കുമായിരുന്നു. വി വി എസ് ലക്ഷ്മൺ, വീരു, രാഹുൽ ദ്രാവിഡ് പിന്നീട് വിരമിച്ച ആർക്കും തന്നെ അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ” ഹർഭജൻ സിങ് കൂട്ടിചേർത്തു.