രോഹിത് ശർമ്മയുമായി പ്രശ്നങ്ങളുണ്ടോ, പ്രതികരിച്ച് ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി
ഇന്ത്യൻ ഓപ്പണറും ലിമിറ്റഡ് ഓവർ ടീം ക്യാപ്റ്റനുമായ രോഹിത് ശർമ്മയുമായി തനിക്ക് യാതൊരു പ്രശ്നങ്ങളുമില്ലെന്ന് ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി. കഴിഞ്ഞ മൂന്നോ നാലോ വർഷങ്ങളായി രോഹിത് ശർമ്മയും വിരാട് കോഹ്ലിയും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങൾ ക്രിക്കറ്റ് ലോകത്ത് സജീവമായിരുന്നു. ഒരിടയ്ക്ക് അതിന് ശമനം വന്നുവെങ്കിലും ഏകദിന ക്യാപ്റ്റൻ സ്ഥാനത്തുനിന്നും വിരാട് കോഹ്ലിയെ ഒഴിവാക്കി ബിസിസിഐ രോഹിത് ശർമ്മയെ ക്യാപ്റ്റനാക്കിയതിന് പുറകെ ഈ അഭ്യൂഹങ്ങൾ വീണ്ടും സജീവമാവുകയായിരുന്നു.

പരിക്ക് മൂലം സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്നും രോഹിത് ശർമ്മ പുറത്തായതിന് പുറകെ വിരാട് കോഹ്ലി ഏകദിന പരമ്പരയിൽ നിന്നും പിന്മാറിയെന്ന റിപ്പോർട്ടുകളും അതിനിടെ പുറത്തുവന്നിരുന്നു. എന്നെ ഈ വാർത്തകൾ നിഷേധിച്ച വിരാട് കോഹ്ലി താൻ ഏകദിന പരമ്പരയിൽ സെലക്ഷന് ലഭ്യമാണെന്നും ഇടവേള ആവശ്യപ്പെട്ടുവെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും പ്രസ്സ് കോൺഫറൻസിൽ വ്യക്തമാക്കി.

” ഞാനും രോഹിത് ശർമ്മയുമായി യാതൊരു പ്രശ്നങ്ങളുമില്ല. ഇതിനെ കുറിച്ച് കഴിഞ്ഞ രണ്ടര വർഷമായി ഞാൻ ഒരുപാട് തവണ വിശദീകരിച്ചതാണ്. ഈ കാര്യങ്ങൾ പറഞ്ഞ് എനിക്ക് മടുത്തു. ടീമിനെ തകർച്ചയിലേക്ക് നയിക്കുന്ന യാതൊന്നും എൻ്റെ ഭാഗത്തുനിന്നും ഉണ്ടാവില്ല. ഇന്ത്യൻ ക്രിക്കറ്റിനോടുള്ള എൻ്റെ കാഴ്ചപ്പാടും പ്രതിബദ്ധതയും ഇതാണ്. ”

” ടീമിനെ ശരിയായ ദിശയിലേക്ക് നയിക്കുകയെന്നതാണ് എൻ്റെ ഉത്തരവാദിത്വം. ക്യാപ്റ്റനാവുന്നതിന് മുൻപും ഞാൻ ചെയ്യാൻ ആഗ്രഹിച്ച കാര്യമിതാണ്. അതുകൊണ്ട് തന്നെ എൻ്റെ ഈ ചിന്താഗതി മാറിയിട്ടില്ല, അതൊരിക്കലും മാറുകയുമില്ല. രോഹിത് വളരെ കഴിവുള്ള ക്യാപ്റ്റനാണ്. തന്ത്രപരമായി കഴിവുകൾ അവനുണ്ട്. ഐ പി എല്ലിലും ഇന്ത്യയെ നയിച്ച മത്സരങ്ങളിലും അത് നമ്മൾ കണ്ടതാണ്. അതിനൊപ്പം മികച്ച കോച്ചും മാനേജറുമായ രാഹുൽ ദ്രാവിഡും ടീമിനുണ്ട്. അവർ ടീമിന് വേണ്ടി തയ്യാറാക്കുന്ന ഏതൊരു കാഴ്ച്ചപ്പാടിലും എൻ്റെ പൂർണ്ണമായ പിന്തുണയും സംഭാവനയുമുണ്ടാകും. ” കോഹ്ലി പറഞ്ഞു.

രോഹിത് ശർമ്മയുടെ എക്സ്പീരിയൻസ് ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ മിസ്സ് ചെയ്യുമെന്നും ഇംഗ്ലണ്ടിലടക്കം മികച്ച പ്രകടനമാണ് രോഹിത് ശർമ്മ പുറത്തെടുത്തതെന്നും വിരാട് കോഹ്ലി കൂട്ടിച്ചേർത്തു. ഡിസംബർ 26 നാണ് ഇന്ത്യയുടെ സൗത്താഫ്രിക്കൻ പര്യടനം ആരംഭിക്കുന്നത്. മൂന്ന് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളുമാണ് പര്യടനത്തിലുള്ളത്.
