ഐസിസി ടെസ്റ്റ് റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി ഓസ്ട്രേലിയൻ യുവതാരം മാർനസ് ലാബുഷെയ്ൻ, പിന്നിലാക്കിയത് ജോ റൂട്ടിനെ

ആഷസ് പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി ഓസ്ട്രേലിയൻ യുവ ബാറ്റ്സ്മാൻ മാർനസ് ലാബുഷെയ്ൻ. ഓസ്ട്രേലിയ 275 റൺസിന് വിജയിച്ച അഡ്ലെയ്ഡ് ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ സെഞ്ചുറിയും രണ്ടാം ഇന്നിങ്സിൽ ഫിഫ്റ്റിയും ലാബുഷെയ്ൻ നേടിയിരുന്നു.

( Picture Source : Twitter )

ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിനെ പിന്നിലാക്കിയാണ് ലാബുഷെയ്ൻ ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. ആഷസ് പരമ്പരയ്ക്ക് മുൻപ് ജോ റൂട്ട്, സ്റ്റീവ് സ്മിത്ത്, കെയ്ൻ വില്യംസൺ എന്നിവർക്ക് പുറകിൽ നാലാം സ്ഥാനത്തായിരുന്നു ലാബുഷെയ്ൻ ഉണ്ടായിരുന്നത്. ആദ്യ ടെസ്റ്റിലെ മികച്ച പ്രകടത്തോടെ വില്യംസണെയും സ്മിത്തിനെയും പിന്നിലായി ലാബുഷെയ്ൻ രണ്ടാം സ്ഥാനത്തെത്തിയിരുന്നു.

( Picture Source : Twitter )

അഞ്ചാം സ്ഥാനത്തുള്ള രോഹിത് ശർമ്മയാണ് റാങ്കിങിൽ ഏറ്റവും മുൻപിലുള്ള ഇന്ത്യൻ താരം. ടെസ്റ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലി റാങ്കിങിൽ ഏഴാം സ്ഥാനത്താണുള്ളത്.

( Picture Source : Twitter )

ടെസ്റ്റിൽ ഓസ്ട്രേലിയക്കായി 20 മത്സരങ്ങൾ കളിച്ചിട്ടുള്ള ലാബുഷെയ്ൻ 62.15 ശരാശരിയിൽ 6 സെഞ്ചുറിയും 12 ഫിഫ്റ്റിയുമടക്കം 2113 റൺസ് ഇതിനോടകം നേടിയിട്ടുണ്ട്. ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് നേടിയ അഞ്ചാമത്തെ താരം കൂടിയാണ് ലാബുഷെയ്ൻ.

ബൗളർമാരുടെ റാങ്കിങിൽ കമ്മിൻസ് ഒന്നാം സ്ഥാനവും അശ്വിൻ രണ്ടാം സ്ഥാനവും നിലനിർത്തിയപ്പോൾ അഡ്ലെയ്ഡ് ടെസ്റ്റിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക് നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി റാങ്കിങിൽ ഒമ്പതാം സ്ഥാനത്തെത്തി. മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ നാല് വിക്കറ്റും രണ്ടാം ഇന്നിങ്സിൽ രണ്ട് വിക്കറ്റും സ്റ്റാർക്ക് നേടിയിരുന്നു. മത്സരത്തിലെ പ്രകടനത്തോടെ ഡേ നൈറ്റ് ടെസ്റ്റിൽ 50 വിക്കറ്റ് നേടുന്ന ആദ്യ ബൗളറെന്ന നേട്ടവും സ്റ്റാർക്ക് സ്വന്തമാക്കിയിരുന്നു.

( Picture Source : Twitter )