ഇത് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വർഷങ്ങളിലൊന്ന്, സെഞ്ചൂറിയൻ ടെസ്റ്റിലെ തകർപ്പൻ വിജയത്തോട് പ്രതികരിച്ച് കെ എൽ രാഹുൽ

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വർഷങ്ങളിലൊന്നാണ് ഈ വർഷമെന്ന് ഇന്ത്യൻ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ. സെഞ്ചൂറിയൻ ടെസ്റ്റിലെ ഇന്ത്യയുടെ ചരിത്ര വിജയത്തിനെ കുറിച്ച പ്രതികരിക്കവെയാണ് 2021 ഇന്ത്യയുടെ ഏറ്റവും മികച്ച വർഷങ്ങളിലൊന്നായി കെ എൽ രാഹുൽ വിശേഷിപ്പിച്ചത്.

( Picture Source : BCCI )

ചരിത്രവിജയമാണ് സെഞ്ചൂറിയനിൽ ഇന്ത്യ കുറിച്ചത്. സെഞ്ചൂറിയനിൽ ഒരു ടെസ്റ്റ് മത്സരത്തിൽ വിജയിക്കുന്ന ആദ്യ ഏഷ്യൻ ടീമെന്ന റെക്കോർഡ് 113 റൺസിൻ്റെ വിജയത്തോടെ ഇന്ത്യ സ്വന്തമാക്കി. ഈ വർഷം തുടക്കത്തിൽ ഓസ്ട്രേലിയയുടെ വിജയക്കോട്ടയായ ഗാബയിൽ ഇന്ത്യൻ ടീം വിജയം നേടിയിരുന്നു. നീണ്ട 32 വർഷങ്ങൾക്ക് ശേഷം ഗാബയിൽ ഓസ്ട്രേലിയ പരാജയപെട്ടത്. തുടർന്ന് ഇംഗ്ലണ്ട് പര്യടനത്തിൽ ലോർഡ്സിൽ വിജയം കുറിച്ച ഇന്ത്യ ഓവലിൽ നീണ്ട 50 വർഷങ്ങൾക്ക് ശേഷം വിജയം കുറിക്കുകയും ചെയ്തു.

( Picture Source : BCCI )

” ഈ സെഞ്ചുറി നേടാനും എൻ്റെ ടീമിനെ വിജയത്തിലെത്തിക്കാനും ഒരുപാട് ധൈര്യവും നിശ്ചയദാഢ്യവും അച്ചടക്കവും ആവശ്യമായിരുന്നു. മത്സരത്തിലെ സാഹചര്യങ്ങളും വിക്കറ്റും വെല്ലുവിളി നിറഞ്ഞതായിരുന്നു, അതുകൊണ്ട് തന്നെ ടെസ്റ്റ് കരിയറിലെ എൻ്റെ സെഞ്ചുറികളിൽ മുൻപന്തിയിൽ തന്നെ ഈ സെഞ്ചുറിയുണ്ടാകും. ”

( Picture Source : BCCI )

” ഇന്ത്യൻ ടീമിനെ സംബന്ധിച്ച് ഈ വർഷം വളരെ സ്പെഷ്യലായിരുന്നു. ഈ വർഷം ഞങ്ങൾ നേടിയ നേട്ടങ്ങൾ വിലമതിക്കാനാകാത്തതാണ്, ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വർഷങ്ങളിലൊന്നായി ഇത് മാറും. പ്രത്യേകിച്ചും ടെസ്റ്റ് ക്രിക്കറ്റിൽ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഒരു ടീമെന്ന നിലയിൽ വളരെയധികം ഞങ്ങൾ അധ്വാനിച്ചു. അതിൻ്റെ ഫലം കാണുവാൻ തുടങ്ങിയതിൽ അതിയായ സന്തോഷമുണ്ട്. ” കെ എൽ രാഹുൽ പറഞ്ഞു.

( Picture Source : BCCI )

” ഡ്രസിങ് റൂമിൽ ഇപ്പോൾ ആഘോഷങ്ങൾ നടക്കുകയാണ്, തീർച്ചയായും ഇത് വലിയൊരു വിജയമാണ്, ഒരു ഏഷ്യൻ ടീമിനും ഇതുവരെയും സെഞ്ചൂറിയനിൽ വിജയിക്കാൻ സാധിച്ചിട്ടില്ല. പരമ്പരയിലെ ആദ്യ മത്സരത്തിൽ തന്നെ ഇത്തരത്തിലൊരു പ്രകടനം പുറത്തെടുക്കാനും വിജയിക്കാനും സാധിച്ചത് ഞങ്ങൾക്ക് ഒരുപാട് ആത്മവിശ്വാസം നൽകും. ഈ വിജയം ഒരു ദിവസത്തേക്ക് ആസ്വദിച്ച് അടുത്ത മത്സരത്തിനായി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ” കെ എൽ രാഹുൽ കൂട്ടിചേർത്തു.

( Picture Source : BCCI )