Skip to content

രാഹുൽ ദ്രാവിഡിൻ്റെ കാലത്ത് ഇന്ത്യ തോൽക്കാതിരിക്കാനാണ് ശ്രമിച്ചിരുന്നത്, കോഹ്ലിയുടെ ലക്ഷ്യം വിജയം മാത്രമാണ്, കോഹ്ലിയുടെ ബാല്യകാലകോച്ച്

രാഹുൽ ദ്രാവിഡിൻ്റെ കാലത്ത് ഇന്ത്യൻ ടീം വിദേശടെസ്റ്റുകളിൽ വിജയിക്കാനല്ല നോക്കിയിരുന്നതെന്ന് വിരാട് കോഹ്ലിയുടെ ബാല്യകാല കോച്ച് രാജ്കുമാർ ശർമ്മ. എന്നാൽ മറുഭാഗത്ത് വിദേശത്ത് വിജയിക്കുക മാത്രമാണ് കോഹ്ലിയുടെ ലക്ഷ്യമെന്നും അടുത്തിടെ നടന്ന അഭിമുഖത്തിൽ രാജ്കുമാർ ശർമ്മ പറഞ്ഞു.

വിദേശത്ത് ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ വിജയത്തിലെത്തിച്ചിട്ടുള്ള ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ്. കോഹ്ലിയുടെ കീഴിൽ വിദേശത്ത് 15 ടെസ്റ്റിൽ ഇന്ത്യ വിജയിച്ചിട്ടുണ്ട്. വിദേശത്ത് 11 വിജയം നേടിയിട്ടുള്ള സൗരവ് ഗാംഗുലിയാണ് കോഹ്ലിയ്ക്ക് പുറകിലുള്ളത്. ചരിത്രത്തിൽ ആദ്യമായി ഇന്ത്യ ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര നേടിയതും കോഹ്ലിയുടെ കീഴിലാണ്.

” രാഹുൽ ദ്രാവിഡ് കളിക്കുന്ന കാലത്ത് ഇന്ത്യൻ ടീമിന് പ്രതിരോധ മനോഭാവമാണ് ഉണ്ടായിരുന്നത്. ടെസ്റ്റ് പരമ്പരയ്ക്കായി വിദേശത്ത് പോയപ്പോഴെല്ലാം പരമ്പരയിൽ പരാജയപെടാതിരിക്കാൻ മാത്രമാണ് അവർ ശ്രമിച്ചത്. എന്നാൽ വിജയം മാത്രമാണ് കോഹ്ലിയുടെ ലക്ഷ്യം അതുകൊണ്ടാണ് അവൻ അഞ്ച് ബൗളർമാരുമായി കളിക്കാൻ ഇറങ്ങുന്നത്. ” രാജ്കുമാർ ശർമ്മ പറഞ്ഞു.

കോച്ചിൻ്റെ ജോലിയെന്നത് തന്ത്രങ്ങൾ മാത്രമാണെന്നും ടീമിന് നയിക്കേണ്ടത് ക്യാപ്റ്റൻ്റെ ജോലിയാണെന്നും ഗ്രെഗ് ചാപ്പൽ കോച്ചായിരിക്കെ രാഹുൽ ദ്രാവിഡ് ടീമിൻ്റെ ഭാഗമായതതിനാൽ എന്തൊക്കെയാണ് കോച്ചിൻ്റെ ജോലിയെന്ന് ദ്രാവിഡിന് നന്നായി അറിയാമെന്നും കോഹ്ലിയുടെ ബാല്യകാല കോച്ച് പറഞ്ഞു.

” ഗ്രെഗ് ചാപ്പൽ വിവാദം രാഹുൽ ദ്രാവിഡ് കണ്ടിട്ടുള്ളതാണ്, അതുകൊണ്ട് തന്നെ എന്താണ് കോച്ചിൻ്റെ ജോലിയെന്ന് ദ്രാവിഡിന് കൃത്യമായി അറിയാം. അദ്ദേഹത്തിൻ്റെ ജോലിയെന്നത് തന്ത്രങ്ങൾ മെനയുകയും യുവതാരങ്ങളെ വളർത്തിയെടുക്കുകയുമാണ്. ആത്യന്തികമായി ടീമിനെ നയിക്കേണ്ടത് ക്യാപ്റ്റനാണ് ” രാജ്കുമാർ ശർമ്മ കൂട്ടിച്ചേർത്തു.