Skip to content

സെഞ്ചൂറിയൻ ടെസ്റ്റിലെ തകർപ്പൻ വിജയം, ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

സൗത്താഫ്രിക്കയ്ക്കെതിരായ സെഞ്ചൂറിയൻ ടെസ്റ്റിലെ തകർപ്പൻ വിജയത്തോടെ ചരിത്രനേട്ടം കുറിച്ച ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. 113 റൺസിനായിരുന്നു മത്സരത്തിൽ ഇന്ത്യ സൗത്താഫ്രിക്കയെ പരാജയപെടുത്തിയത്. മത്സരത്തിലെ വിജയത്തോടെ മറ്റൊരു ഏഷ്യൻ ക്യാപ്റ്റനും നേടാൻ സാധിക്കാത്ത റെക്കോർഡാണ് കിങ് കോഹ്ലി സ്വന്തമാക്കിയിരിക്കുന്നത്.

( Picture Source : BCCI )

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 305 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന സൗത്താഫ്രിക്കയ്ക്ക് 191 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ടമായി. ഇന്ത്യയ്ക്ക് വേണ്ടി മൊഹമ്മദ് ഷാമി, ബുംറ എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടിയപ്പോൾ മൊഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. സൗത്താഫ്രിക്കയിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ നേടുന്ന നാലാമത്തെ വിജയമാണിത്. ഇതിനുമുൻപ് 2007 ൽ രാഹുൽ ദ്രാവിഡിന് കീഴിൽ ജോഹന്നാസ്ബർഗിൽ 123 റൺസിനും 2011 ൽ ഡർബനിൽ എം എസ് ധോണിയുടെ കീഴിൽ 87 റൺസിനും 2018 ൽ വിരാട് കോഹ്ലിയുടെ കീഴിൽ ജോഹന്നാസ്ബർഗിൽ 63 റൺസിനും ഇന്ത്യ സൗത്താഫ്രിക്കയെ പരാജയപെടുത്തിയിരുന്നു.

( Picture Source : BCCI )

മത്സരത്തിലെ വിജയത്തോടെ സെഞ്ചൂറിയനിൽ സൗത്താഫ്രിക്കയെ പരാജയപെടുത്തുന്ന ആദ്യ ഏഷ്യൻ ക്യാപ്റ്റനെന്ന റെക്കോഡ് വിരാട് കോഹ്ലി സ്വന്തമാക്കി. ഇതിനുമുൻപ് മറ്റൊരു ഏഷ്യൻ ക്യാപ്റ്റനും സൗത്താഫ്രിക്കയെ സെഞ്ചൂറിയനിൽ പരാജയപെടുത്താൻ സാധിച്ചിട്ടില്ല. ഇതിനുമുൻപ് 2014 ൽ ഓസ്ട്രേലിയക്കെതിരെയും 2000 ൽ ഇംഗ്ലണ്ടിനെതിരെയുമാണ് സൗത്താഫ്രിക്ക സെഞ്ചൂറിയനിൽ പരാജയപെട്ടിട്ടുള്ളത്. മൈക്കൽ ക്ലാർക്കായിരുന്നു സെഞ്ചൂറിയനിൽ അന്ന് വിജയിച്ച ഓസ്ട്രേലിയൻ ടീമിൻ്റെ ക്യാപ്റ്റൻ. നാസർ ഹുസൈനായിരുന്നു 2000 ൽ സെഞ്ചൂറിയൻ ടെസ്റ്റിൽ വിജയിച്ച ഇംഗ്ലണ്ട് ടീമിൻ്റെ ക്യാപ്റ്റൻ.

( Picture Source : BCCI )

മത്സരത്തിലെ വിജയത്തോടെ രണ്ട് ബോക്സിങ് ഡേ ടെസ്റ്റുകളിൽ വിജയിക്കുന്ന ആദ്യ ഏഷ്യൻ ക്യാപ്റ്റനെന്ന റെക്കോർഡും വിരാട് കോഹ്ലി സ്വന്തമാക്കി. നേരത്തെ 2018 ലെ ഓസ്ട്രേലിയൻ പര്യടത്തിൽ മെൽബണിൽ നടന്ന ബോക്സിങ് ഡേ ടെസ്റ്റിലും കോഹ്ലിയുടെ കീഴിൽ ഇന്ത്യ വിജയിച്ചിരുന്നു.

( Picture Source : BCCI )

ടെസ്റ്റ് ക്രിക്കറ്റിൽ കോഹ്ലിയുടെ കീഴിൽ ഇന്ത്യ നേടുന്ന 40 ആം വിജയമാണിത്. ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിജയം നേടിയവരുടെ പട്ടികയിൽ നിലവിൽ നാലാം സ്ഥാനത്താണ് കോഹ്ലിയുള്ളത്. 41 വിജയം നേടിയ സ്റ്റീവ് വോ, 48 വിജയം നേടിയ റിക്കി പോണ്ടിങ്, 53 മത്സരങ്ങളിൽ സൗത്താഫ്രിക്കയെ വിജയത്തിലെത്തിച്ച ഗ്രെയിം സ്മിത്ത് എന്നിവരാണ് ഇനി കോഹ്ലിയ്ക്ക് മുൻപിലുള്ളത്.